ദ്രുപതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നേരത്തെ പ്രസിദ്ധീകരിച്ച ഫീച്ചര്‍

ദ്രുപത് ഗൗതം ഇവിടെയുണ്ട്!

കണ്ണൂര്‍: ഫേസ്ബുക്കിന്റെ പ്രിയപ്പെട്ട കുട്ടിക്കവി ദ്രുപത് ഗൗതമിന് സംസ്ഥാന കലോത്സവത്തിലെ  ഹയര്‍സെക്കന്‍ഡറി മലയാളം കവിതാരചനയില്‍ ഒന്നാം സ്ഥാനം.

വയനാട്ടിലെ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ദ്രുപദ്. ഫേസ്ബുക്കില്‍ വൈറലായി മാറി 'ഭയം' അടക്കമുള്ള കവിതകളുടെ കര്‍ത്താവാണ് ദ്രുപത്. 

'പല തരം സെല്‍ഫികള്‍'  എന്നതായിരുന്നു കവിതാ രചനാ മല്‍സരത്തിന്റെ വിഷയം. കവിതയുടെ കരുത്തുള്ള ദ്രുപത് പ്രതീക്ഷ തെറ്റിച്ചില്ല. പ്രായത്തെ കവിഞ്ഞു നില്‍ക്കുന്ന നവീന ഭാവുകത്വവും കരുത്തും ഒതുക്കവുമുള്ള കവിതകളിലൂടെ ശ്രദ്ധേയനായി മാറിയ ദ്രുപത് ഒന്നാം സ്ഥാനം നേടി. 

എഴുത്തിനെ കുറിച്ച്, വാക്കുകളുടെ ഉപയോഗത്തെ കുറിച്ച് നല്ല ധാരണയുള്ള ഒരു കുട്ടിയെയാണ് ദ്രുപതിന്റെ കവിതകളില്‍ കാണാനാവുക. അനാവശ്യമായ ഒരു വാക്കും നമുക്കതില്‍നിന്ന് മുറിച്ചു മാറ്റാനാവില്ല. ഭാഷയ്ക്ക് സൂക്ഷ്മതയേറെയാണ്. കെട്ടുറുപ്പുള്ള ക്രാഫ്റ്റ്. ഏറ്റവും സവിശേഷമായി തോന്നുന്നത് അതിലെ സ്വാഭാവികതയാണ്. പ്രമുഖരുടെ കവിതകളില്‍ പോലും ക്രാഫ്റ്റിലും ആഖ്യാനത്തിലുമെല്ലാം മുഴച്ചു നില്‍ക്കുന്ന കൃത്രിമത്വം ചെടിപ്പിക്കുമ്പോഴാണ്, അനായാസം, അതീവ ഹൃദ്യമായി, മനസ്സില്‍ തട്ടുന്ന വിധം ഈ കുട്ടി എഴുതുന്നത്.


വയനാട് പനമരം പനമരം ബ്ലോക്ക് ഓഫീസില്‍ ഹെഡ് ക്ലാര്‍ക്കാണ് ദ്രുപതിന്റെ അച്ഛന്‍ ജയന്‍. ബത്തേരി സ്വദേശിയായ ജയന്‍ നന്നായി കവിതയെഴുതും.  കോട്ടയം ഏഴാച്ചേരി സ്വദേശിയായ അമ്മ മിനി ദ്രുപത് പഠിക്കുന്ന അതേ സ്‌കൂളില്‍ അധ്യാപികയാണ്. അനിയത്തി മൗര്യ ആറാം ക്ലാസില്‍ പഠിക്കുന്നു. 

ഫേസ്ബുക്കില്‍ വൈറലായി മാറിയ 'ഭയം' എന്ന കവിതയോടെയാണ് ദ്രുപത് ശ്രദ്ധിക്കപ്പെടുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച ദ്രുപതിന്റെ മറ്റ് കവിതകളും ഫേസ്ബുക്കില്‍ ഏറെ വായിക്കപ്പെട്ടവയാണ്. മുതിര്‍ന്ന എഴുത്തുകാര്‍ അടക്കം നിരവധി പേരാണ് ദ്രുപതിന്റെ കവിതകള്‍ ഷെയര്‍ ചെയ്യാറുള്ളത്. 


