ചെമ്പില്‍ അശോകന്റെ ഭാര്യപറയുന്നു, 'ഇപ്പോഴത്തേത് അല്ല കേട്ടോ, പഴയ ചെമ്പില്‍ അശോകൻ'

By Nithya RobinsonFirst Published Jul 1, 2021, 2:20 PM IST
Highlights

കൊവിഡായിട്ട് പണിയില്ല, പട്ടിണിയാണെങ്കിലും ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്.

ഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി അനിൽകാന്ത് നിയമിതനാകുന്നത്. പിന്നാലെ അദ്ദേഹത്തിന്റെ അപരനും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ലോക്നാഥ് ബെഹ്റ ഡിജിപി ആയപ്പോൾ കളത്തിൽ നിറഞ്ഞത് പാഷാണം ഷാജി ആയിരുന്നുവെങ്കിൽ ഇത്തവണത്തെ താരം നടൻ ചെമ്പിൽ അശോകനാണ്. കാക്കികുപ്പായം ഇട്ട് മാസ്സായി നിൽക്കുന്ന ചെമ്പിൽ അശോകൻ സോഷ്യൽ മീഡിയയിൽ മിന്നും താരമായി. ഇപ്പോഴിതാ അപ്രതീക്ഷിതമായി തനിക്ക് ലഭിച്ച പ്രശംസയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് ചെമ്പിൽ അശോകൻ.

ചെമ്പിൽ അശോകന്റെ വാക്കുകൾ

ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായപ്പോള്‍, പാഷാണം ഷാജി ഏതാണ് ബെഹ്‌റ ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു അവസ്ഥ ആയിപ്പോയി. ശരിക്കും ഞാൻ അത് ആസ്വദിച്ചിരുന്നു. ഒരു സുഹൃത്താണ് എനിക്ക് ഒരു ട്രോൾ ഇറങ്ങിയിട്ടുണ്ടെന്ന് വിളിച്ച് പറയുന്നത്. പക്ഷേ അത് ഞാൻ കാര്യം ആക്കിയിരുന്നില്ല. സത്യൻ അന്തിക്കാട് സാറിന്റെ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലെ ഒരു ഷോട്ടായിരുന്നു അതിന് കാരണം. 2017 മുതൽ അതിങ്ങനെ പ്രത്യേക ക്യാപ്ഷനൊക്കെ ഇട്ട് സമൂഹമാധ്യമങ്ങളിൽ വരുമായിരുന്നു. അതാണെന്ന് കാരുതി ഞാന്‍ കാര്യമാക്കിയില്ല. എന്നാൽ വീണ്ടും സുഹൃത്ത് വിളിച്ച് ഒന്ന് നോക്കെന്ന് പറഞ്ഞു. അങ്ങനെ നോക്കിയപ്പോഴാണ് അനിൽകാന്ത് സാറിനെ കാണുന്നത്. ഇരിക്കാനും വയ്യ നില്‍ക്കാനും വയ്യാത്ത അവസ്ഥയായിരുന്നു അപ്പോഴുണ്ടായത്. വലിയൊരു അത്ഭുതമായാണ് തോന്നിയത്. അദ്ദേഹവുമായി എനിക്ക് രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ നിറവുള്ളൊരു കാഴ്‍ച ആയിരുന്നു അത്. എനിക്ക് തന്നെ എന്നെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആയിപ്പോയി.

ഇപ്പോൾ എനിക്ക് ചെറിയ വ്യത്യാസങ്ങളൊക്കെ ഉണ്ട്. പക്ഷേ പഴയ എന്റെ ഫിഗറാണെങ്കിൽ അദ്ദേഹവും ഞാനും കറക്ടാണ്. ഫോട്ടോ മാത്രം കണ്ടാൽമതി. പുള്ളിക്ക് നല്ല ഉയരം ഉണ്ട്. എനിക്ക് തോന്നുന്നു അത് മാത്രമാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം. അനിൽകാന്ത് സാറുമായി എന്നെ സാമ്യപ്പെടുത്തിയതിൽ അങ്ങേയറ്റം സന്തോഷവാനാണ് ഞാൻ. ഇതൊക്കെ കാണുമ്പോൾ ഒരു ഇൻസ്‍പരേഷൻ ആയാണ് തോന്നുന്നത്.

ഇന്നലെ ഒരു വിവാഹം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ്  ‘ഇപ്പോഴത്തെ ചെമ്പിൽ അശോകനല്ല കേട്ടോ പഴയ ചെമ്പിൽ അശോകൻ പക്കയാണെ ‘ന്ന് ഭാര്യ പറയുന്നത്. എല്ലാവർക്കും സന്തോഷമാണ്. നമുക്ക് നഷ്‍ടപ്പെടാൻ ഒന്നുമില്ലല്ലോ. കൊവിഡായിട്ട് പണിയില്ല, പട്ടിണിയാണെങ്കിലും ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം.

അനിൽകാന്ത് സാറിനെ കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്. എവിടെ പോയി കാണും എങ്ങനെ കാണും എന്നൊന്നും അറിയില്ല. നേരിട്ട് ചെല്ലാൻ പറ്റോ, പോയാലും കാണാൻ പറ്റോ എന്നൊക്കെയാണ് ചിന്ത ഇപ്പോൾ. മമ്മൂക്ക, മോഹൻലാൽ, ചാക്കോച്ചൻ എന്നിങ്ങനെയുള്ള സിനിമാ താരങ്ങളുടെ അടുത്ത് നിക്കാനും സംസാരിക്കാനും പ്രേക്ഷകർക്ക് ആഗ്രഹം ഇല്ലേ. ആ ഒരു അവസ്ഥയാണ് എനിക്കിപ്പോൾ. എതെങ്കിലും ചാനലുകാരെങ്കിലും എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കുമെന്ന് കരുതുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!