പാലേരിമാണിക്യത്തിലെ 'പൊക്കന്‍'; കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ പച്ചക്കറി വ്യാപാരം

By Web TeamFirst Published Nov 6, 2020, 1:10 PM IST
Highlights

'എന്നെ സംബന്ധിച്ച് സിനിമയില്‍ അധികം പടങ്ങളൊന്നും ആയിട്ടില്ല. എനിക്ക് ഇതൊക്കെ ഒരു പ്രശ്നമല്ല. നമ്മള് അന്തസ്സായിട്ട് ജോലിയെടുക്കുന്നു. സിനിമയില്ലെങ്കില്‍ വേറെന്തെങ്കിലും ജോലി. സിനിമയുള്ളപ്പോള്‍ സിനിമയ്ക്ക് പോകുന്നു..'

'പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ'യിലൂടെ സിനിമാഭിനയത്തിലേക്കെത്തിയ നടനാണ് ശ്രീജിത്ത് കൈവേലി. മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തിയ ചിത്രത്തില്‍ മുപ്പതോളം നായകാഭിനേതാക്കളെ രഞ്ജിത്ത് ഓഡിഷന്‍ നടത്തി പ്രധാന വേഷങ്ങളില്‍ അഭിനയിപ്പിച്ചിരുന്നു. അതിലൊരാളായിരുന്നു ശ്രീജിത്ത്. 'പൊക്കന്‍' എന്ന ഒരു പ്രധാന വേഷത്തില്‍ പാലേരിമാണിക്യത്തില്‍ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ മുപ്പത്തഞ്ചിലേറെ സിനിമകളില്‍ അഭിനയിച്ചു. മൂന്ന് സിനിമകള്‍ തമിഴിലും അഭിനയിച്ചു. കരിയര്‍ പ്രതീക്ഷാനിര്‍ഭരമായി മുന്നോട്ടുപോകുമ്പോഴാണ് കൊവിഡ് പ്രതിസന്ധി സിനിമാമേഖലയെ പിടിച്ചുലയ്ക്കുന്നത്. മറ്റെല്ലാവരെയുംപോലെ മാസങ്ങളോളം ശ്രീജിത്തിന്‍റെയും വരുമാനം നിലച്ചു. പ്രതിസന്ധിയെ മറികടക്കാന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു മേഖലയിലേക്ക് കടന്നിരിക്കുകയാണ് ശ്രീജിത്ത്. പച്ചക്കറി വ്യാപാരമാണ് അത്. മറ്റു മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ നിന്ന് എത്തിക്കുന്ന പച്ചക്കറി നാട്ടിലെത്തിച്ച് വിപണനം നടത്തുന്നു. വളര്‍ന്നുവരുന്ന ഒരു നടന്‍ എന്നേ സ്വയം കരുതുയിട്ടുള്ളുവെന്നും അധ്വാനിച്ചു ജീവിക്കുന്നതില്‍ അഭിമാനമാണ് തോന്നുന്നതെന്നും ശ്രീജിത്ത് കൈവേലി പറയുന്നു. പുതിയ മേഖലയിലേക്ക് എത്തിയതിനെക്കുറിച്ചും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെക്കുറിച്ചുമൊക്കെ ശ്രീജിത്ത് കൈവേലി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു...

 

