Review 2021 : ഓര്‍മകള്‍ ബാക്കിയാക്കി ബോളിവുഡിൽ നിന്നും വിട പറഞ്ഞവര്‍

Web Desk   | Asianet News
Published : Dec 23, 2021, 01:14 PM ISTUpdated : Dec 23, 2021, 02:04 PM IST
Review 2021 :  ഓര്‍മകള്‍ ബാക്കിയാക്കി ബോളിവുഡിൽ നിന്നും വിട പറഞ്ഞവര്‍

Synopsis

 ബോളിവുഡിലെ ഇതിഹാസ തുല്യരായവരെയാണ് 2021ൽ മരണം കൊണ്ടുപോയത്.

ന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം 2021 നഷ്ടങ്ങളുടെ വർഷമായിരുന്നു. ഇതിഹാസ തുല്യരായവര്‍ ഉള്‍പ്പടെ മണ്ണിൽ നിന്നും വിണ്ണിൽ ചേക്കേറിയ വർഷം. ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ഓരോ പൊലിഞ്ഞു പോക്കും സമ്മാനിച്ച നഷ്ടം വളരെ വലുതാണെന്ന് മനസ്സിലാകും. ബോളിവുഡിൽ നിന്നും നിരവധി പ്രമുഖ താരങ്ങളെയാണ് ഈ വർഷം നഷ്ടമായത്. 

ദിലീപ് കുമാർ



ബോളിവുഡിന് തീരാനഷ്ടം സമ്മാനിച്ച മാസമായിരുന്നു ജൂലൈ. ഹിന്ദി സിനിമയിലെ ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചത് ജൂലൈ ഏഴിനാണ്.  98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടർന്നാണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാർ. നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച മഹാനടൻ. 60 വർഷം കൊണ്ട് 40 സിനിമകളിൽ മാത്രം അഭിനയിച്ചു അദ്ദേഹം. മുഹമ്മദ് യൂസഫ് ഖാൻ എന്നായിരുന്നു യഥാർത്ഥ പേര്. 

രാജിവ് കപൂർ



ഹൃദയാഘാതത്തെ തുടര്‍ന്ന് ഫെബ്രുവരി 9നാണ് രാജിവ് കപൂര്‍ വിടപറയുന്നത്. 58 വയസ്സായിരുന്നു. പ്രശസ്ത നടന്‍ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജിവ് കപൂര്‍. 1983-ല്‍ പുറത്തിറങ്ങിയ ഏക് ജാന്‍ ഹേന്‍ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിതാവിന്റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗ മൈലി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആസ്മാന്‍, ലൗ ബോയ്, സബര്‍ദസ്ത്, ഹം തോ ചലേ പര്‍ദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 1996-ല്‍ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.

ശശികല സൈഗാൾ



1940-കളിൽ തുടങ്ങി നൂറുകണക്കിന് ബോളിവുഡ് സിനിമകളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച ചലച്ചിത്ര-ടെലിവിഷൻ നടിയായിരുന്നു ശശികല സൈഗാൾ. 2021 ഏപ്രിൽ നാലിനായിരുന്നു അവരുടെ അന്ത്യം. 2007ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ശശികലയ്ക്ക് ലഭിച്ചിരുന്നു. 

സ്വാതിലേഖ സെൻഗുപ്ത



ഒരു ബംഗാളി നടിയായിരുന്നു സ്വാതിലേഖ സെൻഗുപ്ത. അഭിനേത്രിയെന്ന നിലയിൽ ഇന്ത്യൻ നാടകരംഗത്തെ സംഭാവനകൾക്ക് സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിരുന്നു. ജൂൺ 16നായിരുന്നു സ്വാതിലേഖയുടെ വിയോ​ഗം. നിരവധി ഹിന്ദി സിനിമകളിലും അവര്‍ തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. 

സുരേഖ സിക്രി



ഹൃദയാഘാതം മൂലം ജൂലൈ 16നായിരുന്നു സുരേഖ സിക്രിയുടെ അന്ത്യം. ഹിന്ദി നാടകങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് സുരേഖ സിക്രി. 1978-ല്‍ കിസാ കുര്‍സി കാ എന്ന സിനിമയില്‍ അഭിനയിച്ചു. 1988-ലെ തമസ്, 1995-ലെ മാമ്മോ 2011-ലെ ബധായി ഹോ തുടങ്ങിയ സിനിമകളിലൂടെ മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്‍കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1971ല്‍ നാഷണല്‍ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ഹിന്ദിക്ക് പുറമേ മലയാളത്തിലടക്കമുള്ള സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു. ഹിന്ദി നാടകങ്ങളില്‍ നല്‍കിയ സംഭാവനകള്‍ക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം  ലഭിച്ചിട്ടുണ്ട്.

