
കലോത്സവത്തിന്‍റെ വേദി ഉണരുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഏറ്റവും പരാതി ഉണ്ടാക്കുന്ന പ്രശ്നത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് വിദ്യഭ്യാസ വകുപ്പ്. വിധി നിര്‍ണ്ണയത്തിലെ പരാതികള്‍ കുറയ്ക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. കഴിഞ്ഞദിവസം കലോത്സവ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വിജിലന്‍സ് നിരീക്ഷണത്തിന് പുറമേ. ജഡ്ജിംഗ് പാനലിലെ സമഗ്രമായ അഴിച്ചുപണി, അപ്പീല്‍ കുറയ്ക്കാനുള്ള നീക്കങ്ങള്‍ എന്നിവ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കും.
ജില്ലാ മേളകളില്‍ വിധികര്‍ത്തക്കളുടെ കോഴ വാര്‍ത്ത വലിയ സംഭവമായി ഉടലെടുത്തതോടെയാണ് സംസ്ഥാന കലോത്സവത്തില്‍ കൃത്യമായ ക്രമീകരണങ്ങള്‍ എത്തുന്നത്. ഇതുപ്രകാരം വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി മദ്ധ്യകേരളത്തിലെ പത്തോളം ഏജന്‍റുമാര്‍ കലോത്സവ വിധികള്‍ അട്ടിമറിക്കാന്‍ ഇടപെടല്‍ നടത്തിയതായി മനസിലായി. ഇവരുമായി ബന്ധപ്പെട്ട 30ഓളം സ്ഥിരമായി കലോത്സവ വേദികളില്‍ കാണാറുള്ള ജഡ്ജുമാരെ ഇത്തവണ നീക്കം ചെയ്തിട്ടുണ്ട്.
ഇതിനോടൊപ്പം തന്നെ വിധികര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നത് അതീവ രഹസ്യമായി നടത്തും. ഡിപിഐ അടങ്ങുന്ന നാലു പേരാണ് ഇത് നടത്തുക. വിധികര്‍ത്തക്കളോട് അവര്‍ വിധിനിര്‍ണ്ണയിക്കേണ്ട ഇനം മാത്രമാണ് പറയുക, പക്ഷെ അത് ഹൈസ്കൂള്‍ ആണോ ഹയര്‍സെക്കന്‍ററിയാണോ എന്ന് വ്യക്തമാക്കില്ല. അതിനാല്‍ തന്നെ മുന്‍കൂട്ടി ക്രമക്കേട് തടയാം എന്നാണ് വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്.
അപ്പീലുകളുടെ പ്രളയം തടയാന്‍ അപ്പീല്‍ നല്‍കാനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചത് ഇത്തവണയും തുടരും. അപ്പീലുകളുടെ എണ്ണം 600 താഴെ എത്തിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത് എന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ asianetnews.tvയോട് പറഞ്ഞു.