
ഗ്രീഷ്‍മത്തിന്റെ പ്രണയമത്രയുമേറ്റി കൈരളിക്കുമുന്നില്‍ അയ്യപ്പന്‍ പാടുന്നുണ്ടാകും. അകലെയല്ലാതെ ജോഷിയുടെ ക്യാന്‍വാസ് നിറങ്ങളെ ആവാഹിച്ച് നൃത്തം ചെയ്യുകയാവും. നാലു കയ്യുകളുള്ള കുപ്പായവും തൊപ്പിയുംധരിച്ച് ആള്‍ക്കൂട്ടത്തെ വെട്ടിച്ചുപായുന്ന വിനയചന്ദ്രന്‍ മാഷിന്റെ കാവ്യനടത്ത അന്നേരം സിനിമയിലേയ്ക്കു മാത്രമായിരിക്കും. ഓപ്പണ്‍ഫോറത്തിനിന്റെ പ്രക്ഷുബ്ധമായേക്കാവുന്ന സംവാദ സായാഹ്നത്തെ ചിരപരിചിത നാവികനെപ്പോലെ ഹാരിസ് മാഷ് അനവധി ഭൂഖണ്ഡങ്ങളിലേയ്ക്ക് കൊണ്ടുചെന്നെത്തിക്കും. ഏതുനേരത്തു കാണുമ്പോഴും ആദ്യമായി കാണുന്നതുപോലെ ഒപ്പം നിര്‍ത്തി എന്റെ കുട്ടികളെന്ന് ഒറ്റവാക്കില്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന പ്രസാദ് സാര്‍ (ആര്‍ നരേന്ദ്രപ്രസാദ്) പൊടുന്നനെ കൊട്ടകയ്ക്കുള്ളിലേയ്ക്ക് മായും. സിനിമകളുടെ കാണലും കാണാതിരിക്കലും ഒരേവിധം ആഘോഷമാക്കിമാറ്റുന്ന ബാലേട്ടന്‍ (പി. ബാലചന്ദ്രന്‍) തെരുവോരത്തും കൊട്ടകയ്ക്കുമുന്നിലുമുണ്ടാകും. ഏറ്റവും ശബ്ദമുഖരിതമായ തമാശകള്‍ ഏറ്റവും നിശബ്ദമായി പറഞ്ഞ് അല്പം മാത്രം ചിരിച്ച് ലെനിന്‍സാര്‍ (ലെനിന്‍ രാജേന്ദ്രന്‍) കടന്നുപോകും. ചലച്ചിത്രോത്സവം മറഞ്ഞുപോയവരുടെ ഓര്‍മ്മകളുടെ കാര്‍ണിവെലത്രെ!
എങ്ങുമേ വീട്
തിരുവനന്തപുരം നഗരം ഞങ്ങള്‍ക്ക് അപരിചിതമായിരുന്നില്ല. യൂണിവേഴ്സ്റ്റി ഹോസ്റ്റലിലെ ബിനോയിയുടെയും എബിയുടെയും മുറികളില്‍ താമസമൊരുക്കുന്നത് സാജുവാണ്. അപരിചിതരും അജ്ഞാതരുമായ ഏതേതോ സുഹൃത്തുക്കളുടെ മുറികളില്‍ എത്രയോ ഡിസംബര്‍ രാത്രികള്‍ നാം ഉറങ്ങിയിരിക്കുന്നു! സൈനുല്‍ ആബിദിന്റെ പി എം ജിയിലെ വാടക വീട് ഡിസംബറിന്റെ സങ്കേതമായി മാറിയത് പിന്നീടാണ്. എസ് സഞ്ജീവും പ്രിയരഞ്ജന്‍ലാലും മനോജും റഷീദും ഷരീഫും സനീഷും വര്‍ക്കിയുമുണ്ടായിരുന്നു.സിനിമയും സാഹിത്യവും സംഗീതവും ചിത്രകലയും രാഷ്ട്രീയവും തര്‍ക്കവുമുണ്ടായിരുന്നു. ചെന്നൈ നഗരത്തിന്റെ അധോമുഖക്കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന പ്രസന്ന എല്ലാവര്‍ഷവും വന്നിരുന്നു. പിറ്റേന്നു കാണേണ്ട സിനിമയുടെ പട്ടികയൊരുക്കി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പുലരാന്‍ അധികമുണ്ടായിരുന്നില്ല. ഉറങ്ങിയതിനേക്കാള്‍ ഉണര്‍ന്നിരുന്ന ദിവസങ്ങളായിരുന്നു അത്.
