
വനിതാ സഹസംവിധായകര്‍ എന്നത് മലയാള സിനിമയില്‍ ഇന്ന് ഒരു അപൂര്‍വ്വതയല്ല എന്നു മാത്രമല്ല, സാധാരണവുമാണ്. എന്നാല്‍ ക്യാമറയ്ക്ക് പിന്നിലെ സ്ത്രീസാന്നിധ്യം അപൂര്‍വ്വതയായിരുന്ന കാലത്ത് സിനിമയിലെത്തി രണ്ട് പതിറ്റാണ്ടോളം അതിനൊപ്പം സഞ്ചരിച്ചയാളാണ് ഇന്നലെ അന്തരിച്ച അംബിക റാവു (Ambika Rao). ബാലചന്ദ്ര മേനോന്‍റെ സിനിമകളില്‍ സഹ സംവിധായികയായാണ് തുടക്കം.
പിന്നീട് റാഫി- മെക്കാര്‍ട്ടിന്‍, ഷാഫി, അമല്‍ നീരദ്, രാജസേനന്‍, വി കെ പ്രകാശ്, എം പദ്മകുമാര്‍, തോമസ് കെ സെബാസ്റ്റ്യന്‍, തുളസീദാസ്, ലാല്‍, ആഷിക് അബു, മാര്‍ട്ടിന്‍ പ്രക്കാട്ട്, ബ്ലെസ്സി, അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‍മാന്‍, ശംഭു പുരുഷോത്തമന്‍ തുടങ്ങി നിരവധി സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്‍റ് ആയും അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചു. അന്യഭാഷകളില്‍ നിന്ന് വരുന്ന നടിമാര്‍ക്ക് മലയാളം ഡയലോഗുകളുടെ ലിപ് സിങ്കിംഗിന് സഹായിക്കുകയായിരുന്നു അംബികയുടെ പ്രധാന ജോലി. സാങ്കേതിക രംഗത്തടക്കം സിനിമ കടന്നുപോയ പല മാറ്റങ്ങളും അടുത്തുനിന്ന് കണ്ടയാളാണ് അംബികാ റാവു. പുതിയ തലമുറയ്ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴും സീനിയോരിറ്റി ഒരു ഭാരമാവാതെ നോക്കാനായി എന്നതിനാല്‍ സിനിമയില്‍ വലിയ സുഹൃദ് സമ്പത്തിന് ഉടമയുമായി അംബിക.
ALSO READ : വെല്ലുവിളിയായി കാണുന്നത് ബ്ലെസ്‍ലിയെ, പ്രേക്ഷകര്‍ കബളിപ്പിക്കപ്പെടരുതെന്നും റിയാസ്
ക്യാമറയ്ക്ക് പിന്നില്‍ സ്ഥിരം സാന്നിധ്യമായി നില്‍ക്കുന്നതിനിടെ ചെറു വേഷങ്ങളിലേക്ക് സംവിധായകര്‍ അംബികയെ സമീപിച്ചും തുടങ്ങി. കുമ്പളങ്ങി നൈറ്റ്സിലെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതെങ്കിലും അതിനു മുന്‍പ് നിരവധി ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധക്ക്, എന്റെ വീട് അപ്പൂന്‍റേം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ അമ്മ, ക്ലാസ്‌മേറ്റ്സ്, സോൾട്ട് & പെപ്പർ, വൈറസ് തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങള്‍. അസോസിയേറ്റ് ആയി ജോലി ചെയ്‍ത മിക്ക ചിത്രങ്ങളിലും അംബിക ചെറു വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
ALSO READ : 'കടുവ'യുടെ റിലീസ് മാറ്റി, പുതിയ തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ്
അതേസമയം സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം പൂര്‍ത്തിയാക്കാനാവാതെയാണ് അംബികാ റാവു മടങ്ങുന്നത്. ഏറെക്കാലമായി ആ ആഗ്രഹവുമായി നടന്ന അവര്‍ കൊവിഡിനു മുന്‍പ് ഒരു പ്രോജക്റ്റ് ഏകദേശം മുന്നിലേക്ക് എത്തിച്ചതുമാണ്. പക്ഷേ കൊവിഡ് പ്രതിസന്ധിയും അനാരോഗ്യവുമൊക്കെ കാരണം അത് യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കാനായില്ല. കുറച്ച് കാലമായി ഞാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും അത് നടന്നിട്ടില്ല. അത് ഉണ്ടാവും പക്ഷേ. ഞാനിപ്പോഴും അതിനുവേണ്ടി ശക്തമായി പണിയെടുത്തുകൊണ്ടിരിക്കുന്നുണ്ട്. നടക്കും, 2019ല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.