IFFK: ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടര്‍ച്ച, പുതുതലമുറയുടെ പാഠപുസ്തകം

Published : Dec 14, 2025, 11:54 AM IST
I Shanmughadas

Synopsis

കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന ഫിലിം സൊസൈറ്റികള്‍ ആണ് മേളയെ ഇങ്ങിനെ മുന്‍നിരയില്‍ എത്തിച്ചത്- ഐ ഷണ്‍മുഖദാസ് എഴുതുന്നു.

ഇന്ത്യയുടെ അന്താരാഷ്ട്രചലച്ചിത്രമേള എഴുപത്തിരണ്ട് വര്‍ഷം മുമ്പാണ് ബോംബെയില്‍ ആരംഭിക്കുന്നത്. അതേ മേള, അതേ വര്‍ഷത്തില്‍, ഡല്‍ഹിയിലും മദിരാശിയിലും ബോംബെയിലും എത്തി (തൃശ്ശൂരില്‍ നിന്നും ആ മേള കാണാന്‍ മദിരാശിയിലെത്തിയ ഒരാളായിരുന്നു, ഗാനരചയിതാവും ഇച്ചിരിയമ്മ മെമ്മോറിയല്‍ ലൈബ്രറിയുടെ സംഘടകനുമായ കാറളം ബാലകൃഷ്ണന്‍. (സിനിമയുമായി ബന്ധപ്പെട്ടവയടക്കം സമ്പന്നമായ അദ്ദേഹത്തിന്റെ ശേഖരത്തിലെ പത്രങ്ങളും വാരികകളും മാസികകളും ഇപ്പോള്‍, സാഹിത്യ അക്കാദമിയുടെ അയ്യന്തോളിലുള്ള അപ്പന്‍ തമ്പുരാന്‍ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു). ആ മേള, ഇന്‍ഡ്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം കൂടുതല്‍ ശക്തിപ്പെടുന്നതിന് വലിയ പ്രചോദനമായി മാറി.

സത്യജിത് റായിയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ കല്‍ക്കട്ട ഫിലിം രൂപീകരിക്കുന്നത് 1947 -ല്‍ ആയിരുന്നു. എട്ടു വര്‍ഷം കഴിയുന്നതോടെ റായിയുടെ ലോകപ്രശസ്തമായ 'പഥേര്‍ പാഞ്ചാലി' ഇറങ്ങി. അതേ വര്‍ഷം തന്നെയാണ്, റായിയുടെ ചിത്രം ഇറങ്ങുന്നതിനും മുമ്പ്, കേരളത്തിലെ വിദ്യാര്‍ഥികളുടെ ഒരു കൂട്ടായ്മ, 'ന്യൂസ്‌പേപ്പര്‍ ബോയ്' എന്ന സിനിമ നിര്‍മ്മിക്കുന്നത്. പി. രാമദാസ് ആയിരുന്നു സംവിധായകന്‍. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി ഒരര്‍ഥത്തില്‍ തൃശ്ശൂരില്‍ അതേ വര്‍ഷം ആരംഭിച്ച ഒരു ഫിലിം സൊസൈറ്റിയാണ്. അവരുടെ പ്രവര്‍ത്തനം വളരെ പരിമിതമായിരുന്നു. ഒരു സുവനീര്‍ ഇറക്കിയതും 'ന്യൂസ്‌പേപ്പര്‍ ബോയി'ലെ ബാലനടന് ഒരു സ്വീകരണം നല്കിയതും അല്ലാതെ ചലച്ചിത്ര പ്രദര്‍ശനമോ മറ്റു പ്രവര്‍ത്തങ്ങളോ അവര്‍ക്ക് അവകാശപ്പെടാനില്ല,