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി അഞ്ചു വര്‍ഷത്തിലേറെക്കാലം ഫെസ്റ്റിവല്‍ ബുക്ക് ഒരുക്കിയത് ഞാനും കെ ആര്‍ രണ്‍ജിത്തും സാജുവും ചേര്‍ന്നാണ്. വെങ്കിടിയും ഹാരിസ് മാഷും ഞങ്ങളുടെ എഡിറ്റര്‍മാരായി. മുഖച്ചിത്രങ്ങളും രൂപകല്‍പനയും ഒരുക്കിയത് പ്രിയനായിരുന്നു. വെങ്കിടിയുടെ വീട്ടിലും ഭട്ടതിരിയുടെ വീടിന്റെ മുകള്‍ നിലയിലും സാജുവിന്റെയും സഫിയയുടെയും വാടകവീട്ടിലുമായി രാപ്പകലിലാതെ പണിയെടുത്ത് ഫെസ്റ്റിവല്‍ ബുക്കൊരുക്കുന്നതിന്റെ ആനന്ദവും സംഘര്‍ഷവും ഒരുമിച്ചു കടന്നുപോയി.
ചലച്ചിത്രോത്സവം മുപ്പതാണ്ടുകളുടെ യൗവ്വനത്തിലെത്തിനില്‍ക്കെ ഇരുപത്തിയഞ്ചുകൊല്ലങ്ങളാണ് ഈ കാര്‍ണിവലിനൊപ്പം സഞ്ചരിച്ചത്. എവിടെയൊക്കെയോ തങ്ങിയും എവിടെയൊക്കെയോ ഉറങ്ങിയുണര്‍ന്നും കൂട്ടുകൂടിയും ജീവിച്ച കാല്‍നൂറ്റാണ്ട്. സിനിമയ്ക്കുവേണ്ടി തുറക്കപ്പെടുന്ന ആഥിത്യം! സിനിമയ്ക്കു ചുറ്റുമായി വിടരുന്ന സാഹോദര്യം!
കാണി എന്ന നമ്മള്‍
2003ലാണ്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവ രാത്രിയില്‍ ശ്രീ തിയേറ്ററിലാണ്. രാത്രി വൈകി പ്രദര്‍ശിപ്പിക്കുന്ന സിനിമകാണാന്‍ ഞങ്ങള്‍ കുറച്ചുപേര്‍. ഒപ്പം ഹാരിസ് മാഷും ഉണ്ടായിരുന്നു. രാവണന്‍ കോട്ടപോലെ നീണ്ട ഇടനാഴികളും പിരിയന്‍ ഗോവണികളും കൂറ്റന്‍ സിനിമാഹാളും നിശ്ശബ്ദമായൊരു സിനിമയ്ക്ക് സാക്ഷ്യം വഹിക്കുന്നു. വിരലിലെണ്ണാവുന്ന കാണികളെ മാത്രം വഹിക്കുന്ന സിനിമാശാലയില്‍ 'ഡ്രാഗണ്‍ ഇന്‍' എന്ന പഴയ ആക്ഷന്‍ ചിത്രമാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അത് ആ തീയറ്ററിലെ അവസാന പ്രദര്‍ശനമാണ്. ഈ പാതിരയ്ക്ക് ഈ അവസാന പ്രദര്‍ശനത്തിനിശേഷം തീയേറ്റര്‍ എന്നേക്കുമായി അടച്ചുപൂട്ടും. തന്റെ മുടന്തന്‍ കാലുമായി കൊട്ടകയുടെ പിരിയന്‍ ഗോവണി കയറുന്ന സ്ത്രീ, ജീവിതത്തിന്റെ ഏറ്റവും അനിശ്ചിത നിമിഷങ്ങളിലൂടെയാണ് നടന്നുനീങ്ങുന്നത്. ആ രാത്രിക്കുശേഷം പരശതം തൊഴിരഹിതരുടെ ഗണത്തിലേയ്ക്ക് അവള്‍ ലയിച്ചുചേരും. ആ നടത്ത കാലമിത്ര കഴിഞ്ഞിട്ടും നമ്മെ പിന്തുടരുന്നു. സായ് മിങ്ങ് ലിയാങ്ങ് എന്ന തായ്‍വാന്‍ സംവിധായകന്റെ 'ഗുഡ് ബൈ ഡ്രാഗണ്‍ ഇന്‍' എന്ന ആ ചലച്ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയാണ്. അഥവാ സിനിമയ്ക്കുള്ളിലെ- പുറത്തെയും ജീവിതമാണ്. ഇല്ലാതാകുന്ന കൊട്ടക എന്തെല്ലാം ഓര്‍മ്മകളെയാണ്, ഏതെല്ലാം മനുഷ്യാവസ്ഥകളെയാണ് ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയുന്നത്? കൊട്ടകകളെ അതിന്റെ ചരിത്രസ്മൃതികളെ മാറ്റിനിര്‍ത്തി സിനിമയെക്കുറിച്ച് ആലോചിക്കാനാവില്ല. സിനിമയുടെ ചരിത്രം അതിനാല്‍ കാഴ്ചയുടെ, കാഴ്ചക്കാരുടെ ചരിത്രവും കൂടിയാണെന്ന് ആ സിനിമാക്കാഴ്ചക്കുശേഷമുള്ള സംഭാഷണത്തില്‍ മാഷ് പറഞ്ഞു.
