'ഡോറയുടെ പ്രയാണം ' ഇനി ബിഗ്‌ സ്‌ക്രീനിൽ, ട്രെയിലർ കാണാം

By Web TeamFirst Published Mar 26, 2019, 1:47 PM IST
Highlights

ഡോറയെ അറിയാത്തവരായി ആരുമുണ്ടാവില്ല മലയാളികളിൽ. 'ഡോറയുടെ പ്രയാണം' മലയാളത്തിൽ ഏറെ പ്രസിദ്ധമായിരുന്നു ഒരു കാർട്ടൂൺ സീരീസാണ്. ഇതാ ഇപ്പോൾ അതേ തീമിൽ ഒരു ഹോളിവുഡ് സിനിമ വരികയാണ്. 'ഡോറ ആൻഡ് ഡി ലോസ്റ്റ് സിറ്റി ഓഫ് ഗോൾഡ്' എന്നപേരിൽ. 

ഡോറയെ അറിയാത്തവരായി ആരുമുണ്ടാവില്ല മലയാളികളിൽ. ഡോറ ഏഴു വയസ്സുള്ള ഒരു വികൃതിക്കുട്ടിയാണ്. ഇടയ്ക്കിടെ യാത്ര പോവുക ഡോറയുടെ ശീലമാണ്. കൂട്ടിന് ബുജി എന്ന ഒരു കുരങ്ങനുമുണ്ട്. തന്റെ പാടുന്ന ബാക്ക് പാക്കും തൂക്കി ബുജിയുമൊത്തുള്ള യാത്രകളിൽ ഡോറയ്ക്ക് കാർട്ടൂൺ കാണുന്ന കുട്ടിപ്പട്ടാളത്തിന്റെ സഹായവും വേണം. അങ്ങനെ യാത്രക്കിടെ ഡോറയ്ക്കുണ്ടാവുന്ന പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കുന്നതിലൂടെ പലതും പഠിക്കാനാവും കുട്ടികൾക്ക്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് ഡോറയെ. 

2000  മുതൽ അമേരിക്കയിലെ നിക്ക് ചാനലിലാണ് സ്ഥിരം സീരീസായി ഡോറ പ്രക്ഷേപണം ചെയ്തുതുടങ്ങിയത്. ക്രിസ് ഗ്രിഫോൾഡ്, വലേറി വാൽഷ്‌, എറിക് വീനർ എന്നിവരാണ് അണിയറയിലെ ശിൽപികൾ. അതിന്റെ പ്രശസ്തി കടലും കടന്നു ഇങ്ങുവന്നപ്പോഴാണ് 2008 മുതല്‍ കൊച്ചു ടിവി എന്ന ചാനലിലൂടെ മലയാളത്തിൽ മിണ്ടിക്കൊണ്ട് ഡോറ വീടുകളിലെത്താൻ തുടങ്ങിയത്. അതോടെ കേരളത്തിലും ഡോറയ്ക്ക് ആരാധകരുണ്ടായി. കുട്ടികളും മുതിർന്നവരും ചേർന്ന് ഡോറയുടെയും ബുജിയുടെയും  ഡയലോഗുകൾ മനഃപാഠമാക്കി. ചെന്നൈ നിവാസിയായ നിമ്മി എന്ന ഡബ്ബിങ്ങ് ആർട്ടിസ്റ്റാണ് മലയാളത്തിലെ ഡോറയുടെ സ്വരം. ഇതാ ഇപ്പോൾ അതേ തീമിൽ ഒരു ഹോളിവുഡ് സിനിമ വരികയാണ്. 'ഡോറ ആൻഡ് ഡി ലോസ്റ്റ് സിറ്റി ഓഫ് ഗോൾഡ് എന്നപേരിൽ. തികഞ്ഞ സാങ്കേതിക ഭദ്രതയോടെ ഈ സിനിമ ബിഗ് സ്‌ക്രീനിൽ വരുമ്പോൾ ഇത്രയും കാലമായി ഡോറയെ മിനിസ്‌ക്രീനിലൂടെ മാത്രം കണ്ടിരുന്ന കുട്ടികൾ സ്വാഭാവികമായും ആവേശത്തിലാണ്. ഈ സിനിമയുടെ ട്രെയ്‌ലറിന്റെ റിലീസ് ഈയിടെ  നടന്നു 