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടര്‍ച്ച

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ),കേരളത്തിന്റെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഒരു തുടര്‍ച്ച തന്നെയാണ്. മറ്റൊരു സ്ഥലത്തും ഇല്ലാത്തതു പോലെ അത്രയും ഫിലിം സൊസൈറ്റികള്‍ കേരളത്തില്‍ ഉണ്ട്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയും തിരുവനന്തപുരം, തൃശ്ശൂര്‍, ചിറ്റൂര്‍, പറവൂര്‍, കോഴിക്കോട്, എന്നിവിടങ്ങളിലായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സിനിമാ തീയറ്ററുകളും ഉണ്ടാകുന്നതില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും ചെറുതല്ലാത്ത പങ്കാണുള്ളത്. തുടങ്ങിയത് കോഴിക്കോടാണ് എങ്കിലും, കൂടുതല്‍ തീയറ്ററുകളും മറ്റു സൗകര്യങ്ങളും ഉള്ളത് കൊണ്ട്, പിന്നീട് തിരുവനന്തപുരത്ത് തന്നെ കേരളത്തിന്റെ ചലച്ചിത്രമേള സ്ഥിരമായി മാറി. ഇന്ത്യയുടെ മേള (ഐഎഫ്എഫ്‌ഐ തുടങ്ങുന്നത് 1952-ല്‍ ആണ്. 1953-ല്‍ ആണ്, ബിമല്‍ റോയ് സംവിധാനം ചെയ്ത 'ദോ ബീഗ സമീന്‍' ഇറങ്ങുന്നത്. വിറ്റോറിയ ഡിസീക്കയുടെ 'ബൈസിക്കിള്‍ തീവസ്' ആയിരുന്നത്രെ പ്രചോദനം). സിഡിറ്റിന്റെ ആഭിമുഖ്യത്തില്‍ ഐവിഫെസ്റ്റ് എന്ന ഇന്റര്‍നാഷണല്‍ വീഡിയോ ഫിലിം ഫെസ്റ്റിവല്‍ നടന്നത് 1995ല്‍ തിരുവനന്തപുരത്ത് തന്നെയാണ്). ഗോവയില്‍ ഇന്ത്യയുടെ അന്താരാഷ്ട്രമേള സ്ഥിരമാകുന്നതിന് മുമ്പ്, രണ്ടു വട്ടം ഐഎഫ്എഫ്‌ഐ തിരുവനനന്തപുരത്തും എത്തി.

 

യുവത്വത്തിന്റെ മേള

സിനിമ കാണുന്നതിലൂടെ മാത്രമല്ല, സിനിമയ്ക്കു മുന്നിലും പിന്നിലും ഉള്ള മനുഷ്യരുമായുള്ള ബന്ധങ്ങളിലൂടെയും, സമ്പന്നമായ ഒരനുഭവമണ്ഡലം രൂപപ്പെടുന്നതിന് മേളകള്‍ സഹായകരമായിട്ടുണ്ട്. മേളകളിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ നിരവധിയാണ്. ഒരു പക്ഷേ, ജനപങ്കാളിത്തം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രമേള എന്നു വിശേഷിപ്പിക്കാവുന്ന ഐഎഫ്എഫ്‌കെയില്‍ ആയിരിക്കണം ഏറ്റവും കൂടുതല്‍ യുവാക്കള്‍ എത്തുന്നത്. സ്‌കൂള്‍ തലത്തിലും കോളേജ് തലത്തിലും സിനിമ പാഠ്യവിഷയമായിരിക്കുന്നത് മാത്രമല്ല ഇതിന് കാരണം. ഏറ്റവും കൂടുതല്‍ ഫിലിം സ്‌കൂളുകള്‍ ഉള്ള സംസ്ഥാനം ആണ് കേരളം (കേരളത്തിലെ ആദ്യത്തെ ഫിലിം സ്‌കൂളുകളില്‍ ഒന്നായ കലാഭാരതി തുടങ്ങിയത്, ജെ. സി. ഡാനിയല്‍ അവാര്‍ഡ് ജേതാവായ പി. രാമദാസിന്റെ നേതൃത്വത്തില്‍ ആയിരുന്നു. 1974-ല്‍ തൃശ്ശൂരില്‍ ആരംഭിച്ച കലാഭാരതിയിലെ ഒരു വിദ്യാര്‍ഥിയായിരുന്നു സംവിധായകനായ കമല്‍. സേതുവിന്റെ കൃതിയെ ആധാരമാക്കി നിര്‍മ്മിക്കപ്പെട്ട 'ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം' സംവിധാനം ചെയ്ത ജൊ ചാലിശ്ശേരിയും ഇതേ ഫിലിം സ്‌കൂളിലെ വിദ്യാര്‍ഥി ആയിരുന്നു. ജൊ ഇപ്പോള്‍ ചേതന മീഡിയ ഇന്‍സ്റ്റിറ്റൂട്ടിലെ അദ്ധ്യാപകന്‍ ആണ്). ഒന്നില്‍ കൂടുതല്‍ യുവാക്കള്‍ അടുത്ത കാലത്ത് കണ്ടപ്പോള്‍ പറഞ്ഞത്, ഐഎഫ്എഫ്‌കെയില്‍ വെച്ച് മുമ്പ് പരിചയപ്പെട്ടിരുന്നു എന്നാണ്. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള ഒരു തരത്തില്‍ ഇങ്ങിനെയുള്ള യുവാക്കളുടെ അനൗപചാരികമായ ഫിലിം സ്‌കൂള്‍ തന്നെയാണ്. യുവാക്കളെ പ്രചോദിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് കേരളത്തിന്റെ ചലച്ചിത്രോത്സവം.

