'പാട്ടും അഭിനയവും ഇഷ്ടമാണെന്ന് ഞാൻ, ഇങ്ങോട്ട് പോരേ എന്ന് അങ്കിള്‍'; 'മാളികപ്പുറം' തീർത്ഥ പറയുന്നു

By Sumam ThomasFirst Published Oct 10, 2022, 2:09 PM IST
Highlights

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പാട്ടുപാടുന്ന ഒരു വീഡിയോ കണ്ടിട്ടാണ് മാളികപ്പുറം സിനിമയിലേക്ക് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തീർത്ഥയെ ക്ഷണിക്കുന്നത്.

ചാനലിലെ റിയാലിറ്റി ഷോയിൽ നിന്നാണ് തീർത്ഥ സുഭാഷ് നമുക്ക് പരിചയം. നിഷ്കളങ്കമായ ചിരിയും സംസാരവും ഒപ്പം കാതിനിമ്പമുളള പാട്ടും കൊണ്ട് ഈ കൊച്ചു മിടുക്കി കുടുംബ പ്രേക്ഷകരുടെ സ്വീകരണമുറിയിലൂടെ നേരെ നടന്നു കയറിയത് എല്ലാവരുടെയും മനസ്സിലേക്കായിരുന്നു. ഇപ്പോഴിതാ സിനിമയിലും തന്റെ സാന്നിദ്ധ്യമറിയിക്കാൻ തുടങ്ങുകയാണ് പ്രേക്ഷകരുടെ സ്വന്തം തീർത്ഥക്കുട്ടി. ഉണ്ണിമുകുന്ദന്റെ ഏറ്റും പുതിയ ചിത്രമായ മാളികപ്പുറം എന്ന സിനിമയിൽ ചെറിയതെങ്കിലും ഒരു കഥാപാത്രമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തീർത്ഥ. അഭിനയിക്കുക മാത്രമല്ല, പാടുകയും ചെയ്യുന്നുണ്ട്. പാട്ടിന്റെ റെക്കോർഡിംഗ് ജോലികൾ പുരോഗമിക്കുന്നതേയുള്ളൂ. തീർത്ഥയുടെ വിശേഷങ്ങളിലേക്ക്...

സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയതേയുളളൂ എന്ന് പറഞ്ഞാണ് തീർത്ഥ സംസാരിച്ചു തുടങ്ങിയത്. "അഭിലാഷ് അങ്കിൾ വിളിച്ചിട്ട് പാട്ടു വേണോ അഭിനയം വേണോ എന്ന് ചോദിച്ചു. എനിക്ക് രണ്ടും ഇഷ്ടമാണെന്ന് പറഞ്ഞു, എന്നാ ഇങ്ങോട്ട് പോരേ എന്ന് പറഞ്ഞു"., സിനിമയിലെത്തിയതിങ്ങനെയെന്ന് തീർത്ഥ. ഏഴ് വർഷമായി പാട്ട് പഠിക്കുന്നുണ്ട് ആറാം ക്ലാസുകാരിയായ തീർത്ഥ. പാടാനും അഭിനയിക്കാനും ഒരേപോലെ ഇഷ്ടമാണെന്ന് പറയുമ്പോഴും ഇത്തിരി ഇഷ്ടം കൂടുതൽ പാട്ടിനോട് തന്നെ. 

