പ്ലേ സ്റ്റോറില്‍ ഇല്ലെങ്കിലും യുഎഇയില്‍ ടോടോക്ക് ഉപയോഗിക്കാം; ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ഇങ്ങനെ...

Published : Dec 23, 2019, 09:06 PM IST
പ്ലേ സ്റ്റോറില്‍ ഇല്ലെങ്കിലും യുഎഇയില്‍ ടോടോക്ക് ഉപയോഗിക്കാം; ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ഇങ്ങനെ...

Synopsis

ആപ്പിള്‍ ആപ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ടോടോക്ക് സര്‍ച്ച് ചെയ്യുമ്പോള്‍, ഇപ്പോള്‍ ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. ഇന്നാല്‍ ഇത് ചില സാങ്കേതിക തകരാറുകള്‍ മാത്രമാണെന്നാണ് ടോടോക്ക് അറിയിച്ചത്. 

ദുബായ്: സൗജന്യമായി വോയിസ്-വീഡിയോ കോള്‍ സേവനങ്ങള്‍ നല്‍കിയിരുന്ന ടോടോക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ യുഎഇയില്‍ തുടര്‍ന്നും ഉപയോഗിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും കഴിഞ്ഞ ദിവസം ആപ്ലിക്കേഷന്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നവര്‍ക്ക് ഇപ്പോഴും ടോടോക്ക് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. പ്രത്യേക സബ്‍സ്ക്രിപ്ഷന്‍ പ്ലാനുകളില്ലാതെ ഇന്റര്‍നെറ്റ് വഴി സൗജന്യമായി നാട്ടിലേക്ക് വിളിക്കാന്‍ സഹായിച്ചിരുന്ന ടോടോക്ക് അടുത്തകാലത്താണ് പ്രവാസികള്‍ക്കിടയില്‍ തരംഗമായത്.

ആപ്പിള്‍ ആപ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ടോടോക്ക് സര്‍ച്ച് ചെയ്യുമ്പോള്‍, ഇപ്പോള്‍ ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. ഇന്നാല്‍ ഇത് ചില സാങ്കേതിക തകരാറുകള്‍ മാത്രമാണെന്നാണ് ടോടോക്ക് അറിയിച്ചത്. ഇക്കാര്യം ഗൂഗിളിന്റെയും ആപ്പിളിന്റെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

അതേസമയം തന്നെ സാംസങ്, ഹുവാവേ, ഷവോമി, ഒപ്പോ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതത് കമ്പനികളുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടോടോക്ക് ഡൗണ്‍ലോഡ് ചെയ്യാം. മറ്റ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ടോടോക്ക് വെബ്‍സൈറ്റില്‍ നിന്നും ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്കാലികമായി സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ടോടോക്കിന് പരിഷ്കരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

മികച്ച വോയിസ്, വീഡിയോ ക്ലാരിറ്റിയോടെയുള്ള കോള്‍ സംവിധാനങ്ങള്‍ വളരെ വേഗത്തിലാണ് ടോടോക്കിന് പ്രവാസികള്‍ക്ക് പ്രിയങ്കരമാക്കിയത്. പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വി.പി.എന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്ക്കാതെയും വീഡിയോ കോള്‍ ചെയ്യാനാവുമെന്നതാണ് ടോടോക്കിന്റെ സവിശേഷത. മെസേജ് ചെയ്യാനും 20 പേര്‍ വരെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് കോളുകള്‍ക്കും ഇതില്‍ സൗകര്യമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ടോടോക്ക് യുഎഇയില്‍ ലഭ്യമായിത്തുടങ്ങിയപ്പോള്‍ തന്നെ പലരും, അതുവരെ പണം നല്‍കി ഉപയോഗിച്ചിരുന്ന മറ്റ് ആപുകള്‍ ഒഴിവാക്കാന്‍ തുടങ്ങി. 

കുറഞ്ഞത് 50 ദിര്‍ഹം സബ്സ്ക്രിപ്ഷന്‍ ചാര്‍ജും ഇതിന് പുറമെ ഇന്റര്‍നെറ്റ് ഉപയോഗ ചാര്‍ജും നല്‍കിയായിരുന്നു നേരത്തെയുണ്ടായിരുന്ന ബോട്ടിം ഉള്‍പ്പെടെയുള്ള ആപുകള്‍ സേവനം നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ പ്രത്യേക ഇന്റര്‍നെറ്റ് കോളിങ് പ്ലാനുകളൊന്നും ആവശ്യമില്ലാതെയാണ് ടോടോക്ക് പ്രവര്‍ത്തിക്കുന്നത്.

 നിലവില്‍ വാട്സ്ആപ്, സ്കൈപ്പ്, ഫേസ്‍ബുക്ക്, ഗൂഗ്ള്‍ ഡുവോ, ഐഎംഓ, മെസഞ്ചര്‍, തുടങ്ങിയവയിലൂടെയുള്ള വോയിസ്, വീഡിയോ കോളുകള്‍ യുഎഇയില്‍ ലഭ്യമാവുകയില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷം നീളുമ്പോൾ വിപണി നിശ്ചലമാകാതിരിക്കാൻ ഇടപെട്ട് ഗൾഫ് രാജ്യങ്ങൾ | UAE | Iran-Israel Conflict
കുവൈത്ത് യുവതിയുടെ വിവാഹ വാഗ്ദാനം; ജ്വല്ലറിയിൽ നിന്ന് ഇന്ത്യക്കാരനായ സെയിൽസ്മാൻ കടത്തിയത് 22 കോടിയുടെ സ്വർണം! പത്തുവർഷം തടവ്