സിദ്ധാർത്ഥ് ശുക്ല



ഈ വർഷം ഭാഷാ ഭോദമെന്യേ ഏവരുടെയും ഉള്ളുലച്ച വിയോ​ഗമായിരുന്നു സിദ്ധാര്‍ഥ് ശുക്ലയുടേത്. ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 ടൈറ്റില്‍ വിന്നറായിരുന്ന സിദ്ധാർത്ഥ് മരിക്കുന്നത് 40മത്തെ വയസിലാണ്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മോഡല്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിച്ച സിദ്ധാര്‍ഥ് ശുക്ല 'ബാബുള്‍ കാ ആംഗന്‍ ഛൂടേ നാ' എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീടും സീരിയലുകളില്‍ തുടര്‍ന്ന സിദ്ധാര്‍ഥിന് വലിയ ബ്രേക്ക് നല്‍കിയത് 'ബാലികാ വധു' എന്ന സീരിയലാണ്. ബിഗ് ബോസ് 13 കൂടാതെ ഝലക് ഡിഖ്‍ലാ ജാ 6, ഫിയര്‍ ഫാക്റ്റര്‍: ഖാത്രോണ്‍ കെ ഖിലാഡി 7 എന്നീ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. കരണ്‍ ജോഹറിന്‍റെ നിര്‍മ്മാണത്തില്‍ 2014ല്‍ പുറത്തെത്തിയ 'ഹംപി ശര്‍മ്മ കി ദുല്‍ഹനിയ' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ബോളിവുഡിലേക്ക് എത്തിയത്. പിന്നീട് ഒരു ചിത്രത്തില്‍ കൂടിയേ അഭിനയിച്ചിട്ടുള്ളൂ.

ഘനശ്യാം നായക്



ക്യാൻസർ ബാധയെ തുടർന്നാണ് നടൻ ഘനശ്യാം നായക് അന്തരിച്ചത്. താരക് മേത്ത കാ ഊൾട്ട ചാഷ്മ എന്ന ടെലിവിഷൻ ഷോയിലെ 'നാട്ടുകാ' എന്ന കഥാപാത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. 100-ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഗുജറാത്തി, ഹിന്ദി നടനായിരുന്നു. 350-ലധികം ടെലിവിഷൻ ഷോകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 'ഖിച്ഡി', 'സാരാഭായി വേഴ്സസ് സാരാഭായ്' തുടങ്ങിയ ടെലിവിഷൻ ഷോകളിലെ പ്രകടനത്തിനും അദ്ദേഹം അംഗീകരിക്കപ്പെട്ടിരുന്നു.

മിനു മുംതാസ്



1950കളിലെയും 1960കളിലെയും ഹിന്ദി സിനിമാ നടിയായിരുന്നു മിനു മുംതാസ്. ഇന്ത്യയിലെ പ്രമുഖ ഹാസ്യനടൻ മെഹമൂദ് അലിയുടെ സഹോദരി കൂടിയാണവർ. കൂടുതലും നർത്തകി ആയിട്ടും സ്വഭാവ നടിയായിട്ടും ആയിരുന്നു മിനു സിനിമകളിൽ അഭിനയിച്ചത്. ഒക്ടോബർ 23നായിരുന്നു വിയോ​ഗം. 

അനുപം ശ്യാം

ഓ​ഗസ്റ്റ് ഒമ്പതിനാണ് നടൻ അനുപം ശ്യാമിന്റെ വിയോ​ഗം. വൃക്ക സംബന്ധമായ അസുഖത്തെ തുർന്നായിരുന്നു അന്ത്യം. 
‘മൻ കി ആവാസ്: പ്രതിജ്ഞ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അനുപം ശ്രദ്ധേയനാകുന്നത്. ‘മൻ കി ആവാസ്: പ്രതിജ്ഞ’ യുടെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുത്തു കൊണ്ടിരിക്കേയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സ്ലംഡോഗ് മില്യനർ, ബന്ദിത് ക്വീൻ, സത്യ, ദിൽസേ, ലഗാൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

ബിക്രംജീത് കൻവർപാൽ

സിനിമാ ടെലിവിഷൻ താരം ബിക്രംജീത് കന്‍വര്‍പാല്‍ കൊവിഡ് ബാധിച്ചായിരുന്നു മരിച്ചത്. 52 വയസായിരുന്നു. 
സൈനികനായിരുന്ന ബിക്രംജീത് കന്‍വര്‍പാല്‍ 2002ൽ മേജറായി വിരമിക്കുകയും തൊട്ടടുത്ത വർഷം പേജ് 3 എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുകയുമായിരുന്നു. റോക്കറ്റ് സിംഗ്: സെയിൽസ്മാൻ ഓഫ് ദി ഇയർ, ക്രീച്ചർ 3ഡി, ഹൊറർ സ്റ്റോറി, പ്രേം രതന്‍ ധന്‍ പായോ, മര്‍ഡര്‍ ടു, ദി ഖാസി അറ്റാക്ക്, ടു സ്റ്റേറ്റ്സ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിസ്മത്, സിയാസാത്, യേ ഹേ ചാഹ്തേ, സ്പെഷ്യൽ ഒപിഎസ് തുടങ്ങിയ മിനി സ്ക്രീൻ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രമായെത്തി. 24 എന്ന ടെലിവിഷൻ പരമ്പരയിൽ അനിൽ കപൂറിനോടൊപ്പം സ്ക്രീൻ പങ്കിട്ടുണ്ട്.

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്