
ഷാര്‍ജ: തനിക്ക് ഒരു അറിവുമില്ലാത്ത ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ യുവതിക്ക് കിട്ടിയത് 95,000 ദിര്‍ഹത്തിന്റെ (ഏകദേശം 17 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ. പല തവണയായി നടത്തിയ നിയമലംഘനങ്ങളുടെ പിഴ ശിക്ഷയായി ഇത്രയും തുക അടയ്ക്കണമെന്ന എസ്എംഎസ് സന്ദേശം ലഭിച്ചപ്പോള്‍ മാത്രമാണ് ഷാര്‍ജയില്‍ താമസിക്കുന്ന യുവതി കാര്യം അറിഞ്ഞത്.
തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്നറിയാന്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‍മെന്റിനെ സമീപിച്ചപ്പോഴാണ് ചതിച്ചത് സ്വന്തം ബന്ധു തന്നെയെന്ന് മനസിലായത്. സഹോദരിയുടെ ഭര്‍ത്താവ് തന്രെ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യുവതിയുടെ പേരിലായിരുന്നു. തന്റെ അനുമതിയില്ലാതെയാണ് ഇത് ചെയ്തതെന്നും വിവരം താന്‍ അപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും പറഞ്ഞ യുവതി ഇയാള്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
നിയമലംഘനങ്ങളെല്ലാം നടത്തിയ ഇയാള്‍, കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തന്റെ പേരിലാണെന്ന് ഇതുവരെ അറിയിച്ചിരുന്നില്ലെന്ന് യുവതി കോടതിയില്‍ പറഞ്ഞു. ഫൈനുകള്‍ അടച്ച് തീര്‍ത്ത് പ്രശ്നം പരിഹരിക്കണമെന്ന് ഇയാളോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പിഴയടയ്ക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച പ്രതി, വാഹനം യുവതി തന്നെയാണ് സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് കോടതിയില്‍ വാദിച്ചത്. രജിസ്റ്റര്‍ ചെയ്തപ്പോഴുള്ള രസീതുകളും ഇയാള്‍ കോടതിയില്‍ ഹാജരാക്കി. കേസില്‍ സാക്ഷികളുടെ മൊഴികൂടി കേള്‍ക്കേണ്ടതുള്ളതിനാല്‍ കേസ് ഏപ്രില്‍ എട്ടിലേക്ക് കോടതി മാറ്റിവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam