
കണ്ണൂര്‍: അപ്പീലുകള്‍ നിലയ്ക്കാതെ വരുന്നത് സംസ്ഥാന കലോത്സവത്തിലെ കല്ലുകടിയാകുകയാണ്. അപ്പീലുകളുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ കലോത്സവത്തിന് അപ്പീലുകളുടെ എണ്ണം 800ന് അടുത്ത് പിടിച്ച് നിര്‍ത്തിയ വിദ്യാഭ്യാസ വകുപ്പ് അതിനേക്കാള്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ വച്ചിട്ടും അപ്പീല്‍ കുത്തോഴുക്ക് ഉണ്ടായത് വിദ്യാഭ്യാസ വകുപ്പിനെയും ഞെട്ടിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിവരെ 1027 അപ്പീലുകള്‍ എത്തി. ഇതുവഴി 4127 കുട്ടികള്‍ അധികമായി കലോത്സവത്തിന്‍റെ ഭാഗമായി. ആകെ അപ്പീലുകളില്‍ ഡിഡിഇമാര്‍ വഴി 448 അപ്പീലുകളും,ലോകായുക്ത മുഖേന 314 അപ്പീലുകളും,മുന്‍സിഫ് കോടതി മുഖേന 160 ഉം, ബാലാവകാശ കമ്മീഷന്‍ വഴി 91ഉം, ഹൈക്കോടതി വഴി 10 ഉം അപ്പീലുകള്‍ എത്തി.
കലോത്സവത്തിലെ ഇതുവരെയുള്ള വിധി നിര്‍ണ്ണയം സംബന്ധിച്ച് ലഭിച്ച് അപ്പീലുകളുടെ എണ്ണം 251 ആണ് അതില്‍ അനുവദിക്കപ്പെട്ടത് 18 എണ്ണവും.
ഹര്‍ത്താല്‍ ദിനത്തിന് ശേഷം വീണ്ടും ഇന്ന് വേദിയുണരുന്പോള്‍ ഹൈസ്കൂള്‍ വിഭാഗം നാടകമത്സരമാണ് ഇന്നത്തെ പ്രധാന ഇനങ്ങളില്‍ ഒന്ന്. വേദി 14 സെന്‍റ് മൈക്കിള്‍സ് സ്കൂളിലാണ് നാടക വേദി. ഗ്ലാമര്‍ ഇനങ്ങളില്‍ ഒന്നായ സംഘനൃത്തം വേദി ഒന്നില്‍ ഇന്ന് അരങ്ങിലെത്തും. ഒപ്പം വേദി മൂന്നില്‍ നാടോടി നൃത്തവും ഇന്ന് അരങ്ങേറും.