ചലച്ചിത്രാസ്വാദനത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് എന്നതുപോലെ, ചലച്ചിത്രനിര്‍മ്മാണവും സംവിധാനവും അടക്കം സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സര്‍ഗ്ഗാത്മകമായ വളര്‍ച്ചയ്ക്ക് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള തുടര്‍ന്നും പ്രചോദനവും പശ്ചാത്തലവും ആയിരിക്കും എന്നു പ്രതീക്ഷിക്കാം. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി, കൂടുതല്‍ യുവാക്കളും സ്ത്രീകളും ഇപ്പോള്‍ കേരളത്തിന്റെ മേളയ്ക്ക് എത്തിച്ചേരുന്നതും ശുഭോദര്‍ക്കമാണ്. കല്‍ക്കട്ട ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചത്, 1995ല്‍ ആണ്. അടുത്ത വര്‍ഷം തന്നെ കേരളത്തിന്റെ മേളയും ആരംഭിച്ചു. ഐഎഫ്എഫ്‌ഐ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളയായി അധികം വൈകാതെ ഐഎഫ്എഫ്‌കെ മാറുകയുണ്ടായി. കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന ഫിലിം സൊസൈറ്റികള്‍ ആണ് മേളയെ ഇങ്ങിനെ മുന്‍നിരയില്‍ എത്തിച്ചത്. മുംബൈയിലും കൊല്‍ക്കത്തയിലും നടക്കുന്ന മേളകളില്‍ ഈ രീതിയില്‍ ഒരു പ്രാതിനിധ്യസ്വഭാവം ഉണ്ട് എന്നു തോന്നുന്നില്ല. അറുപതുക ളുടെ പകുതിയില്‍ ആരംഭിച്ച്, എഴുപതുകളിലും എണ്പതുകളിലും ശക്തി പ്രാപിച്ച കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം, ഇന്നും മേളയുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു. മേളയുടെ സ്വഭാവത്തെ തന്നെ നിര്‍ണ്ണയിക്കുന്നതിലും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ചെറുതല്ലാത്ത സംഭാവന നല്‍കാന്‍ കഴിഞ്ഞു.

മേളയ്‌ക്കൊപ്പമുള്ള യാത്രകള്‍

ഒന്നില്‍ കൂടുതല്‍ തവണ മേളയുടെ നടത്തിപ്പിലും ഭാഗഭാക്കാകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണ്‍ ചെയര്‍മന്‍ ആയിരിക്കുമ്പോള്‍ ഒരിക്കല്‍ മേള നടന്നത് കൊച്ചിയില്‍ വെച്ചായിരുന്നു. ആ മേളയിലെ മലയാളം ഡെയ്‌ലി ബുള്ളറ്റിന്റെ ചുമതല ഉണ്ടായിരുന്നു (ഇംഗ്ലീഷ് ബുള്ളറ്റിന്‍ ചുമതല അന്തരിച്ച എം. കെ. ഡി. വാരിയര്‍ക്കായിരുന്നു. റോബെര്‍ട്ടൊ റോസല്ലിനി 'ഇന്ത്യ -മാതൃഭൂമി' എന്ന സിനിമയെടുക്കാന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍, എം. കെ. ഡി. വാരിയര്‍ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്). സെന്റ് ആല്‍ബെര്‍ട്‌സ് കോളേജിലെ ഏതോ ക്ലാസ് മുറികളില്‍ ആയിരുന്നു ദിനസരിയുടെ പത്രമാപ്പീസ്. തൊട്ടടുത്തു തന്നെ അക്കാലത്ത് സരിത, സംഗീത, സവിത എന്നീ മൂന്നു തീയറ്ററുകള്‍ ആണുണ്ടായിരുന്നത്.