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പാട്ടുപാടുന്ന ഒരു വീഡിയോ കണ്ടിട്ടാണ് മാളികപ്പുറം സിനിമയിലേക്ക് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തീർത്ഥയെ ക്ഷണിക്കുന്നത്. "ഞാനിങ്ങനെ വെറുതെ മുറ്റത്ത് നിൽക്കുവായിരുന്നു. അപ്പോ അച്ഛൻ പെട്ടെന്ന് വന്നിട്ട് ചോദിച്ചതാ. ഒരു പാട്ട് പാടാമോ എന്ന്. അപ്പോ, ഞാനീയിടെ പഠിച്ച പാട്ടാണ് ഓർമ്മ വന്നത്. പത്താം വളവിലെ ഏലമലക്കാടിനുള്ളിൽ... എന്ന പാട്ടില്ലേ അത്. സുരാജ് അങ്കിളിന്റെ ഒരു പ്രോഗ്രാമിൽ പോയപ്പോൾ പഠിച്ച പാട്ടാണത്. ഒരു പുതിയ പാട്ട് പാടാൻ പറഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വന്നത് അതായിരുന്നു. അഭിലാഷ് അങ്കിൾ ആ വീഡിയോ ഷെയർ ചെയ്തിരുന്നു. ആ പാട്ടിന്റെ മ്യൂസിക് ഡയറക്ടർ അങ്കിളും ഈ വീഡിയോ പേജിൽ ഷെയർ ചെയ്തിരുന്നു"., പാട്ടിലേക്ക് എത്തിയതിങ്ങനെയെന്ന് തീർത്ഥ.

അടിപൊളിയായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. കഴിഞ്ഞ വർഷം മീനാക്ഷി ചേച്ചിയുടെ കൂടെ കൽഹാര എന്നൊരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. അതുകൊണ്ട് ക്യാമറക്ക് മുന്നിൽ നിന്നപ്പോൾ പേടിയും ടെൻഷനും ഒന്നും ഇല്ലായിരുന്നുവെന്നും ഈ മിടുക്കിക്കുട്ടി പറയുന്നു.  ഉണ്ണി മുകുന്ദനെക്കുറിച്ച് ചോദിച്ചാൽ തീർത്ഥ പറയുന്നതിങ്ങനെ, നല്ല കൂട്ടായിരുന്നു, പാവവാ, കൂടെ അഭിനയിക്കുന്ന വേറൊരു ചേച്ചിയുണ്ട്. ദേവനന്ദ ചേച്ചി. എന്റെ സീൻ ചെറുതാണ്. അഭിനയിക്കാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അഭിലാഷ് അങ്കിൾ തന്ന വേഷമാ ഇത്. അഭിനയിക്കാൻ ഇനിയും അവസരം കിട്ടിയാൽ സന്തോഷമാണെന്നും തീർത്ഥ കൂട്ടിച്ചേർക്കുന്നു. പാട്ടു കൊണ്ട് മാത്രമല്ല, അഭിനയം കൊണ്ടും ശ്രദ്ധ നേടാൻ ഒരുങ്ങുകയാണ് ഈ കൊച്ചുമിടുക്കി.  

ഒഡീഷനിൽ പങ്കെടുത്താണ് തീർത്ഥ പാട്ടുവേദിയിലെത്തുന്നത്. എല്ലാ പാട്ടും പാടാൻ ഇഷ്ടമാണ്. എന്നാൽ മെലഡി പാടാനാണ് ഇഷ്ടം കൂടുതൽ. പെട്ടെന്നൊരു പാട്ട് പാടാൻ പറഞ്ഞാൽ നീലാജ്ഞനപ്പൂവിൽ പാടും. അതുപോലെ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ പഴയ പാട്ടുകളോടും ഇഷ്ടം. അച്ഛൻ സുഭാഷും അമ്മ ഷൈലജയും അനിയനും അടങ്ങുന്നതാണ് പാലക്കാട് സ്വദേശിയായ തീർത്ഥയുടെ കുടുംബം. പാട്ടിനും അഭിനയത്തിനും എല്ലാ സപ്പോർട്ടും കുടുംബമൊന്നാകെ കൂടെയുണ്ടെന്നും തീർത്ഥ പറയുന്നു.

6 വർഷങ്ങള്‍ക്ക് ശേഷം ​ഗംഭീര തിരിച്ചുവരവ്; സൂര്യ ഫെസ്റ്റിവലിൽ തിളങ്ങി നവ്യ, ചിത്രങ്ങൾ

click me!