'ഷോട്ട് റെഡിയായപ്പോൾ കണ്ണും പൂട്ടിയങ്ങ് ചെയ്‍തു'; വൈറല്‍ ഡാന്‍സിനെക്കുറിച്ച് ചാക്കോച്ചൻ

By Nithya RobinsonFirst Published Jul 26, 2022, 9:09 PM IST
Highlights

"ഇത്തരത്തിൽ ആൾക്കൂട്ടത്തിനിടയിൽ ഡാൻസ് കളിക്കുന്നൊരാളുടെ റഫറൻസ് എനിക്ക് സംവിധായകൻ രതീഷ് തന്നിരുന്നു. പുള്ളി കൊറിയോ​ഗ്രാഫർ വേണമോന്ന് ചോദിച്ചു"

ആസ്വാദന മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞ ഒരു സിനിമാഗാനം പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും പ്ലേ ലിസ്റ്റുകളില്‍ നിറയുകയാണ്. ഭരതന്‍റെ സംവിധാനത്തില്‍ 1985ല്‍ പുറത്തെത്തിയ കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്ന് യേശുദാസ്, കൃഷ്‍ണചന്ദ്രന്‍, ലതിക, രാധിക എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ദേവദൂതര്‍ പാടിയാണ് (Devadoothar Paadi) ആ ഗാനം. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 37 വര്‍ഷങ്ങള്‍ക്കു ശേഷം ഈ ഗാനം തരംഗം തീര്‍ക്കാന്‍ കാരണം കുഞ്ചാക്കോ ബോബനാണ്! (Kunchacko Boban) ചാക്കോച്ചനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ രംഗങ്ങള്‍ക്കുവേണ്ടിയാണ് സംവിധായകന്‍ ഈ ഹിറ്റ് ഗാനം പുനരുപയോഗിച്ചിരിക്കുന്നത്. ഉത്സവപ്പറമ്പിലെ ഗാനമേള ട്രൂപ്പ് പാടുന്ന ഈ ഗാനത്തിന് ചാക്കോച്ചന്‍റെ നായക കഥാപാത്രം വച്ചിരിക്കുന്ന ചുവടുകളാണ് വീഡിയോയെ വൈറല്‍ ആക്കിയത്. ഇപ്പോഴിതാ ആ പ്രകടനത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

"സന്തോഷമുണ്ട്, അതിനേക്കാളുപരി ആശ്വസവും. കാരണം ആളുകളുടെ മനസ്സിൽ അത്രയ്ക്കും ആവേശം പകർന്നിരിക്കുന്ന, എപ്പോഴും മൂളിക്കൊണ്ടിരിക്കുന്ന ​ഗാനമാണ് ദേവദൂതർ പാടി. നമ്മളൊരു റീക്രിയേഷൻ എന്ന നിലയിൽ ചെയ്യമ്പോൾ, ആ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടാത്ത രീതിയിൽ ചെയ്യണം എന്നുണ്ടായിരുന്നു. അത് ഏറ്റവും നല്ല രീതിയിൽ തന്നെ വന്നു.  പാട്ട് ആദ്യം തന്നെ മമ്മൂക്കയെ കാണിച്ച് സമ്മതം വാങ്ങി. ഒരു തമ്പ്സ് അപ്പും ഐ ലവ് യൂ എന്നുമായിരുന്നു അദ്ദേഹം മറുപടി തന്നത്. ഗാനം റീലീസ് ആയി കഴിഞ്ഞ് ഔസേപ്പച്ചൻ സാർ വിളിച്ചിരുന്നു. പുള്ളിക്ക് ഭയങ്കര സന്തോഷമായി എന്നൊക്കെ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഈണമിട്ട ​ഗാനം വീണ്ടും വരുന്നു, അത് ആളുകൾ ഏറ്റെടുക്കുന്നു എന്നതിൽ ഒത്തിരി സന്തോഷമാണ്.  ഇതിൽ ഏറ്റവും വലിയൊരു കാര്യമെന്ന് പറഞ്ഞാൽ, ​ഈ പാട്ട് കേട്ടിട്ട് ആളുകൾ തിയറ്ററിൽ വന്ന് സിനിമ കാണും എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്", ചാക്കോച്ചന്‍ പറയുന്നു.

ALSO READ : രണ്ട് മില്യൺ കാഴ്ചക്കാരുമായി ചാക്കോച്ചന്‍റെ 'ദേവദൂതർ പാടി'

"ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ എന്റെ കഥാപാത്രം ഒരു മുൻകാല കള്ളനാണ്. പക്ഷേ ഇപ്പോൾ ഡീസന്റ് ആയിട്ട് ജീവിക്കുന്നു. പുള്ളിക്ക് ഈ പെരുന്നാൾ, ഉത്സവ പറമ്പുകളിലൊക്കെ പോയി ​ഗാനമേള ആസ്വദിക്കുക എന്നൊരു സ്വഭാവമുണ്ട്. ആൾക്കൂട്ടത്തിനിടയിൽ അദ്ദേഹം സ്വന്തമായൊരു സ്പേയ്സ് ഉണ്ടാക്കി ഡാൻസ് കളിക്കുന്നു. എല്ലാം താളം തെറ്റിയ സ്റ്റെപ്പുകളായിരിക്കും. ഇത്തരത്തിൽ ആൾക്കൂട്ടത്തിനിടയിൽ ഡാൻസ് കളിക്കുന്നൊരാളുടെ റഫറൻസ് എനിക്ക് സംവിധായകൻ രതീഷ് തന്നിരുന്നു. പുള്ളി കൊറിയോ​ഗ്രാഫർ വേണമോന്ന് ചോദിച്ചു. എന്നാൽ കൊറിയോ​ഗ്രാഫി ഇല്ലാതെ നമുക്ക് ചെയ്ത് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. ഷോട്ട് റെഡിയായപ്പോൾ കണ്ണും പൂട്ടിപ്പിടിച്ചങ്ങ് ചെയ്യുകയായിരുന്നു. തെറ്റിക്കുക എന്നതായിരുന്നു ഈ ഡാൻസിന്റെ കറക്ട്. അപ്പോഴുള്ള തോന്നലിലാണ് ആ സ്റ്റെപ്പുകൾ ചെയ്തത്, അതിനെ ഡാൻസ് എന്ന് പറയാമെങ്കിൽ. ദൈവം സഹായിച്ച് എല്ലാം ശരിയായി വന്നു. ഈ ചിത്രത്തിന് വേണ്ടി ഞങ്ങള്‍ എല്ലാവരും ആത്മാര്‍ത്ഥമായി പണിയെടുത്തിട്ടുണ്ട്. ദേവദൂതര്‍ പാടി എന്ന പാട്ടിന് ലഭിച്ച വൈബ് തിയറ്ററുകളിലും ഉണ്ടാകുമെന്ന വിശ്വാസത്തില്‍ ഓഗസ്റ്റ് 11ന് ചിത്രം തിയറ്ററില്‍ വരികയാണ്. അവിടെ നമുക്ക് പൂരപ്പറമ്പാക്കാം", കുഞ്ചാക്കോ ബോബന്‍ പറഞ്ഞവസാനിപ്പിച്ചു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

click me!