
പ്രായം കൂടിയവരെ മുറിക്കുള്ളില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നവര്‍ എന്തായാലും കണ്ടിരിക്കേണ്ട വീഡിയോയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന പ്രായവും വീഴുമോയെന്നുള്ള ഭയവും പലപ്പോഴും ചെറിയ സാഹസങ്ങള്‍ക്ക് ചെയ്യാന്‍ പോലും മുതിര്‍ന്നവരെ അനുവദിക്കാറില്ല. അത്തരക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ പറക്കും മുത്തശ്ശി.
വയസായവര്‍ ഊഞ്ഞാലാടുന്നതില്‍ എന്താണിത്ര പുതുമയെന്ന് സംശയമുള്ളവര്‍ ഈ വീഡിയോ ഒന്നു കാണുന്നതോടെ ആ സംശയം മാറും. വന്‍ മരത്തില്‍ കെട്ടിയിരിക്കുന്ന ഊഞ്ഞാലില്‍ നിന്ന് ആടി സന്തോഷിക്കുന്ന മുത്തശ്ശിയുടെ വീഡിയോയാണ് സേവാഗ് പങ്കുവച്ചിരിക്കുന്നത്. എന്നും യുവത്വം, അമ്പരപ്പിക്കുന്ന മുത്തശ്ശി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കൂടുതല്‍ ഉയരത്തില്‍ പോകുമ്പോള്‍ മുത്തശ്ശി ആവേശത്തില്‍ ആവുന്നതും വീഡിയോയില്‍ കാണാം. വീഴ്ചകളെ ഭയപ്പെടാതെ വാര്‍ദ്ധക്യവും ആസ്വദിക്കുവാന്‍ പ്രചോദനമാകും വീഡിയോയെന്ന കാര്യം ഉറപ്പാണ്.