
കണ്ണൂര്‍: അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താല്‍ ചില ആശങ്കകള്‍ സൃഷ്ടിക്കുകയും മത്സരാര്‍ത്ഥികളെ കുഴക്കുകയും ചെയ്തതാണ് കലോത്സ നഗരിയിലെ നാലാം ദിനത്തിലെ കാഴ്ച. വേദിയിലെത്താനുള്ള വാഹനങ്ങള്‍ക്കും ഭക്ഷണത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു രക്ഷിതാക്കളും കുട്ടികളും. സദസ്സുകളില്‍ എല്ലാം തന്നെ വളരെക്കുറച്ച് കാണികളെ മാത്രമെ ഇന്ന് പകല്‍ ലഭിച്ചുള്ളു. എന്നാല്‍ സന്ധ്യയോടെ വേദികളിലേക്ക് ആളുകള്‍ ഒഴുകുന്ന കാഴ്ചയാണ് കണ്ണൂര്‍ നഗരത്തില്‍ കാണാനായത്.
അപ്പീല്‍ പെരുമഴയ്ക്കും മത്സരക്രമത്തില്‍ വരുത്തിയ മാറ്റങ്ങളും കലോത്സവത്തെ ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. നാലാം ദിനം പിന്നീടുമ്പോള്‍ അപ്പീലുകള്‍ 1008 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവഴി മത്സരിക്കാന്‍ എത്തിയത് 4101 വിദ്യാര്‍ത്ഥികളും. അപ്പീലുകള്‍ മത്സരക്രമത്തേയും ബാധിച്ചു. എന്നാല്‍ അപ്പീലില്‍ എത്തുന്നവരും മികച്ച പ്രകടനത്തോടെ വേദി വിടുന്ന കാഴ്ച കാണാമായിരുന്നു.
നാലാംദിനം അരങ്ങില്‍ ആകെ നാലു ഇനങ്ങളാണ്. ഇതില്‍ പകുതിയോളം തീരാന്‍ ചിലപ്പോള്‍ പുലര്‍ച്ചെ ആയേക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ മോണോ ആക്ടും, കഥകളി ഗ്രൂപ്പ് മത്സരവും, വട്ടപ്പാട്ടും ഒക്കെയായിരുന്നു ഇന്നത്തെ മികച്ച ഇനങ്ങള്‍. ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. സംഘഗാന മത്സരം പുരോഗമിക്കുകയാണ്. വേദി മാറ്റിയ ദഫ്‌മുട്ടിന് വലിയ ആള്‍കൂട്ടം വൈകുന്നേരത്തോടെ കാണുവാന്‍ എത്തി.