ഡോറയ്ക്ക് എന്നും ഒരേ പ്രായമാണ്. അവൾക്ക് ഒരിക്കലും വയസ്സേറുന്നില്ല. 2000-ൽ തുടങ്ങുമ്പോൾ ഡോറ എങ്ങനെയുണ്ടായിരുന്നോ അങ്ങനെ തന്നെയാണ് അവൾ ഇന്നും. അന്നത്തെപ്പോലെ ഇന്നും ഡോറ രാവിലേ തന്നെ ഇറങ്ങിപ്പുറപ്പെടും, ബുജിയും തന്റെ പിങ്ക് ബാക്ക് പാക്കുമായി. പുതിയ എന്തെങ്കിലും ആക്ടിവിറ്റിയുമായി. അല്ലെങ്കിൽ അറിയാത്ത ഏതെങ്കിലും നാടുകൾ തേടി. ഡോറയുടെ ബാക്ക് പാക്കിനുള്ളിൽ യാത്രയിൽ ഉപകരിക്കുന്ന പല സാധനങ്ങളും ഉണ്ടാവും. ഓരോ എപ്പിസോഡും കടന്നുപോവുന്നത് ഡോറയുടെ ഈ പ്രയാണങ്ങളിൽ അവൾക്കുമുന്നിൽ വരുന്ന ചലഞ്ചുകളിലൂടെയാണ്. അതൊക്കെ സോൾവ് ചെയ്യാൻ ഡോറയ്ക്ക് കാണുന്ന കുഞ്ഞുകൂട്ടുകാരുടെ സഹായം കൂടിയേ തീരൂ. 

ആ പ്രശ്നങ്ങൾക്ക് പിന്നിൽ പലപ്പോഴും 'സ്വീപ്പർ' എന്ന കള്ളൻ കുറുനരിയാവും. " മോഷ്ടിക്കലാണ്' കുറുനരിയുടെ മുഖ്യ വിനോദം. " കുറുനരി മോഷ്ടിക്കരുത്.. മോഷ്ടിക്കുകയേ ചെയ്യരുത്.. " എന്നതാണ് ഡോറയുടെ അഭ്യർത്ഥന. കള്ളക്കുറുനരിക്കാണെങ്കിൽ, ഒരു തവണ പറഞ്ഞാൽ ഒന്നും തിരിയില്ല. പറഞ്ഞതു തന്നെ മൂന്നുതവണ ആവർത്തിച്ച് പറയണം ഡോറ.  മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിച്ചെടുത്ത് പലയിടത്തായി ഒളിപ്പിച്ചു വെച്ചിരിക്കും കുറുനരി. അതൊക്കെ കണ്ടെടുക്കാൻ കുഞ്ഞു കൂട്ടുകാർ സഹായിക്കണം. ആ സഹായം കൂടിയേ തീരൂ. 

ഡോറയുടെ ലക്ഷ്യസ്ഥാനത്തിൽ എത്തണമെങ്കിൽ സാധാരണഗതിയ്ക്ക് രണ്ടു ഇടത്താവളങ്ങളിലൂടെ കടന്നുപോവണം. ഉദാഹരണത്തിന് കാടും  പുഴയിലെ പാലവും  താണ്ടിയാൽ മാത്രമേ ഡോറയ്ക്ക് ബ്ലൂബെറി മലയിലേക്ക് എത്തിപ്പെടാൻ പറ്റൂ. അതിന് ഡോറയെ സഹായിക്കാൻ മറൊരാള്‍ കൂടിയുണ്ട്.. അതിനെ ആവശ്യം വരുമ്പോൾ പുറത്തെടുക്കാൻ കണക്കാക്കി തന്റെ ബാക്ക് പാക്കിൽ വെച്ചിരിക്കുകയാണ് ഡോറ. " ഞാനാണ് മാപ്പ്.. ഞാനാണ് മാപ്പ്.. " എന്നും പറഞ്ഞുകൊണ്ട് കൃത്യമായ വഴി മാപ്പ് പറഞ്ഞുകൊടുക്കും. 

പാലം കടക്കാൻ നേരത്തും ഉണ്ട് ഒരു കടമ്പ. വയസ്സൻ ട്രോൾ ഒരു കടങ്കഥ ചോദിക്കും അതിന് ഉത്തരം പറഞ്ഞാൽ മാത്രമേ പാലം കടക്കാൻ പറ്റൂ. അങ്ങനെ  കണ്ടുകൊണ്ടിരിക്കുന്ന കൊച്ചുകുഞ്ഞുങ്ങളെക്കൊണ്ട് സംസാരിച്ചു മുന്നോട്ടു നീങ്ങുന്ന ഓരോ എപ്പിസോഡും ഡോറ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോഴാണ് തീരുന്നത്. 

