
വിപിന്‍ പാണപ്പുഴ
ശരീരികമായ വൈകല്യങ്ങള്‍ വിജയത്തിന് വെല്ലുവിളിയല്ല, പൊരുതുന്ന ക്രിയാത്മകമായ മനസാണ് ഒടുവില്‍ വിജയം നല്‍കുന്നത്. ഏതെങ്കിലും കരിയര്‍ ഗെയ്ഡന്‍സ് ക്ലാസിലെ സംഭാഷണമല്ല മവേലിക്കരയില്‍ നിന്നും എത്തി വിജയപീഠം കീഴടക്കിയ കണ്‍മണിയുടെ ജീവിതമാണിത് നമ്മളോട് വിളിച്ച് പറയുന്നത്. പത്തരമറ്റ് തിളക്കത്തോടെ എന്നും കണ്ണൂര്‍ കലോത്സവത്തിന്റേതായി ഓര്‍മ്മിക്കാവുന്ന ഐക്കണ്‍ ആണ് കണ്‍മണി.
രണ്ട് കൈകളില്ല കണ്‍മണിക്ക്. കാലുകളാകട്ടെ സ്വാധീനവുമില്ല, എന്നാല്‍ ഇടറാത്ത ഒരു ശബ്ദമുണ്ട് ഈ കൊച്ചു മിടുക്കിക്ക., പതറാത്ത നിശ്ചയധാര്‍ഢ്യവും. എതിരാളികളെ അഷ്ടപദിയുടെ പദങ്ങളിലൂടെ പിന്നിലാക്കി കണ്‍മണി ഒന്നാം സ്ഥാനം എത്തുമ്പോള്‍ ആ നേട്ടത്തിന് വലിയ പ്രധാന്യമുണ്ട്. എല്ലാവരും കൈകൊണ്ട് ചേങ്ങിലയില്‍ താളം പിടിച്ചപ്പോള്‍ കണ്‍മണി വലതുകാല്‍ വച്ചാണ് താളം പിടിക്കുന്നത്.
കോഴിക്കോടും, തിരുവനന്തപുരത്തും കഴിഞ്ഞ കലോത്സവങ്ങളില്‍ കണ്‍മണി അഷ്ടപദി പാടി വേദിയെ ഉണര്‍ത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടും മൂന്നും സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ ഇത്തവണ ശരിക്കും ഒന്നാമതായി കണ്‍മണി പാടികയറി. 'എല്ലാം തികഞ്ഞവരെക്കാളും' ഊര്‍ജത്തോടെയും ആവേശത്തോടെയും.
ആലപ്പുഴ മാവേലിക്കര സ്വദേശികളായ ശശികുമാറിന്റേയും രേഖയുടേയും മകളാണ് പത്താംക്ലാസുകാരിയായ കണ്‍മണി. ഒരനിയനുമുണ്ട്. കുറവുകളെ നേട്ടമാക്കുന്ന കണ്‍മണിയുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ് അഷ്ടപതി ഗാനങ്ങള്‍ കാലുകൊണ്ട് ചിത്രം വരക്കുകയും പിയാനോ വായിക്കുകയുമൊക്കെ ചെയ്യുന്ന കണ്‍മണി നിരവധി പേര്‍ക്ക് ജീവിത പ്രേരണയാകുന്ന ഒരു ഏടാണ്.