ഒടിടി കാലത്ത് സിനിമകള്‍ വീടുകളിലേയ്ക്കും ഇന്റര്‍നെറ്റ് അധിഷ്ടിത ഉപകരണങ്ങളിലേയ്ക്കും പടര്‍ന്നുകയറിയ കാലത്ത്. കൊട്ടകകള്‍ അടഞ്ഞുപോയ കാലത്തും ചലച്ചിത്രോത്സവങ്ങളിലേയ്ക്ക്, അതിന്റെ കാര്‍ണിവല്‍ നിലങ്ങളിലേയ്ക്ക് നിര്‍ണ്ണായകമായ ഒരു കാണി എന്ന നിലയില്‍ ഞാനും നിങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
സിനിമയ്ക്കുപോയ കുട്ടി
എന്നാലും നമ്മല്‍ ആദ്യം കണ്ട സിനിമ ഏതായിരിക്കും? ആദ്യം സിനിമ കണ്ട കൊട്ടക? ആദ്യ ഇരിപ്പിടം? ആദ്യ സിനിമാനുഭവം? ആദ്യത്തെ ചലച്ചിതോത്സവം? ഈ ചോദ്യങ്ങളിലൂടെയാണ് നമ്മള്‍ കാഴ്ചയുടെ ആത്മകഥയിലേയ്ക്കും യാത്രകളിലേയേക്കും പ്രവേശിക്കുന്നത്. കേവലമായ ഈ തുടക്കങ്ങള്‍ പിന്നീട് വരാനുള്ള ചലച്ചിത്രക്കാഴ്ചയുടെ പൂര്‍വ്വഖണ്ഡമാണു്. തിരുവനന്തപുരത്തേയ്ക്കുള്ള ആ ഡിസംബര്‍ യാത്രകളുടെ ഓര്‍മ്മകളില്‍ എവിടെയോ ആദ്യമായി സിനിമയ്ക്കുപോയ ഒരു കുട്ടിയുണ്ടാകും.
സ്കൂളില്‍നിന്ന് ആറേഴ് കിലോമീറ്റര്‍ അകലെ തൂക്കുപാലം പ്രസാദ് ടാക്കീസില്‍ സിനിമകാണാന്‍ കൊണ്ടുപോയതാണ് ആദ്യ സിനിമാക്കാഴ്ച. ഒരു ശനിയാഴ്ച കാലത്ത് ഒമ്പത് മണിക്ക് സ്കൂളിലെത്തി. മത്തായി സാറും ഭാസ്കരന്‍സാറും കോമളവല്ലിട്ടീച്ചറും തങ്കമ്മ ടീച്ചറും കാലത്തുതന്നെ എത്തിയിരുന്നു. ജോര്‍ജ്ജ് സാറിന്റെ നെടുങ്കല്‍ ചൂരല്‍ നീളമേറിയിട്ടും വളയാതെ ഞങ്ങളെ വരിനിര്‍ത്തി. അത്രമേല്‍ അച്ചടക്കത്തോടെ ജീവിതത്തിലൊരിക്കലും ഞങ്ങളാരും നിന്നിട്ടില്ല. അന്നത്തെ സിനിമാക്കാഴ്ചയോര്‍ത്ത് ഉറങ്ങാതെ കിടന്ന തലേരാത്രിയോര്‍ത്ത് എനിക്കൊട്ടും കുണ്ഠിതം തോന്നിയില്ല. എത്രയോ കാലം മുമ്പ് മാതൃഭൂമി പത്രത്തില്‍ വന്ന ആ സിനിമാ വാര്‍ത്തയും ചിത്രങ്ങളും മനസ്സില്‍ പതിഞ്ഞിരുന്നു. അന്നു തുടങ്ങിയ കാത്തിരുപ്പാണ്. മധ്യവേനലവധിയില്‍ കാലം ഒന്നുമറിഞ്ഞു. പിറ്റേ മഞ്ഞുകാലത്താവണം ആ സിനിമ മലകയറിവരുകതന്നെ ചെയ്തു. തൂക്കുപാലം പ്രസാദ് തിയേറ്ററില്‍! പിന്നീടത് മേഫെയര്‍ എന്ന് പേരുമാറ്റി അതേരൂപത്തില്‍ തുടര്‍ന്നു. കാലംപോകപ്പോകെ കല്യാണമണ്ഡപമായി പരകായം ചെയ്തു.
