യുഎഇയില്‍ ജോലിക്കിടെ ക്രെയിന്‍ തകര്‍ന്നുവീണ് പ്രവാസി മരിച്ചു

By Web TeamFirst Published Nov 6, 2019, 12:30 PM IST
Highlights

തകരാറിലായ ഒരു കാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ 12ലെ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. 

ഷാര്‍ജ: ജോലിയ്ക്കിടെ ക്രെയിന്‍ തകര്‍ന്നുവീണ് 30 വയസുകാരന്‍ മരിച്ചു. ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 12ലായിരുന്നു സംഭവം. റിക്കവറി വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ക്രെയിനിന്റെ ഒരു ഭാഗമാണ് തൊഴിലാളിയുടെ ശരീരത്തിലേക്ക് വീണത്. സംഭവസ്ഥലത്തുവെച്ചതന്നെ ഇയാള്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുലര്‍ച്ചെയാണ് അപകടം സംബന്ധിച്ച് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. പിന്നാലെ ആംബുലന്‍സ്, ട്രാഫിക് പൊലീസ് സംഘങ്ങളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത് കുതിച്ചെത്തി. ഉടന്‍ തന്നെ തൊഴിലാളിയെ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

തകരാറിലായ ഒരു കാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ 12ലെ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തൊഴിലാളികളിലൊരാള്‍ കാറിന്റെ മുന്‍വശത്ത് കയര്‍ കെട്ടിയശേഷം അത് റിക്കവറി വാഹനത്തിലെ ക്രെയിനുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കയര്‍ പൊട്ടുകയും ക്രെയിനിന്റെ ഒരു ഭാഗം തൊഴിലാളിയുടെ ശരീരത്തിലേക്ക് പതിക്കുകയായുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച തൊഴിലാളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 

click me!