'ഇളയരാജ ജനിച്ചത് എനിക്കുവേണ്ടിയാണ്, ഞാന്‍ ഇളയരാജയ്ക്കുവേണ്ടിയും'; സിനിമയിലെത്തും മുന്‍പേ തളിരിട്ട സൗഹൃദം

By Web TeamFirst Published Sep 25, 2020, 1:49 PM IST
Highlights

ഇളയരാജ ആദ്യ സിനിമകള്‍ക്ക് പാട്ടൊരുക്കുന്ന എഴുപതുകളുടെ രണ്ടാംപകുതിയിലെ ഒരു ദിവസം. പ്രിയപ്പെട്ട കൂട്ടുകാരന്‍ ബാലയ്ക്ക് നാളെ റെക്കോര്‍ഡ് ചെയ്യാന്‍ ഒരു പാട്ട് ചിട്ടപ്പെടുത്തിയിരിക്കുകയാണ് ഇളയരാജ. ആരോഗ്യം ശ്രദ്ധിക്കണമെന്നും തൊണ്ടയ്ക്ക് പ്രശ്‍നമൊന്നും ഉണ്ടാവാതെ നോക്കണമെന്നും ഇളയരാജയുടെ കരുതല്‍. എന്നാല്‍ അത് വേണ്ടവിധം ഗൗനിക്കാതെപോയ എസ്‍പിബിക്ക് പിറ്റേന്ന് തൊണ്ടയ്ക്ക് വേദനയും അസ്വസ്ഥതയും ചെറിയ ചുമയും..

"നമ്മുടെ ജീവിതം സിനിമയില്‍ അവസാനിച്ചുപോകുന്നതല്ല. സിനിമയില്‍ ആരംഭിച്ചതുമല്ല. ഏതൊക്കെയോ കച്ചേരികളില്‍ ഒരുമിച്ച് ആരംഭിച്ച സംഗീതം നമ്മുടെ ജീവിതവും ജീവിക്കാനുള്ള കാരണവും ആവുകയായിരുന്നു. ബാലൂ, വേഗം തിരിച്ചുവരൂ. നിനക്കുവേണ്ടി കാത്തിരിക്കുകയാണ്..", എസ്‍പിബിയുടെ നില ഗുരുതരമാണെന്ന് ഒരു മാസത്തിന് മുന്‍പ് ആദ്യ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തെത്തിയ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയില്‍ ഇളയരാജ വിറയാര്‍ന്ന ശബ്ദത്തോടെ പറഞ്ഞതായിരുന്നു ഇത്. ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടെയും രണ്ടായിരത്തിലേറെ മനോഹര ഗാനങ്ങളിലൂടെയും അഞ്ച് പതിറ്റാണ്ട് നീണ്ട ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തിന്‍റെ കാമ്പ് കേള്‍ക്കുന്നവരെ ബോധ്യപ്പെടുത്താന്‍ പോന്നതായിരുന്നു ആ ലഘുവീഡിയോ. പ്രശസ്തരായതിനു ശേഷം സുഹൃത്തുക്കളായവരല്ല ഇളയരാജയും എസ് പി ബാലസുബ്രഹ്മണ്യവും. സിനിമയിലെത്തും മുന്‍പേ തളിരിടാന്‍ തുടങ്ങിയ ഒരപൂര്‍വ്വ സൗഹൃദത്തിന്‍റെ കഥയാണ് അത്.

 

എസ് പി ബിയുടെ ശബ്ദം സിനിമാപ്രേമികള്‍ കേട്ടുതുടങ്ങുന്ന കാലത്ത് അദ്ദേഹം ഒട്ടേറെ സംഗീതപരിപാടികള്‍ നടത്തിയിരുന്നു, കച്ചേരികളും ഗാനമേളകളുമായി. ആ വേദികളിലെ ഹാര്‍മോണിയം വാദകനായിരുന്നു ഇളയരാജ. പിന്നീട് തമിഴ് സിനിമാപ്രേമികളെ കോള്‍മയിര്‍ കൊള്ളിച്ച സംഗീത കൂട്ടുകെട്ടായി അത് മാറി. ഇളയരാജയുടെ സിനിമയിലേക്കുള്ള വരവിന് മുന്‍പേ എസ് പി ബി ഗായകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരുന്നുവെങ്കിലും 'ഇളയരാജ എഫക്ട്' ആണ് അദ്ദേഹത്തിന് വലിയ കരിയര്‍ ബ്രേക്ക് നല്‍കിയത്. കെ വി മഹാദേവന്‍റെയും എം എസ് വിശ്വനാഥന്‍റെയും വി കുമാറിന്‍റെയുമൊക്കെ ഈണങ്ങളാണ് അതിനുമുന്‍പ് അദ്ദേഹം പാടിയിരുന്നതെങ്കില്‍ ഇളയരാജ വരുന്നതോടെ ആസ്വാദകരുടെ കേള്‍വി തന്നെ മാറുകയാണ്. പയണങ്ങള്‍ മുടിവതില്ലൈ, പകലില്‍ ഒരു ഇരവ്, പൂന്തളില്‍, നെഞ്ചത്തൈ കിള്ളാതെ തുടങ്ങിയ ഇളയരാജ സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് സംഗീതാസ്വാദകരുടെ മനസിലേക്ക് എസ്‍പിബി എന്ന മൂന്നക്ഷരം മായാത്തവിധം പതിയുന്നത്.