പ്രസാദ് തിയേറ്ററിന് മുന്നില്‍ വണ്ടി നിര്‍ത്തി. ചെറിയൊരു ചരിവില്‍ മുന്നോട്ട് ആഞ്ഞുനില്‍ക്കുന്ന നെടുങ്കന്‍ സിനിമാഹാളിന്റെ ആദ്യവാതില്‍ തുറന്ന് കാവല്‍ക്കാരന്‍ പ്രത്യക്ഷപ്പെട്ടു. വലിയൊരു പെട്ടിയും ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു. കൊട്ടകയുടെ വാതില്‍ കടക്കുന്നിനുമുമ്പ് ഓരോരുത്തര്‍ക്കും ഓരോ കറുത്ത കണ്ണട നല്‍കി. കണ്ണടയുടെ കറുത്ത ചില്ലുകളില്‍ തൊടുകയോ, കേടുവരുത്തുകയോ ചെയ്താല്‍ പോലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭാസ്കരന്‍സാര്‍ കര്‍ക്കശമായും പറഞ്ഞു. അതുവരെയുണ്ടായിരുന്ന ലാഘവമൊഴിഞ്ഞ് അരുതാത്തതെന്തോ ചുമന്നുനടക്കുന്ന ഗൗരവത്തോടെ ഞങ്ങള്‍ സിനിമാഹാളില്‍ കടന്നു. കട്ടപിടിച്ച ഇരുട്ടില്‍ മണല്‍പ്പാകിയ തറയിലൂടെ വരിതെറ്റാതെ നീങ്ങവേ മുമ്പ് സിനിമാകണ്ട് ശീലമുള്ള കൂട്ടുകാരന്‍ കാതില്‍ പറഞ്ഞു. “പുറകോട്ട് പോടാ...നടുക്കിരിക്കെടാ... എടാ തൂണിന്റവിടിരുന്നാല്‍ കാണാന്‍ പറ്റത്തില്ല.’’ ആ കൂരിരുട്ടില്‍ മുന്നും പിന്നും തൂണും നടുഭാഗവുമെല്ലാം അവനെങ്ങനെയാണ് അളന്നെടുത്തതെന്നറിയില്ല. കുറച്ചു പിന്നിലായി. മരത്തിന്റെ അലകുകള്‍ കെട്ടി വേര്‍തിരിച്ചിരിക്കുന്നതിന്റെ മുന്നിലായി. മധ്യത്തില്‍ ഞങ്ങള്‍ ഇരുന്നു. ഇരുളിനോട് പഴകി കണ്ണുകളില്‍ സിനിമാഹാള്‍ തെളിഞ്ഞുവന്നു. മുന്നില്‍ നിന്നും പിന്നിലേയ്ക്ക് ഇരുഭാഗങ്ങളിലായി നിരയിട്ട തൂണുകള്‍. മേല്‍ക്കൂരയിലെ ഓലപ്പഴുതിലൂടെ വാര്‍ന്നു തൂകുന്ന സൂര്യവളയങ്ങള്‍. ചാരില്ലാത്ത ബഞ്ചുകള്‍ നിരയിട്ട മുന്‍ഭാഗം. പിന്നിലേയ്ക്ക് ചാരുള്ള മരക്കസേരകള്‍. ഏറ്റവും പിന്നില്‍ ഉയര്‍ന്ന തലത്തില്‍ നീലനിറമുള്ള മനോഹരമായ ഇരിപ്പിടങ്ങള്‍. ആ മനോഹരമായ ഇരിപ്പിടങ്ങള്‍ ഞങ്ങളില്‍നിന്ന് എത്രയോ അകലയായിരുന്നു. കനത്ത ഇടവേലികള്‍ക്കൊണ്ട് തിരിച്ച പ്രാപ്യമല്ലാത്ത ഇടങ്ങള്‍/ ഇരിപ്പിടങ്ങള്‍.
