'അടിമുടി തട്ടിപ്പുകാരന്‍, എന്നെയും പറ്റിച്ചു' : വിജേഷ് പിള്ളയെക്കുറിച്ച് സംവിധായകന്‍ മനോജ് കാന

By Vipin PanappuzhaFirst Published Mar 10, 2023, 5:42 PM IST
Highlights

കെഞ്ചിറ എന്ന ചിത്രം തന്‍റെ ഒടിടി പ്ലാറ്റ്ഫോമിന്‍റെ പരസ്യത്തിനും മറ്റും ഉപയോഗിച്ച വിജേഷ്. പക്ഷെ ഒരു തരത്തിലും ഒടിടി പ്ലാറ്റ്ഫോം നടത്തേണ്ട ഒരു സംവിധാനവും ഇല്ലാത്തയാളാണെന്നും മനോജ് കാന പറയുന്നു.

പയ്യന്നൂര്‍: ഇടനിലക്കാരനെന്ന് സ്വപ്‍ന സുരേഷ് ആരോപിക്കുന്ന വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കിയെന്ന് സംവിധായകൻ മനോജ്‌ കാന. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 'കെഞ്ചിറ' സിനിമ ഒടിടി യിലൂടെ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്നും മനോജ് കാന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് വെളിപ്പെടുത്തി.

'കെഞ്ചിറ' എന്ന ചിത്രം തന്‍റെ ഒടിടി പ്ലാറ്റ്ഫോമിന്‍റെ പരസ്യത്തിനും മറ്റും വിജേഷ് ഉപയോഗിച്ചു. പക്ഷെ ഒരു തരത്തിലും ഒടിടി പ്ലാറ്റ്ഫോം നടത്തേണ്ട ഒരു സംവിധാനവും ഇല്ലാത്തയാളാണെന്നും മനോജ് കാന പറയുന്നു. സിനിമ മേഖലയിലെ പലരെയും വിജേഷ് പറ്റിച്ചിട്ടുണ്ട് മനോജ് കാന പറയുന്നു. 2019ലാണ് 'കെഞ്ചിറ' എന്ന പടം നിര്‍മ്മിച്ചത്. നേര് കള്‍ച്ചറല്‍ സൊസേറ്റി എന്ന സൗഹൃദ കൂട്ടായ്മയാണ് അത് നിര്‍മ്മിച്ചത്. തുടര്‍ന്ന് 'കെഞ്ചിറ' ചലച്ചിത്ര മേളകളില്‍ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം, ഛായഗ്രഹണം, കോസ്റ്റ്യൂം എന്നീ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ചിത്രം നേടി. ഒരു ദേശീയ അവാര്‍ഡും ചിത്രത്തിന് ലഭിച്ചു. തുടര്‍ന്നാണ്  'കെഞ്ചിറ'യുടെ  ഒടിടി റിലീസിനായി വിജേഷ് പിള്ള ബന്ധപ്പെടുന്നത് എന്ന് മനോജ് കാന പറഞ്ഞു.

ഒടിടിക്കാര്‍ സാധാരണ സിനിമയുടെ അവകാശം സ്വന്തമാക്കുന്നത് മൊത്തം തുകയ്‍ക്കാണ്.  രണ്ടാമത്തെ രീതി അത് പ്രദര്‍ശിപ്പിച്ച് കിട്ടുന്ന വരുമാനം ഷെയര്‍ ചെയ്യുകയാണ്. വലിയ അന്താരാഷ്ട്ര സങ്കേതിക വിദ്യയോടെയാണ് തന്‍റെ പ്ലാറ്റ് ഫോം എന്നാണ് വിജേഷ് പിള്ള  പറഞ്ഞിരുന്നത്. ഇതെല്ലാം വിശ്വസിച്ചാണ് അയാള്‍ക്ക് പടം നല്‍കിയത്. എന്നാല്‍ അയാളുടെ അവകാശവാദം തീര്‍ത്തും പൊള്ളയാണെന്ന് പിന്നീട് മനസിലായി. ഒരു ഒടിടി പ്ലാറ്റ്ഫോമിന്‍റെ അടിസ്ഥാന കാര്യം പോലും അയാളുടെ അടുത്ത് ഇല്ലായിരുന്നു. എത്ര പേര്‍ കണ്ടു എന്നത് അറിയാന്‍ അയാള്‍ കാണിച്ച ഡാഷ് ബോര്‍ഡ് അടക്കം തട്ടിപ്പായിരുന്നു.

അങ്ങനെ നാട്ടുകാര്‍ക്ക് പടം കാണാന്‍ പോലും പറ്റുന്നില്ല എന്ന അവസ്ഥയിലാണ് എന്ന് മനസിലായപ്പോള്‍ അയാളില്‍ നിന്നും പടം തിരിച്ചെടുത്തു. ഒടിടിക്ക് കൊടുത്ത പടം തിരിച്ചുവാങ്ങാൻ അങ്ങോട്ട് അയാള്‍ക്ക് പണം കൊടുക്കേണ്ടി വന്നു. 2020 ലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. അന്ന് ഇതെല്ലാം പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നെങ്കിലും വലിയ വാര്‍ത്തയായില്ല. ഇപ്പോള്‍ ഇയാള്‍ ഇങ്ങനെ വിവാദത്തിലായപ്പോള്‍ വീണ്ടും പറയുകയാണ്. ഒരിക്കല്‍ ഒരു ഒടിടിക്ക് നല്‍കിയ ചിത്രം ആയതിനാല്‍ 'കെഞ്ചിറ' പിന്നീട് ആരും വാങ്ങിയുമില്ല. ഇതിനെതിരെ ഹൈക്കോടതി വഴി  വിജേഷ് പിള്ളയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അയാള്‍ പ്രതികരിച്ചില്ല. പിന്നീട് സാമ്പത്തിക ബാധ്യതയും മറ്റും ആലോചിച്ച് കൂടുതല്‍ നിയമ നടപടിയിലേക്ക് പോയില്ലെന്നും മനോജ് കാന പറയുന്നു.

അടിമുടി തട്ടിപ്പുകാരനാണ് വിജേഷ്. അയാള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷുമായി ഒരു ബന്ധവും ഉണ്ടാകാനിടയില്ലെന്നാണ് തോന്നുന്നത്. എം വി ഗോവിന്ദനെ പോലുള്ളവരെ അറിയാമെന്ന് പറഞ്ഞെങ്കിൽ അത് നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ്. സ്വപ്‍നയുമായി ചേർന്ന് നടത്തിയ നീക്കമാണോ ഇപ്പോഴത്തെ ആരോപണങ്ങളും വിവാദങ്ങളും എന്ന് സംശയമുണ്ടെന്നും നാടുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ഇയാളെന്നും മനോജ്‌ കാന ഏഷ്യാനെറ്റ്‌ ന്യൂസ് ഓണ്‍ലൈനോട്  പറഞ്ഞു. വരുന്ന ഏപ്രില്‍ 17ന് തന്‍റെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ് മനോജ് കാന.

ജവാനിലെ രംഗം ചോര്‍ന്നു; 'മാസ് ചിത്രങ്ങളുടെ ബാപ്പ്' എന്ന് ആരാധകര്‍ വന്‍ ആവേശത്തില്‍

 

click me!