അതായിരുന്നു തുടക്കം; അനില്‍ നെടുമങ്ങാടിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയ 'ജുറാസിക് വേള്‍ഡ്'

By Web TeamFirst Published Dec 25, 2020, 9:05 PM IST
Highlights

മലയാളസിനിമയിലെ പോപ്പുലര്‍ രംഗങ്ങളും താരങ്ങളെയും ഉപയോഗപ്പെടുത്തി സൃഷ്ടിക്കുന്ന പുതിയ സ്റ്റോറി ലൈനുകളായിരുന്നു 'ജുറാസിക് വേള്‍ഡി'ന്‍റെ യുഎസ്‍പി. ആദ്യകാഴ്ചയില്‍ തന്നെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ കീഴടക്കാന്‍ കെല്‍പ്പുള്ളവയായിരുന്നു അനിലിന്‍റെ സ്ക്രിപ്റ്റുകളും അവതരണ മികവും. 

തൃശൂര്‍ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പിന്നീട് മലയാള സിനിമയിലെത്തിയ പ്രതിഭകളുടെ കൂട്ടത്തിലാണ് അനില്‍ പി നെടുമങ്ങാടും. അദ്ദേഹത്തെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനാക്കുന്നത് ടെലിവിഷന്‍ പരിപാടികളാണ്. വിശേഷിച്ചും കൈരളി ചാനല്‍ സംപ്രേഷണം ചെയ്‍തിരുന്ന ആദ്യകാല പ്രോഗ്രാം ആയിരുന്ന 'ജുറാസിക് വേള്‍ഡ്'. സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പുറത്തെത്തിയതിനു ശേഷം ഇനിയെന്ത് എന്ന ചോദ്യത്തെ അഭിമുഖീകരിച്ച സമയത്ത് അദ്ദേഹം തന്നെ കണ്ടെത്തിയ വഴിയായിരുന്നു മിനിസ്ക്രീനിലെ നര്‍മ്മപരിപാടി. ഉപജീവനമായിരുന്നു ലക്ഷ്യമെന്ന് പിന്നീട് അതേക്കുറിച്ച് പറഞ്ഞിട്ടുമുണ്ട് അനില്‍. പക്ഷേ പ്രോഗ്രാം അക്ഷരാര്‍ഥത്തില്‍ സൂപ്പര്‍ഹിറ്റ് ആയിരുന്നു.

മലയാളസിനിമയിലെ പോപ്പുലര്‍ രംഗങ്ങളും താരങ്ങളെയും ഉപയോഗപ്പെടുത്തി സൃഷ്ടിക്കുന്ന പുതിയ സ്റ്റോറി ലൈനുകളായിരുന്നു 'ജുറാസിക് വേള്‍ഡി'ന്‍റെ യുഎസ്‍പി. ആദ്യകാഴ്ചയില്‍ തന്നെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ കീഴടക്കാന്‍ കെല്‍പ്പുള്ളവയായിരുന്നു അനിലിന്‍റെ സ്ക്രിപ്റ്റുകളും അവതരണ മികവും. ഡ്രാക്കുളയുടെ വീട്ടിലെത്തുന്ന മലയാള താരങ്ങള്‍, മമ്മൂട്ടി-മോഹന്‍ലാല്‍ വാക്കേറ്റം, നരസിംഹം സിനിമയുടെ അനിമേഷന്‍ റീമിക്സുമൊക്കെ അനില്‍ അവതരിപ്പിച്ചു. സാങ്കേതികവിദ്യ ഇത്രത്തോളം വളര്‍ന്നിട്ടില്ലാത്ത കാലത്ത് അതിന്‍റേതായ വെല്ലുവിളികളെ സ്ക്രിപ്റ്റിംഗിലെയും അവതരണത്തിലെയും മികവു കൊണ്ടാണ് അദ്ദേഹം മറികടന്നത്. പിന്നീട് ജയ്‍ഹിന്ദ് ചാനലില്‍ 'ടെലിസ്കോപ്പ്' എന്ന സമാന ആശയമുള്ള പരിപാടിയിലൂടെയും അനില്‍ മലയാളികളുടെ സ്വീകരണമുറികളിലേക്ക് എത്തി.

അനിലിന്‍റെ ജുറാസിക് വേള്‍ഡോ ടെലിസ്കോപ്പോ കണ്ട ഭൂരിഭാഗം പ്രേക്ഷകര്‍ക്കും അവതാരകന്‍ ഒരു പഴയ സ്കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ഥിയാണെന്ന് അറിയുമായിരുന്നിരിക്കില്ല. പ്രമോദ്-പപ്പന്‍ സംവിധാനം ചെയ്‍ത 'തസ്ക്കരവീരനി'ലൂടെ സിനിമയില്‍ മുഖം കാണിച്ചെങ്കിലും അക്കാലത്തെ തന്‍റെ ഉപജീവനമായിരുന്ന മിനിസ്ക്രീന്‍ പ്രോഗ്രാമുകള്‍ ഒഴിവാക്കിയിട്ട് സിനിമയിലെ അവസരങ്ങള്‍ തേടാന്‍ അനില്‍ ഒരുക്കമായിരുന്നില്ല. പിന്നീട് സുഹൃത്തായ രാജീവ് രവിയാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെ അനിലിന് ഒരു ശ്രദ്ധേയ വേഷം കൊടുക്കുന്നത്. ആ കഥാപാത്രത്തിലൂടെ തന്‍റെ 'റേഞ്ച്' വെളിപ്പെടുത്തുകയും ചെയ്‍തു അദ്ദേഹം. കമ്മട്ടിപ്പാടവും കിസ്‍മത്തും പൊറിഞ്ചു മറിയം ജോസും അയ്യപ്പനും കോശിയും അടക്കമുള്ള ചിത്രങ്ങള്‍ പിന്നാലെയെത്തി. 'അനില്‍ ഞങ്ങള്‍ വിചാരിച്ച ആളല്ലെന്ന്' ഓരോ പ്രേക്ഷകനും മനസില്‍ പറഞ്ഞു. മികച്ച കഥാപാത്രങ്ങള്‍ തേടിയെത്തിയതിനു പിന്നില്‍ അനിലിന്‍റെ ഒരു തീരുമാനവും കാത്തിരിപ്പും ഉണ്ടായിരുന്നു. മിനിസ്ക്രീനില്‍ താന്‍ പകര്‍ന്നാടിയ കോമഡി റോളുകളിലേക്ക് സ്വയം ചുരുങ്ങരുതെന്ന് അദ്ദേഹം തീരുമാനമെടുത്തിരുന്നു. ആ തീരുമാനത്തിന്‍റെ ഫലങ്ങളായിരുന്നു കമ്മട്ടിപ്പാടത്തിലെ 'ആശാനും' അയ്യപ്പനും കോശിയിലെ 'സിഐ സതീഷ് കുമാറു'മടക്കമുള്ളവര്‍. 

click me!