സ്ക്രീനില്‍ ആദ്യം വന്നത് നസീറാണ്. കണ്ണട വയ്ക്കേണ്ടതിന്റെ ആവശ്യവും സൂക്ഷിക്കേണ്ട വിധവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം ചിരിതൂകുന്ന മുഖത്തോടെ സൗമ്യമായി പറഞ്ഞു. കണ്ണട ഭാരപ്പെടുത്തിയ ഭയത്തില്‍ നിന്ന് അപ്പോള്‍മാത്രം ഞങ്ങള്‍ പുറത്തുകടക്കുകയുണ്ടായി. സിനിമ തുടങ്ങി. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍! ആദ്യ ത്രിമാന ചലച്ചിത്രം. ചരിത്രത്തില്‍ ഞാന്‍ എന്നെ അടയാളപ്പെടുത്തുന്നത് മൈ ഡിയര്‍ കുട്ടിച്ചാത്തനോടൊപ്പമാണ്.
ആ ഇരുള്‍മുറിയുടെ ഓര്‍മ്മ
പോകപ്പോകെ നെടുങ്കണ്ടത്ത് ജീന വന്നു. ദര്‍ശന വന്നു. തൂക്കുപാലത്ത് പ്രസാദ് മാറി മേഫെയര്‍ ആയി. എക്സല്‍ വന്നു. ഞങ്ങളുടെ സിനിമാക്കാഴ്ചകള്‍ പടര്‍ന്നു പന്തലിച്ചു. അക്കാലത്ത് നെടുങ്കണ്ടത്ത് നടന്ന ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ അനുബന്ധ പരിപാടിയായി ഒരു ചലച്ചിത്രമേള നടന്നു. ഒറ്റദിവസം, കുറച്ച് മണിക്കൂറുകള്‍, ഏതാനും ചെറുസിനിമകള്‍. നെടുങ്കണ്ടം കിഴക്കേ കവലയിലെ ബസ് സ്റ്റോപ്പിനോട് ചേര്‍ന്നുള്ള കരിങ്ങാട്ടില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സാമാന്യം വലിപ്പമുള്ള ഹാള്‍ സിനിമാ പ്രദര്‍ശനത്തിനായി ഒരുങ്ങി. ജനാലച്ചില്ലുകള്‍ പത്രങ്ങള്‍ ഒട്ടിച്ച് മറച്ചും കറുത്ത കടലാസുകള്‍ പതിച്ച് ഇരുട്ട് വരുത്തിയും കാലത്തുമുതല്‍ ഞങ്ങള്‍ അധ്വാനത്തിലായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കട്ടപ്പനയില്‍ നിന്നും വന്ന സി എം എസ് ബസില്‍ ആ മനുഷ്യനും സിനിമാപെട്ടികളും വന്നിറങ്ങി. ഇ ജെ ജോസഫ്, കട്ടപ്പനയിലെ ദര്‍ശന ഫിലിം സൊസൈറ്റിയുടെ സ്ഥാപകന്‍. ഇരുട്ടുമുറിയുടെ മധ്യത്തിലായി 16 എം എം ഫിലിം പ്രൊജക്ടര്‍ ഘടിപ്പിക്കപ്പെട്ടു. സിനിമകളെക്കുറിച്ചും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെക്കുറിച്ചും ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം സംസാരിച്ചു. എന്റെ ജീവിതത്തിലെ ആദ്യ ചലച്ചിത്രോത്സവത്തിന് കൊടിയേറി. എതിരെയുള്ള ഭിത്തിയില്‍ കറുപ്പിലും വെളുപ്പിലും പ്രകാശം പ്രതിഫലിച്ചു. സൈനിക അകമ്പടിയില്‍ വിലങ്ങുകളോടെ ഒരു യുവാവ് ആനയിക്കപ്പെട്ടു. പുഴയ്ക്കു