 

എന്നാല്‍ സിനിമയില്‍ ആ കൂട്ടുകെട്ടിന്‍റെ തുടക്കം ഒരു പരിഭവത്തിലൂടെ ആയിരുന്നു. ഇളയരാജ ആദ്യ സിനിമകള്‍ക്ക് പാട്ടൊരുക്കുന്ന എഴുപതുകളുടെ രണ്ടാംപകുതിയിലെ ഒരു ദിവസം. പ്രിയപ്പെട്ട കൂട്ടുകാരന്‍ ബാലയ്ക്ക് നാളെ റെക്കോര്‍ഡ് ചെയ്യാന്‍ ഒരു പാട്ട് ചിട്ടപ്പെടുത്തിയിരിക്കുകയാണ് ഇളയരാജ. ആരോഗ്യം ശ്രദ്ധിക്കണമെന്നും തൊണ്ടയ്ക്ക് പ്രശ്‍നമൊന്നും ഉണ്ടാവാതെ നോക്കണമെന്നും ഇളയരാജയുടെ കരുതല്‍. എന്നാല്‍ അത് വേണ്ടവിധം ഗൗനിക്കാതെപോയ എസ്‍പിബിക്ക് പിറ്റേന്ന് തൊണ്ടയ്ക്ക് വേദനയും അസ്വസ്ഥതയും ചെറിയ ചുമയും. മറ്റൊന്നും നോക്കാതെ മറ്റൊരു ഗായകനായ മലേഷ്യ വാസുദേവനെ വച്ച് ഇളയരാജ കൂട്ടുകാരനായി നീക്കിവച്ചിരുന്ന ഗാനം പാടിക്കുന്നു. ഇളയരാജയുടെ തുടര്‍ന്നുവന്ന സിനിമകള്‍ക്കും പിന്നീട് എസ്‍പിബിയെ തേടി വിളിയൊന്നും വരുന്നില്ല. ഒരുദിവസം ഇക്കാര്യം അദ്ദേഹം നേരിട്ട് ചെന്നങ്ങ് ചോദിക്കുന്നു. "ഞാനും ഒരു ഗായകനാണ്. എന്നെ റെക്കോര്‍ഡിംഗിനായി വിളിക്കാത്തത് എന്തുകൊണ്ടാണ്?" ഒരു ചിരിയായിരുന്നു രാജയുടെ പ്രതികരണം, ഒപ്പം ഇങ്ങനെകൂടി പറഞ്ഞു- "തൊണ്ടയുടെ കാര്യം ശ്രദ്ധിക്കണമെന്ന് നിന്നോട് ഞാനന്ന് പറഞ്ഞതാണ്. അത് പോട്ടെ. നാളെ രാവിലെ വരൂ. നമുക്കൊരു പാട്ട് റെക്കോര്‍ഡ് ചെയ്യാം"

 

ഇരുവര്‍ക്കുമിടയില്‍ സംഭവിച്ച ഗൗരവമുള്ള ഒരു അകല്‍ച്ച 2017ല്‍ ആയിരുന്നു . കോപ്പിറൈറ്റ് വിഷയം ചൂണ്ടിക്കാട്ടി ലോക സംഗീത പര്യടനത്തിലായിരുന്ന എസ്‍പിബിക്ക് ഇളയരാജ നോട്ടീസ് അയച്ചപ്പോള്‍. വലിയ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു അത്. ദുബൈയിലും സിംഗപ്പൂരിലും റഷ്യയിലും ശ്രീലങ്കയിലുമൊക്കെ പരിപാടികള്‍ അവതരിപ്പിച്ച് എസ്‍പിബി യുഎസില്‍ എത്തിയപ്പോഴായിരുന്നു ഇളയരാജയുടെ നോട്ടീസ്. ഇനിയങ്ങോട്ട് ഇളയരാജയുടെ പാട്ടുകള്‍ താന്‍ പാടുന്നില്ലെന്ന് വ്യസനത്തോടെ അദ്ദേഹം പ്രതികരിച്ചു. സംഗീതാസ്വാദകര്‍ക്കിടയിലും വേദനയുണ്ടാക്കിയ അകല്‍ച്ചയായിരുന്നു അത്. എന്നാല്‍ രണ്ട് വര്‍ഷത്തിനു ശേഷം പിണക്കം മറന്ന് ഇരുവരും ഒരുമിച്ചു. പ്രിയസുഹൃത്തിനെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം ഇളയരാജ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. പിന്നാലെ ഇളയരാജയുടെ 76-ാം പിറന്നാളാഘോഷത്തിന്‍റെ ഭാഗമായി ചെന്നൈയില്‍ നടന്ന 'ഇസൈ സെലിബ്രേറ്റ്സ് ഇസൈ' എന്ന പരിപാടിയില്‍ എസ് പി ബി പാടുകയും ചെയ്‍തു. ഇളയരാജ 1000 സിനിമകള്‍ പൂര്‍ത്തിയാക്കുന്നത് ആഘോഷിക്കാന്‍ സംഘടിപ്പിച്ച മറ്റൊരു വേദിയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു- "ഇളയരാജ ജനിച്ചത് എനിക്കുവേണ്ടിയാണ്, ഞാന്‍ ഇളയരാജയ്ക്കു വേണ്ടിയും"

click me!