സംരംഭം ആരംഭിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

By Web TeamFirst Published Jan 3, 2020, 3:07 PM IST
Highlights

സംരംഭങ്ങളെ ഉയർച്ചയിലേക്കു നയിക്കുന്നതിൽ ആസൂത്രണത്തിന് ഒരു പ്രധാന പങ്കുണ്ട്. വ്യക്തമായ ആസൂത്രണത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കുമ്പോഴാണ് വിജയം കൈവരിക്കാനാവുക

ഒരു സംരംഭം ആരംഭിക്കണം എന്ന് ആഗ്രഹമുണ്ട്, എന്നാൽ എന്ത് വേണം എന്ന് നിശ്ചയമില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണിത്. ജയത്തിനും പരാജയത്തിനും ഒരുപോലെ സാധ്യതയുള്ള മേഖലയാണ് ബിസിനസ്സ്. അതിനാൽ തന്നെ ഏറെ ആലോചിച്ചു വേണം പണം മുടക്കാൻ. 

സംരംഭങ്ങളെ ഉയർച്ചയിലേക്കു നയിക്കുന്നതിൽ ആസൂത്രണത്തിന് ഒരു പ്രധാന പങ്കുണ്ട്. വ്യക്തമായ ആസൂത്രണത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കുമ്പോഴാണ് വിജയം കൈവരിക്കാൻ ആവുക. ഏതു മേഖല തിരഞ്ഞെടുക്കണം എന്നത് മുതൽ ആസൂത്രണം ആരംഭിക്കുന്നു. മറ്റുള്ളവർ ചെയ്യുന്നത് കണ്ടു അവരെ പിന്തുടരാതെ അവനവനു താല്പര്യവും കഴിവും ഉള്ള ഒരു മേഖല കണ്ടെത്തുകയാണ് ഇതിൽ ആദ്യപടി. സാധാരണയായി വിപണിയിൽ ഏറെയുള്ള സംരംഭങ്ങൾ തുടങ്ങാതിരിക്കുകയാകും ഉത്തമം. ഇത്തരം മേഖലകളിൽ നിലനിൽക്കുന്ന മത്സരം കടുത്ത വെല്ലുവിളി ഉയർത്തും എന്നതിനാലാണത്. എന്നാൽ ഏറെ പരിചിതമായ നിരവധി സംരംഭങ്ങൾ അരങ്ങു വാഴുന്ന വിപണിയിലും പുതിയ നേട്ടങ്ങൾ കൈവരിച്ചവരെ നമുക്ക് കാണാൻ സാധിക്കും.

പുതിയ ഒരു ഉത്പന്നം ആണെങ്കിലും ആവശ്യക്കാരെ കണ്ടെത്താൻ ആയില്ലെങ്കിൽ ഏറെ കാലം പിടിച്ചുനിൽക്കാൻ ആവില്ല.  ഉത്പന്നം വിപണിയിൽ എത്തിക്കും മുൻപ് ആർക്കുവേണ്ടിയാണ് അത് ലഭ്യമാക്കുന്നതെന്ന കൃത്യമായ ധാരണ സംരംഭകന് ഉണ്ടാകണം. തങ്ങൾ ഇറക്കുന്ന ഉത്പന്നം ആദ്യമായി വാങ്ങുന്നവർ ആരെല്ലാം ആയിരിക്കും എന്ന് ചിന്തിക്കുകയാണ് ഇതിന് എളുപ്പ മാർഗം. 

തങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തിയാൽ കുറച്ച് മാസങ്ങൾ എങ്കിലും അവരെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിപണിയിൽ ഇറക്കാൻ ഉദ്ദേശിക്കുന്ന ഉത്പന്നത്തെക്കുറിച്ചും തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യവസായത്തെക്കുറിച്ചും കഴിയുന്നത്ര വിവരങ്ങൾ സ്വീകരിക്കുക. കൂടാതെ വിപണിയിലെ മാറ്റങ്ങളും നിലവിലുള്ള ഉത്പന്നങ്ങളുടെ പോരായ്മയും മനസ്സിലാക്കുക. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന രീതിയിൽ ആകണം പുതിയ ഒരു ഉത്‌പന്നം വിപണിയിൽ എത്തിക്കേണ്ടത്. 

വിശകലനമാണ്‌ അടുത്ത പടി. ഭാവി ഉപഭോക്താക്കളെപ്പറ്റിയും തങ്ങളുടെ ഉത്പന്നവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്നവരെക്കുറിച്ചും വിപണിയിൽ തങ്ങളുടെ ഉത്പന്നത്തെ സ്വാധീനിക്കാൻ കഴിയുന്നവരെകുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഇതോടോപ്പം തന്നെ വിപണിയിലെ മത്സരം നേരിടാനും തങ്ങളുടെ ഉത്പന്നത്തിന് ഒരു ബദൽ വന്നാൽ അതിനെ നേരിടാനും വേണ്ട മാർഗ്ഗങ്ങളെപറ്റി വ്യക്തമായ ധാരണ ഉണ്ടാക്കണം. 

ബിസ്സിനസ്സ് പ്ലാൻ തയ്യാറാക്കലാണ് ഇനി. ആകർഷകമായ ബിസ്സിനസ്സ് പ്ലാൻ വായ്പ എടുക്കുന്നതിനും നിക്ഷേപകരെ ആകർഷിക്കുന്നതിനും സഹായകമാണ്. പുതുതായി ഇറക്കുന്ന ഉത്പന്നത്തിന്റെ സവിശേഷതയും വിപണിയും വിജയ സാധ്യതയും മത്സരസാധ്യതയും വിവരിക്കുകയാണ് ബിസ്സിനസ്സ് പ്ലാനിന്റെ ഉദ്ദേശം. കൂടാതെ ധനകാര്യം സംബന്ധിച്ച വിശദാംശങ്ങൾ മാനേജ്മെന്റ്, വിപണനം, ബിസ്സിനസ്സ് മോഡൽ എന്നിവയും പ്ലാനിൽ ഉണ്ടാകണം. 

ഓർക്കുക, കൃത്യമായി വിപണിയെ മനസ്സിലാക്കാനും വിലയിരുത്താനും ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് നൽകുവാനും സാധിക്കുമ്പോഴാണ് ഒരു വ്യവസായം നേട്ടം കൈവരിക്കുന്നത്.

click me!