കുറുകെയുള്ള മരപ്പാലത്തില്‍ ഉറപ്പിച്ച കഴുമരത്തിനു ചുവട്ടില്‍ അയാള്‍ നിന്നു. കാലുകളും കയ്യുകളും ബന്ധിച്ചു. മുഖം കറുത്ത തുണികൊണ്ട് മൂടി. തൂക്കുകയര്‍ കഴുത്തില്‍ ഉറപ്പിച്ചു. എല്ലാം സജ്ജമായി. പട്ടാള മേധാവിയുടെ ആജ്ഞ മുഴങ്ങി. പട്ടാളക്കാരന്‍ ലിവര്‍ വലിച്ചു. യുവാവ് നിന്നിരുന്ന മരപ്പലകകള്‍ തെന്നിമാറി. ഭയാനകമായ മുഴക്കത്തോടെ ആ യുവാവ് കഴുമരത്തില്‍ നിന്ന് പുഴയിലേയ്ക്ക് ഞാന്നു. ശ്വാസമെടുക്കാനാവാതെ ഞങ്ങള്‍ കണ്ടിരിക്കെ, അയാളുടെ കഴുത്തിലെ കയറിന്റെ പിണികള്‍വലിഞ്ഞുപൊട്ടി. പാതിജീവനില്‍ ആ ശരീരം പുഴയിലേയ്ക്കുപതിച്ചു. ആഴങ്ങളിലേയ്ക്ക് ഊളിയിട്ട്പോകുന്ന യുവാവിനുവേണ്ടി ഞങ്ങള്‍ കസേരയുടെ വിളുമ്പിലേയ്ക്ക് നിരങ്ങി മുന്നോട്ടാഞ്ഞിരുന്നു. ചുറ്റുനിന്നും പട്ടാളക്കാര്‍ വെടിയുതിര്‍ത്തു. ഞങ്ങള്‍ വിയര്‍ത്തു. വിഷമിച്ചു. ശ്വാസം നിലച്ചു. മുറിയലാകെ വെടിയുപ്പിന്റെ ഗന്ധം നിറഞ്ഞു. കാണക്കാണെ കെട്ടുകളഴിഞ്ഞ് അയാള്‍ സ്വതന്ത്രനായി. ഒഴുകിയൊഴുകി ഏതോ കരയില്‍ ചെന്നടിഞ്ഞു. വെടിയൊച്ചകളൊഴിഞ്ഞു. മുറിയില്‍നിന്ന് വെടിമരുന്നിന്റെ ഗന്ധം വിട്ടുമാറി. കിളികളുടെ തീരെച്ചെറിയ ഒച്ചകള്‍ കേള്‍ക്കായി. പുഴയുടെ സംഗീതം. കറുപ്പിലും വെളുപ്പിലുമെങ്കിലും ചെറുപ്രാണികളുടെ നിറഭേദങ്ങള്‍.... ഞങ്ങള്‍ ശ്വാസമെടുത്തു. കസേരയില്‍ പിന്നാക്കം ചാഞ്ഞിരുന്നു. വിയര്‍പ്പാറും മുമ്പ് ഓടിയോടിത്തളര്‍ന്ന ആ മനുഷ്യന്‍ തന്റെ പ്രിയതമയെ പുല്‍കാനാഞ്ഞ അതേനിമിഷത്തില്‍, ആജ്ഞയുടെ പ്രകമ്പനത്തില്‍, മരവിജാകിരികളുടെ ഞരക്കത്തില്‍, ലിവര്‍ വലിയുന്ന പല്‍ച്ചക്രങ്ങളുടെ കരകരപ്പില്‍ ആകാശത്തിനും പുഴയ്ക്കുമിടയില്‍ ശൂന്യതയില്‍ ആ യുവാവിന്റെ ശരീരം തൂങ്ങിയാടി.... 24 മിനിറ്റ് ഒരു യുഗംപോലെ കടന്നുപോയി. ആന്‍ ഒക്വറന്‍സ് ഇന്‍ ദ ഓള്‍ക്രീക്ക് ബ്രിഡ്ജ് എന്ന ആ ചെറു സിനിമയുടെ ആഘാതത്തില്‍നിന്ന് പിന്നീട് മുക്തനായില്ല. ഇ ജെ ജോസഫ് എന്ന മനുഷ്യനും അദ്ദേഹം ചുമന്നുകൊണ്ടുവന്ന 16എം എം പ്രൊജക്ടറും കാണികളുടെ വിയര്‍പ്പും നിശ്വാസവും കട്ടപിടിച്ച, കൊട്ടകയായി പരകായം ചെയ്ത ആ ഇരുള്‍മുറിയും വിട്ടുപോയില്ല. ആ നിമിഷം മുതല്‍ സിനിമാക്കാഴ്ചയുടെ ജാതകം തിരുത്തപ്പെട്ടുകഴിഞ്ഞിരുന്നു.