ഇത്രയും കാലം അനിമേഷനിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഡോറയെ ഇനി മൾട്ടിപ്ളെക്സുകളിലെ സാങ്കേതികത്തികവോടെ കാണാം എന്നതിന്റെ ആവേശത്തിലാണ് ഡോറയുടെ ആരാധകവൃന്ദം. ബോറാത്, അലി ജി, ബ്രൂണോ തുടങ്ങിയ സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച ജെയിംസ് ബോബിൻ  ആണ് ഡോറാ ആൻഡ്  ദി  ലോസ്റ്റ് സിറ്റി ഓഫ് ഗോൾഡ് എന്ന പേരിൽ ഡോറയെ ബിഗ് സ്‌ക്രീനിലേക്കെത്തിക്കുന്നതിന്റെ ചുക്കാൻ പിടിക്കുന്നത്. ഇസബെല്ലാ മോനെർ ആണ് ഡോറയായി അഭിനയിക്കുന്നത്. സിനിമയിലെത്തുമ്പോഴേക്കും ഡോറ അല്പം കൂടി വളർന്നിട്ടുണ്ട്. ഹൈസ്‌കൂളിൽ പഠിക്കുകയാണ് ഡോറയിപ്പോൾ. കുട്ടിക്കാലം കാട്ടിനുള്ളിൽ ചെലവിട്ട ഡോറ പട്ടണത്തിലെ ഹൈസ്‌കൂളിൽ പഠിക്കാനെത്തുന്നതും അവിടെ വെച്ച് അവളെ ഒരാൾ തട്ടിക്കൊണ്ടു പോവുന്നതും, തുടർന്ന് അവൾ ഒരു യാത്ര പുറപ്പെടുന്നതും ഒക്കെയാണ് സിനിമയുടെ കഥ. പാരാമൗണ്ട്, വാൾഡൻ, നിക്ക് മൂവീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. 

എന്നാൽ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ കടുത്ത വിമർശനങ്ങളുമായും ഒരു കൂട്ടർ എത്തിയിട്ടുണ്ട്. തങ്ങളുടെ കുട്ടിക്കാലത്ത് ഡോറയുടെ പ്രയാണം കണ്ടിരുന്ന പലരും ഇപ്പോൾ മുതിർന്നുപോയെങ്കിലും അവരുടെ ഉള്ളിൽ ഇപ്പോഴും ഡോറയെക്കുറിച്ചുള്ള ഓർമ്മകളും ആ കാർട്ടൂണിന്റെ വിശദാംശങ്ങളും മായാതെ കിടപ്പുണ്ടെന്നതാണ് പ്രശ്നം. കാർട്ടൂണിൽ  നിന്നും വളർന്ന് സിനിമയായി മുന്നിലെത്തുമ്പോഴും അതിലെ ഒറിജിനാലിറ്റി കളയരുത് എന്ന് അവർക്ക് നിർബന്ധമുണ്ട്.

ബുജി എന്ന കുരങ്ങന്റെ പിങ്ക് ഷൂസ് മിസ്സായതാണ് പ്രധാന തർക്കം. ഡോറയുടെ  ഒറിജിനൽ സീരീസിൽ ബുജിയുടെ പേര് ബൂട്ട്സ് എന്നാണ്. ആ പിങ്ക് ബൂട്ട് കാരണമാണ് ആ പേര് വന്നത്. ആ പിങ്ക് ബൂട്ട് തന്നെ ഇല്ലാതെ ബൂട്ട്സ് അഥവാ ബുജി വരുമ്പോൾ ആരാധകർക്ക് അരിശം വന്നതിൽ അത്ഭുതമില്ലല്ലോ.. ഡോറ എന്താ ടെമ്പിൾ റണ്ണിൽ ഓടാൻ പോവുകയാണോ എന്നാണ് മറ്റൊരു ആക്ഷേപം. ട്രെയിലറിൽ സ്വൈപ്പർ കുറുനരിയെപ്പറ്റി പരാമർശിച്ചില്ല, ബാക്ക്പാക്ക് പാടിയില്ല.. എന്നൊക്കെയുള്ള പരിഭവങ്ങളും പ്രകടിപ്പിച്ചവരുണ്ട്. എന്തായാലും എന്തൊക്കെ ഇല്ല, ഉണ്ട് എന്നൊക്കെ അറിയണമെങ്കിൽ ആഗസ്റ്റ് രണ്ടാം തീയതി പടം റിലീസ് ആവും വരെ കാത്തിരുന്നേ നിവൃത്തിയുള്ളൂ.. 


ഡോറ ആൻഡ് ദി ലാസ്റ്റ് സിറ്റി ഓഫ് ഗോൾഡ് ട്രെയിലർ  കാണാം 

 

click me!