ദ്രുപതിന്റെ ചില കവിതകള്‍ ഇവിടെ വായിക്കാം:

ഭയം

മരം എന്ന ക്ലാസിലെ
ഒരില പോലും
അനങ്ങുന്നില്ല.

നിശ്ശബ്ദത
എന്ന പട്ടിക്കൂട് വ്യവസ്ഥിതി
ആരുടെയോ
പേരെഴുതി വെക്കുന്നു.

വിയര്‍ത്ത്
ഓടി വന്ന
കാറ്റിനെ
ചുണ്ടില്‍ ഒരു വിരലൊട്ടിച്ചു
നിര്‍ത്തിയിട്ടുണ്ട് വരാന്തയില്‍!

ഒരു മിണ്ടല്‍
ചുണ്ടോളം വന്ന്
വറ്റിപ്പോകുന്നു!

വാതില്‍വരെയെത്തിയ
ഒരു ചിരി തിരിഞ്ഞോടുന്നു!
ചുമരും ചാരിയിരുന്ന്
ഉറങ്ങിപ്പോയി
അനാഥമായൊരക്ഷരം!
ഭയം
ഒരു രാജ്യമാണ്.
അവിടെ നിശ്ശബ്ദത
ഒരു (ആ)ഭരണമാണ്.


അച്ഛനെപ്പോലെ

എനിക്ക് 
വേറെ 
ഞാനാവണം 
അച്ഛനെപ്പോലെ ...!

എന്നിട്ട് ,
'ഇങ്ങിനെയല്ല അങ്ങനെ '
'അങ്ങിനെയല്ല ഇങ്ങനെ '
എന്നൊക്കെ 
തെരുതെരെ 
പറഞ്ഞുകൊണ്ടിരിക്കണം

പോരാ ,
എന്റെ 
ഓരോ 
മിടിപ്പും നോക്കി 
കൊതിതീരെ 
കുറ്റം പറയണം ..!

പിന്നെ ,
മനസ്സമാധാനത്തിന് 
അപേക്ഷകൊടുക്കണം 
അച്ഛനെപോലെ 

ചീട്ട്

കമിഴ്ത്തിവെച്ച
ചീട്ടുകളാണ്
സമത്വം.
ദയവായി അത്
മലര്‍ത്തിയിട്ട്
പേടിക്കുകയോ,
ഒച്ചയുണ്ടാക്കുകയോ,
സംശയിക്കുകയോ,
തെറ്റിദ്ധരിക്കുകയോ,
ചെയ്യരുത്.
നമ്മുടെ ഭരണഘടന വലിയവനാണ്. 
സർബത്ത് 

"അറുത്തുമാറ്റിയ
കൂടപ്പിറപ്പുകളെക്കുറിച്ചല്ല,
മുറിവുകളുടെ
ആഴങ്ങളെക്കുറിച്ചുമല്ല,
പിഴിഞ്ഞെടുത്ത
നിലവിളികളെക്കുറിച്ച്‌
അല്ലേയല്ല.
മധുരമുള്ളോരോർമ്മയിൽ
കുറച്ചുനേരം
പൊന്തിക്കിടക്കുന്നതിനെക്കുറിച്ചാണു
നാരങ്ങയല്ലികൾ
ഇപ്പോഴും
പറഞ്ഞുകൊണ്ടിരിക്കുന്നത്‌ !
ഇന്നും
ഒറ്റവലിക്ക്‌
നമ്മൾ
വറ്റിപ്പോകുന്ന
ശ്വാസം കിട്ടാത്ത
ചില
ചരിത്രങ്ങളുണ്ട്‌!"

നെല്ലിക്ക
ഓര്‍ക്കുന്തോറും
മധുരിക്കുന്ന
ഒരുവാക്കായി
നിന്‍റെ കവിതയിലേക്ക്
ഉരുണ്ടുരുണ്ടു പോകണം

 

ദ്രുപതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നേരത്തെ പ്രസിദ്ധീകരിച്ച ഫീച്ചര്‍