"കൊവിഡ് പശ്ചാത്തലത്തില്‍ മാസത്തോളം വെറുതെ വീട്ടിലിരിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ മൂന്നാല് പേര്‍ക്ക് തോന്നിയ ഒരു ആശയമാണ് ഇത്. വയനാട്ടില്‍ നിന്നാണ് പച്ചക്കറി എടുക്കുന്നത്. സ്വന്തം നാടായ കുറ്റ‍്യാടിക്കടുത്തുള്ള കൈവേലിയില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തും. ജിതേഷ് എന്ന സുഹൃത്തിന്‍റെ വയനാട് ചീരാലിലെ തോട്ടത്തില്‍ നിന്നാണ് പച്ചക്കറി കൊണ്ടുവരുന്നത്. ചേനയും ചെമ്പും അടക്കം എല്ലാത്തരം പച്ചക്കറികളും കൊണ്ടുവരുന്നുണ്ട്.  ജിതേഷും സിനിമയില്‍ ഛായാഗ്രാഹകനാണ്, ഒപ്പം നല്ലൊരു കൃഷിക്കാരനുമാണ്. ഇപ്പോള്‍ അദ്ദേഹത്തിനും സിനിമയില്ല. സുധീഷ് എന്ന ഒരു മേക്കപ്പ്മാനും എനിക്കൊപ്പം ഇപ്പോഴുണ്ട്. പുള്ളിക്കും ഇപ്പോള്‍ പടം കുറവാണ്. വിജീഷ് എന്ന മറ്റൊരു സുഹൃത്തും. രണ്ടുമൂന്ന് ദിവസം കൂടുമ്പോള്‍ വയനാട്ടിലേക്ക് പോകും.  കച്ചവടത്തില്‍ വലിയ ലാഭമൊന്നും എടുക്കുന്നില്ല. ചെറിയ മാര്‍ജിനേ എടുക്കുന്നുള്ളൂ. സമ്പാദിക്കാനൊന്നുമല്ല, ചിലവൊക്കെ കഴിഞ്ഞുപോകാനുള്ള ലാഭം മാത്രം. മുന്‍പ് ഒരു പരിചയവുമില്ലാത്ത ഒരു മേഖല ആയിരുന്നു. പക്ഷേ എന്നെ കാണുമ്പോള്‍ ആള്‍ക്കാരൊക്കെ മേടിക്കും", ശ്രീജിത്ത് പറയുന്നു.

 

"മാസങ്ങളോളം ജോലിയില്ലാതെ നില്‍ക്കേണ്ടിവന്നത് ഒരു വല്ലാത്ത അനുഭവമായിരുന്നു. പെട്ടുപോയി എന്ന് പറയാം. മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. നേരത്തേ തീരുമാനിച്ചിരുന്ന ഒന്നുരണ്ട് പടങ്ങള്‍ നടക്കാതെ പോയിട്ടുണ്ട്. പിന്നെ പ്രതിസന്ധി എല്ലാ മേഖലയിലുമുണ്ടല്ലോ". കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സിനിമാപ്രവര്‍ത്തകരോട് മറ്റേതെങ്കിലും മേഖലയിലേക്ക് തല്‍ക്കാലം തിരിയുന്നതില്‍ ഒരു പ്രശ്നവുമില്ലെന്ന് പറയുന്നു ശ്രീജിത്ത്. "എന്നെ സംബന്ധിച്ച് സിനിമയില്‍ അധികം പടങ്ങളൊന്നും ആയിട്ടില്ല. എനിക്ക് ഇതൊക്കെ ഒരു പ്രശ്നമല്ല. നമ്മള് അന്തസ്സായിട്ട് ജോലിയെടുക്കുന്നു. സിനിമയില്ലെങ്കില്‍ വേറെന്തെങ്കിലും ജോലി. സിനിമയുള്ളപ്പോള്‍ സിനിമയ്ക്ക് പോകുന്നു. വലിയ നടന്മാരോടൊന്നുമല്ല പറയുന്നത്. എന്നെപ്പോലെയുള്ള ആളുകള്‍ ഉണ്ടല്ലോ. വരുമാനം കണ്ടെത്താന്‍ തല്‍ക്കാലം മറ്റെന്തെങ്കിലും വഴി നോക്കാന്‍ എന്തിനു മടിക്കണം". അതേസമയം ചിത്രീകരണങ്ങളൊക്കെ പതിയെ ആരംഭിച്ചുതുടങ്ങുന്നതിന്‍റെ സന്തോഷത്തിലുമാണ് ശ്രീജിത്ത്. കൊവിഡില്‍ നിര്‍ത്തിവെക്കേണ്ടിവന്നിരുന്ന ചിത്രം 'സ്റ്റേഷന്‍ 5'ന്‍റെ ചിത്രീകരണം അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിട്ടുള്ള മടക്കയാത്രയിലാണ് ശ്രീജിത്ത് ഇപ്പോള്‍. മറ്റൊരു സിനിമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ദ്രന്‍സ് നായകനാവുന്ന സ്റ്റേഷന്‍ 5ല്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. രഞ്ജിത്ത് നിര്‍മ്മിച്ച്  സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന ചിത്രത്തിലും ശ്രീജിത്തിന് വേഷമുണ്ട്.

click me!