ഗിരീഷ് കര്‍ണാഡ് അന്തരിച്ചതിന് ശേഷം നടന്ന മേളയില്‍ തമ്പാനൂരിലെ നിളയില്‍ വെച്ച് അദ്ദേഹത്തെ അനുസ്മരിച്ച് ഏതാനും മിനിറ്റുകള്‍ സംസാരിച്ചത് ഓര്‍ക്കുന്നു. കേരള സംഗീതനാടക അക്കാദമിയുടെ പരമോന്നത ബഹുമതിയായ അമ്മന്നൂര്‍ പുരസ്‌ക്കാരം ബാദല്‍ സര്‍ക്കാരിന് നല്‍കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ജ്‌നാനപീഠജേതാവും നടനും നാടകകൃത്തും ചലച്ചിത്രസംവിധായകനും ആയ ഗിരീഷ് കര്‍ണാഡ് പതിനഞ്ച് വര്‍ഷം മുമ്പ് തൃശ്ശൂരില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ പരിചയപ്പെടാനും അഭിമുഖം നടത്താനും കഴിഞ്ഞത് കൊണ്ടാണ് ആത്മബന്ധത്തോടെ അനുസ്മരണപ്രഭാഷണം നടത്താന്‍ സാധിച്ചത്. എ. കെ. രാമാനുജന്റെ ഒരു നാടന്‍ കഥയെ ആധാരമാക്കി എഴുതിയ രചനയാണ് കര്‍ണാഡ്, 'ചെലുവി' എന്ന സിനിമയാക്കിയത്. തൃശ്ശൂരില്‍ വെച്ച് സംസാരിക്കുന്നതിനിടയ്ക്ക്, ആ സിനിമയുടെ ഷൂട്ടിങ്ങിന് തൃശ്ശൂരിലെത്തിയതും വെള്ളിനേഴി മനയില്‍ വെച്ച് ഷൂട്ടിങ് നടത്തിയതും അദ്ദേഹം ഓര്‍ക്കുകയുണ്ടായി. കെ. ആര്‍. മോഹനന്‍ ചെയര്‍മന്‍ ആയിരുന്നപ്പോള്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് ജൂറിമാരില്‍ ഒരാളായ അനുഭവവും ഉണ്ട്. വെര്‍ണര്‍ ഹെര്‍സോഗിനെ ആയിരുന്നു ആ അവാര്‍ഡിന് ജൂറി നിര്‍ദ്ദേശിച്ചത്. എഴുപതുകള്‍ തൊട്ടു തന്നെ ഫിലിം സൊസൈറ്റികള്‍ പതിവായി പ്രദര്‍ശിപ്പിച്ചിരുന്ന 'അഗിറെ'യുടെ സംവിധായകന്‍ എന്ന നിലയില്‍ ജര്‍മ്മന്‍കാരനായ ഹെര്‍സോഗ് കേരളത്തില്‍ പരിചിതനായിരുന്നു. എഴുത്തുകാരനും പദസഞ്ചാരിയും ലോസ് ആഞ്ചലസ്സിലെ റോഗ് ഫിലിം സ്‌കൂള്‍ സ്ഥാപകനും ആയ അദ്ദേഹവുമായി അഭിമുഖം നടത്തിയത്, ചലച്ചിത്ര അക്കാദമിക്ക് വേണ്ടിയായിരുന്നു. ആ അഭിമുഖത്തിന്റെ അവസാന ഭാഗത്ത്, ഹെര്‍സോഗ് എടുത്തു പറഞ്ഞത്, വായനയുടെ പ്രാധാന്യത്തെ കുറിച്ചായിരുന്നു. തന്റെ ഫിലിം സ്‌കൂളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തുടക്കത്തില്‍ തന്നെ പുസ്തകങ്ങളുടെ ഒരു പട്ടിക നല്കുമെന്നും ആ പട്ടികയില്‍ വൈവിധ്യത്തിന് പ്രാധാന്യം ഉണ്ടായിരിക്കും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