എവിടെ ഡോണ്‍...?
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോളം പഴക്കമുണ്ട് മഹാത്മാഗാന്ധി സര്‍വകലാശാലാ ക്യാമ്പസിലെ ചലച്ചിത്രോത്സവത്തിന്. സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് സെമിനാര്‍ ഹാളിലും ഫിസിക്സ് സെമിനാര്‍ ഹാളിലുമായി നാലോ അഞ്ചോദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ ലോക ക്ലാസിക്കുകള്‍മുതല്‍ സമകാലിക സിനിമവരെ പ്രദര്‍ശിപ്പിച്ചിരുന്നു. വളരെക്കുറിച്ചുലോകസിനിമകളുടെമാത്രം അനുഭവങ്ങളുമായി ഹൈറേഞ്ചില്‍നിന്നു പഠിക്കാനെത്തിയ എനിക്ക് ആ സിനാമാലോകം വിസ്മയങ്ങളുടേതായിരുന്നു. സഹപാഠിയായിരുന്ന കെ പി റഷീദ് അക്കാലം ഒരു സിനിമയുടെ തികക്കഥ എഴുതിപൂര്‍ത്തിയിക്കായിരുന്നു. അവന്‍കണ്ട ലോകസിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല; പലതും കേട്ടിട്ടുപോലുമില്ല. സ്കൂള്‍ ഓഫ് ഫിസിക്സിസില്‍ അന്നു ഗവേഷകനായിരുന്നു ജിന്‍ ചേട്ടന്റെ (ഡോ. ജിന്‍ ജോസ്) ലാബിലെ കമ്പ്യൂട്ടറില്‍ രാത്രികളില്‍ ലോകസിനിമകള്‍ ഞങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. ഞാനും റഷീദും ശ്രീകുമാറും അജിത്തും (അജിത് പരമേശ്വരന്‍), സനീഷും(സനീഷ് ഇളയിടത്ത്), വര്‍ക്കിയും (വര്‍ഗീസ് ആന്റണി) ആ ചെറിയ സ്ക്രീനിന്റെ മുന്നിലിരുന്ന ലോകം കണ്ടു.
അതിലും വലിയ വിസ്മയമായിരുന്നു ഡോണ്‍. സ്കൂള്‍ ഓഫ് സോഷ്യന്‍ സയന്‍സസില്‍ നരവംശശാസ്ത്രത്തില്‍ ഗവേഷകനായിരുന്നു ഡോണ്‍ ജോര്‍ജ്ജ്. വി ഡി ഡി/ഡി വിഡി പ്ലയറും കമ്പ്യൂട്ടറും സ്വന്തമായുള്ള ഡോണ്‍ ഭക്ഷണ നേരമൊഴികെ ബാക്കിയെല്ലാനേരവും ലോകസിനി കണ്ടുകൊണ്ടിരുന്നു. ഡോണ്‍ ഒരു സിനിമാ വിജ്ഞാനകോശമായിരുന്നു. ഡോണ്‍ ജോര്‍ജിന്റെ അത്യപൂര്‍വവും ലോകോത്തരവുമായ സിനിമാശേഖരം ഞങ്ങള്‍ക്കുമുന്നില്‍ തുറന്നു. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ക്യാമ്പസില്‍ നടക്കുന്ന ചലച്ചിത്രോത്സവങ്ങളില്‍ സിനിമ തെരഞ്ഞെടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ഡോണിന്റെ നിര്‍ദ്ദേശപ്രകാരമായി. സ്വകാര്യമായും തമാശയായും ‘ഡോണ്‍ ഫിലിം ഫെസ്റ്റിവല്‍’ എന്ന് ഞങ്ങള്‍ വിളിച്ച ആ കാഴ്ചകള്‍ ലോക സിനിമയുടെ ഭൂഖണ്ഡങ്ങളിലേയ്ക്ക് ഞങ്ങളെ നാടുകടത്തി. അത്തരമൊരു ഡോണ്‍ മേളയില്‍; സമയം തെറ്റി ആരംഭിച്ച ആ ദിവസം അവസാന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ്. “ഈ സിനിമ മറ്റൊരു ദിവസം കാണിച്ചാല്‍ മതിയോ?’’ എന്ന ചോദ്യത്തിന് “ഇന്നു തന്നെ കാണാം” എന്നു കാണികള്‍. രാത്രി വളരെ വൈകിയിരുന്നു. നിറഞ്ഞുകവിഞ്ഞ സെമിനാര്‍ ഹാളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമുണ്ടായിരുന്നു. ഗ്രീക്ക് സംവിധായകന്‍ തിയോ ആഞ്ജലോ പൗലോയുടെ “എറ്റേണിറ്റി ആന്‍ഡ് എ ഡേ” ആയിരുന്നു ആ സിനിമ. ആ രാത്രി തിയോ ഞങ്ങളെ അപഹരിച്ചു. പിന്നീടിന്നോളം ആ ദിവസം ഞങ്ങളെ വിട്ടുപോയില്ല.