പ്രതിഭകളുമായി മുഖാമുഖം

ഐഎഫ്എഫ്‌കെയില്‍ തങ്ങളുടെ സിനിമകളുമായി എത്തിയ ലോകപ്രശസ്തരായ പല സംവിധായകരുമായി അഭിമുഖങ്ങളും നടത്താനായി എന്നത് മറ്റൊരു രീതിയില്‍ ലോകസിനിമയുടെ അനുഭവം വികസിതമാക്കുവാനും അഗാധമാക്കുവാനും സഹായകമായി. സിനിമയെ കുറിച്ചുള്ള വായന പോലെ, ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള അഭിമുഖങ്ങളും, ഒരു ചലച്ചിത്രനിരൂപകന്‍ എന്ന നിലയില്‍ പ്രധാനം തന്നെ എന്നു തിരിച്ചറിയുന്നു. മേളയുടെ അനുബന്ധമായി നടത്തപ്പെടുന്ന ചര്‍ച്ചകളും സംവിധായകരുമായുള്ള മുഖാമുഖങ്ങളും ശില്‍പ്പശാലകളും ഓപ്പണ്‍ ഫോറവും എല്ലാം പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. മേളയോടനുബന്ധിച്ച് നടക്കാറുള്ള എക്‌സിബിഷനുകളും ഓര്‍ക്കുന്നു. മേളയുടെ തിരക്കിനിടയില്‍ അല്പം സമയം കണ്ടെത്തി നടത്തപ്പെടാറുള്ള സിനിമയുമായി ബന്ധപ്പെട്ട പുസ്തകപ്രകാശനങ്ങളുടെ ഒരു ലഘുചരിത്രം എം.എ.യ്‌ക്കൊ ഫിലിം സ്‌കൂളുകളിലോ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ആരെങ്കിലും തയ്യാറാക്കും എന്നു പ്രതീക്ഷിക്കുക. മേളയുടെ ആദ്യദിനങ്ങളില്‍ തന്നെ പുസ്തകപ്രകാശനങ്ങള്‍ നടന്നാല്‍ മാത്രമേ കാര്യമായ വില്‍പ്പന നടക്കൂ എന്നതും പ്രധാനം.

വി. അരവിന്ദാക്ഷന്‍ പത്രാധിപരായിരുന്ന 'ദൃശ്യകല'യ്ക്കും കെ. ജി. രഘുരാമന്‍ പത്രാധിപരായിരുന്ന 'സരോവരം','സുകൃതം' എന്നീ മാസികകള്‍ക്കും വേണ്ടിയാണ് സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളിലും ആയി നടത്തിക്കൊണ്ടിരുന്നത്. ആ അനുഭവങ്ങളുടെ തുടര്‍ച്ചയില്‍ ആണ്, കേരള അന്താരാഷ്ട്രമേളയ്ക്ക് അതിഥികളായെത്തിയ സംവിധായകരുമായുള്ള അഭിമുഖങ്ങള്‍ നടക്കുന്നത്. ചൈനയില്‍ നിന്നുള്ള ഷ്യ ഫെ (Xie Fei), റഷ്യയില്‍ നിന്നുള്ള സൊഖോറോവ് (Alexander Sokhurov), തുര്‍ക്കിയില്‍ നിന്നുള്ള നൂറി ബില്‍ജ് സെയ്‌ലന്‍ (Nuri Bilge Ceylan), സെമി കാപ്ലോനോഗ്ലു (Semih Kaplonoglu), എത്യോപിയന്‍ സംവിധായകനായ ഹെയ്‌ലി ഗെരിമ (Haile Gerima/ethiopia/aravindhan memorial lecture) തെക്കന്‍ കൊറിയയില്‍ നിന്നുള്ള കിം കി ഡുക്ക് (Kim Ki Duk), ലോര്‍ക്കയുടെ കാവ്യനാടകങ്ങളെ ആധാരമാക്കി നൃത്തസിനിമകളെടുത്ത സ്പാനിഷ് സംവിധായകനും കേരള മേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്ഡ് ജേതാവുമായ കാര്‍ലോസ് സൌറ (Carlos Saura),കേരളത്തില്‍ എഴുപതുകള്‍ മുതല്‍ ഫിലിം സൊസൈറ്റികള്‍ പ്രദര്‍ശിപ്പിച്ചിരുന്ന 'ക്ലോസ്ലി ഗാര്‍ഡഡ് ട്രെയ്ന്‍' സംവിധാനം ചെയ്ത ചെക്ക് സംവിധായകനായ ജിറി മെന്‍സില്‍ (Jiri Menzil) തുടങ്ങി നിരവധി സംവിധായകരെ കാണുവാനും അവരുമായി അഭിമുഖം നടത്താനും കഴിഞ്ഞത് തിരുവനന്തപുരത്ത് വെച്ചാണ്.2016ല്‍ കേരള മേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജിറി മെന്‍സിലിനാണ് ലഭിച്ചത്.

അരവിന്ദന്‍ സ്മാരകപ്രഭാഷണത്തിന് മേളയിലെത്തിയ അബ്ബാസ് കിറോസ്തമിയുമായി ഒരഭിമുഖത്തിന് ശ്രമിക്കാന്‍ പ്രേരിപ്പിച്ചത്, പതിനഞ്ച് വര്‍ഷം മുമ്പ് നമ്മെ വിട്ടുപോയ സി. ശരത്ചന്ദ്രന്‍ ആയിരുന്നു. എന്നാല്‍, കിറോസ്തമി അതില്‍ തെല്ലും താല്‍പ്പര്യം കാണിച്ചില്ല. സ്മാരക പ്രഭാഷണം സ്വന്തം ഭാഷയില്‍ തന്നെയാണ് അദ്ദേഹം നടത്തിയത്. അതേ സമയം, അരവിന്ദന്‍ സ്മാരകപ്രഭാഷണത്തിന് പിന്നീടൊരിക്കല്‍ എത്തിയ 'ടെസ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും അമേരിക്കയിലെ ഹൊവാര്‍ഡ് സര്‍വ്വകലാശാലയിലെ ഫിലിം അദ്ധ്യാപകനും ആയ ഹെയ്‌ലി ഗെരിമയുമായി ഒരു നല്ല അഭിമുഖം നടത്താന്‍ കഴിഞ്ഞു. സിനിമയോടുള്ള 'പാഷന്‍'എന്ന സങ്കല്‍പ്പത്തെ ഗെരിമ ആ അഭിമുഖത്തില്‍ വിമര്‍ശിക്കുകയുണ്ടായി. കാര്‍ലോസ് സൗറയുമായി നടത്തിയ അഭിമുഖത്തിന്റെ ഒരു സവിശേഷത, ക്യു നില്‍ക്കേണ്ടി വന്ന അനുഭവമാണ്. ദ്വിഭാഷിയിലൂടെ ആയിരുന്നു അഭിമുഖം.