ഡിസംബര്‍ നഗരം
മുപ്പതാണ്ടുകളുടെ യൗവ്വനവുമായി ചലച്ചിത്രോത്സവം തുടരുകയാണ്. കടന്നു പോയവരുടെ ഓര്‍മ്മകളിലൂടെ കാലം കവിഞ്ഞൊഴുകുന്നുണ്ട്. നാമതിന്റെ കരയില്‍ നില്‍ക്കുകയാണ്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കോട്ടയം റയില്‍വേസ്റ്റേഷനാണ്. പാസഞ്ചര്‍ വരാന്‍ ഇനിയും സമയമുണ്ട്. പ്ലാറ്റ് ഫോമില്‍ കോട്ടയത്തെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ കുട്ടികളാണ്. കാലങ്ങളായി ചലച്ചിത്രോത്സവങ്ങളിലേയ്ക്ക് ഒഴുകിക്കൊണ്ടിരുന്ന നദിയായിരുന്നു അത്. ഹാരിസ് മാഷും പ്രസാദ് സാറും (നരേന്ദ്ര പ്രസാദ്) ബാലേട്ടനും വിനയചന്ദ്രന്‍ മാഷും കൂട്ടിക്കൊണ്ടുപോയ കാഴ്ചയുടെ തുടര്‍ച്ചയാണ്. അന്‍വറും, ശ്രീകുമാറുമെല്ലാം മുമ്പേയുണ്ടായിരുന്നു. ഞാനും റഷീദും പിന്നാലെയും സനീഷും വര്‍ക്കിയും അശോകനും യാക്കോബുമെല്ലാം ഒപ്പമെത്തിയിരുന്നു. തലമുറകള്‍ മാറിക്കൊണ്ടിരുന്നു. തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ട്രയിന്‍ ഓടിക്കൊണ്ടേയിരിക്കുന്നു.
ഡിസംബറിന്റെ കലണ്ടര്‍ മറിയുമ്പോള്‍ മനുഷ്യജലധാരകള്‍ സമുദ്രത്തിലെത്തിച്ചേരുംപോലെ തമ്പാന്നൂര്‍ നിറസമുദ്രമാകും. വടക്കുനിന്നുള്ള തീവണ്ടികളെത്തുക വെളുപ്പാന്‍കാലത്താണ്. കോട്ടയംവഴിയുള്ള പാസഞ്ചര്‍ നിറഞ്ഞൊഴിയുന്ന പകലുകളുടെ തിരയിളക്കം തീരുകയില്ല. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും രാത്രിയോ പകലോ എന്നില്ലാതെ നിറഞ്ഞെത്തുന്നു ബസുകളില്‍ വന്നിറങ്ങുന്നവരുടെ ആരവങ്ങള്‍. പലപലഭാഷകളാല്‍ മൊഴിഭേദങ്ങളാല്‍ അഭിവാദ്യം ചെയ്തും തങ്ങളില്‍ തങ്ങളില്‍ കെട്ടിപ്പിടിച്ചും നീണ്ട കാലത്തിന്റെ വിയോഗമൊരാഘോഷമാക്കിമാറ്റി നിറഞ്ഞുതൂകുന്ന തിരുവനന്തപുരമാണ് ഡിസംബറിന്റെ നഗരം.
അപ്പോള്‍ നാം തമ്മളോട് ചോദിക്കും:
“നല്ല സിനികള്‍ കാണാനുള്ള യാത്ര എത്രകാലം തുടരും?”
അന്നേരം അതിനുള്ള ഉത്തരം നാമിങ്ങനെ പറയുകതന്നെ ചെയ്യും:
“Eternity and a Day… അനന്തകാലവും പിന്നെ... ഒരു ദിവസവും.’’