'റഷ്യന്‍ ആര്‍ക്ക്' (Russian Ark) സംവിധാനം ചെയ്ത അലക്‌സാണ്ടര്‍ സോകുറോവുമായി അഭിമുഖം നടത്താന്‍ കഴിഞ്ഞതും ഐഎഫ്എഫ്‌കെയിലൂടെ ലഭിച്ച ഒരു നേട്ടമാണ്. സെന്റ് പീറ്റര്‍സ്‌ബെര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തെ കുറിച്ചുള്ള 96 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ സവിശേഷത, ഒരൊറ്റ ഷോട്ടില്‍ ഉള്ള ചലച്ചിത്രം ആണ് ഇത് എന്നതാണ്. ഒരൊറ്റ ടെയ്ക്കില്‍ എടുത്ത ചിത്രം. ഹിറ്റ്‌ലറെ കുറിച്ചുള്ള 'മൊലോക്ക്' (Moloch), ലെനിനെ കുറിച്ചുള്ള 'ടോറസ്' (Taurus), ഹിരോഹിതയെ കുറിച്ചുള്ള 'സണ്‍' (The Sun) തുടങ്ങിയവ ഇദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളാണ്. ഇദ്ദേഹത്തിന്റെ 'ഫോസ്റ്റ്'(Faust) വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ നേടി. കേരളത്തിന്റെ മേളയിലൂടെ നടന്ന ഒരു പ്രധാന 'ഡിസ്‌കവറി,' സെമി കാപ്ലോനൊലു എന്ന സംവിധായകനാണ്. കേരളത്തിന്റെ മേളയില്‍ എത്തിയിട്ടുള്ള ലോകപ്രശസ്ത സംവിധായകനായ സെയ്‌ലനുമായി അഭിമുഖം നടത്താന്‍ കഴിഞ്ഞില്ല എങ്കിലും, അദ്ദേഹത്തിന്റെ മൂന്നു മണിക്കൂറിലേറെ ദൈര്‍ഘ്യം വരുന്ന 'വിന്റര്‍ സ്ലീപ്' കാണാന്‍ കഴിഞ്ഞു. കൂടാതെ, അദ്ദേഹത്തിന്റെ നാട്ടുകാരനായ കാപ്ലോനൊലുവിന്റെ 'എഗ്,' 'മില്‍ക്ക്,'ഹണി,'എന്നീ ചിത്രങ്ങള്‍ കാണുവാനും സംവിധായകനുമായി അഭിമുഖം നടത്തുവാനും സാധിച്ചു.

കിം കി ഡുക്ക് അഭിമുഖ അനുഭവം

കിം കി ഡുക്കുമായി അഭിമുഖം നടത്തിയത് പന്ത്രണ്ട് വര്‍ഷം മുമ്പ്. മേള അവസാനിച്ചതിനു ശേഷം അതിനായി ഒരു ദിവസം കൂടി തിരുവനന്തപുരത്ത് തങ്ങേണ്ടി വന്നു. വഴുതക്കാടുള്ള താജ് ഹോട്ടലില്‍ വെച്ച് അഭിമുഖം നടത്തിയത് മറ്റൊരു ദ്വിഭാഷിയുടെ സഹായത്തോടെ ആണ്. നെറ്റില്‍ നിന്ന് അത് കണ്ട കൊറിയയിലുള്ള മലയാളി സുഹൃത്ത് പറഞ്ഞത്, അവരുടെ വിവര്‍ത്തനം ശരിയായിരുന്നില്ല എന്നാണ്.

ആ മേളയിലെ താരം ആയിരുന്നു ആ ദിനങ്ങളില്‍ ഡുക്ക്. നഗരത്തിലെ തെരുവിലൂടെ ഒറ്റയ്ക്ക് നടന്നു പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞ് ആരാധനയോടെ കണ്ടിരുന്നതും കൈരളി തിയറ്ററില്‍ വെച്ച് ആരാധന മൂത്ത ഒരു യുവതി സംവിധായകന് ഒരു ചുംബനം നല്‍കിയതും ഓര്‍ക്കുന്നു. മി ടു കാലത്ത്, ഏറെ വിമര്‍ശനത്തിനും ഡുക്ക് വിധേയനായി. കോവിഡ് ബാധിതനായി യൂറോപ്പിലെ ലാത്വിയയില്‍ വെച്ചായിരുന്നു മരണം.

PREV
Read more Articles on
click me!

Recommended Stories

ജീവിതം യൗവനതീക്ഷ്ണവും ഹൃദയം സ്വപ്നസുരഭിലവുമായിരുന്ന ഒരു അസുലഭകാലഘട്ടം! | IFFK 2025
ലോകത്തിന്റെ വൈവിധ്യങ്ങളിലേയ്ക്ക് തുറന്നു വെച്ച സാംസ്‌കാരിക വാതില്‍