
സോഷ്യൽ മീഡിയകളുടെ ഈ കാലത്ത് ഞൊടിയിട കൊണ്ടാണ് ഓരോ കാര്യങ്ങളും വൈറലാകുന്നത്. അക്കൂട്ടത്തിൽ പഴയ കാല സിനിമാ പാട്ടുകളും സോഷ്യലിടത്ത് ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തമൊരു ഗാനമാണ് അടുത്തിടെയായി റീൽസുകൾ ഭരിക്കുന്നതും. 'ഒന്നാന്തരം ബലൂൺ തരാം.. ഒരു നല്ല പീപ്പി തരാം' എന്ന ഗാനമാണ് അത്. 1962ൽ 'സ്നേഹദീപം' എന്ന സിനിമയ്ക്ക് വേണ്ടി പി ഭാസ്കരൻ എഴുതി എം ബി ശ്രീനിവാസൻ സംഗീതം നൽകിയ ഗാനം ലത രാജു ആയിരുന്നു പാടിയിരുന്നത്.
63 വർഷങ്ങൾക്ക് ശേഷം സോഷ്യൽ ലോകത്ത് തിളങ്ങിയ ഗാനം യുട്യൂബിൽ മാത്രം ഒന്നരക്കോടിയോളം ആളുകളാണ് കണ്ടു കഴിഞ്ഞത്. പാട്ടിനൊപ്പം തന്നെ കുട്ടി ഫ്രോക്കും ധരിച്ച് ആ പാട്ട് പാടി അഭിനയിച്ച അഞ്ച് വയസുകാരിയും ഏറെ ശ്രദ്ധ നേടുകയാണ്. പ്രശസ്ത നർത്തകർ ഗുരു ഗോപിനാഥന്റെ മകൾ വിനോദിനി ആണ് ആ ബാലതാരം. വർഷങ്ങൾക്കിപ്പുറം തന്നെയും സിനിമയേയും ഓർമിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് വിനോദിനി ഇപ്പോൾ.
'എനിക്ക് ശരിക്കും അതിശയം തോന്നുകയാണ്. എന്തുകൊണ്ട് ഈ പാട്ട്. കാരണം ഒരുപാട് പാട്ടുകൾ സിനിമയിൽ കുഞ്ഞുങ്ങൾ പാടി അഭിനയിച്ചിട്ടുണ്ടല്ലോ. എന്തുകൊണ്ട് ഈ പാട്ടിന് ഇത്ര ഹൈപ്പ് കിട്ടി എന്ന് എനിക്ക് മനസിലാവുന്നില്ല', എന്ന് വിനോദിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സിനിമയിലേക്ക് എങ്ങനെ എത്തി എന്ന ചോദ്യത്തിന്, 'ഭക്തകുചേല എന്ന സിനിമയിൽ എന്റെ സഹോദരി കൃഷ്ണ വേഷം ചെയ്തിരുന്നു. പി. സുബ്രഹ്മണ്യം(സംവിധായകൻ) എന്റെ അച്ഛന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ചേച്ചി ഷൂട്ടിന് പോകുമ്പോൾ ഞാനും കൂടെ പോകും. അങ്ങനെ എന്നെ ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കാം എന്ന് പറഞ്ഞു. അഭിനയിച്ചു. അങ്ങനെയാണ് തുടക്കം. പിന്നെ ഞാൻ ആൺ വേഷവും പെൺ വേഷവും ചെയ്തിട്ടുണ്ട്. കമൽഹാസനൊപ്പവും അഭിനയിച്ചു. സത്യൻ അങ്കിളിന്റെ കൂടെ അഭിനയിച്ചതാണ് എന്റെ ഏറ്റവും വലിയ ഓർമ. കാരണം അദ്ദേഹമായിരുന്നു എന്റെ മിക്ക സിനിമയിലേയും അച്ഛൻ. എന്നെ വലിയ കാര്യമായിരുന്നു അദ്ദേഹത്തിന്', എന്നായിരുന്നു വിനോദിനിയുടെ മറുപടി. സിനിമ ഒരു കരികയറായി എടുക്കണമെന്ന് ഇല്ലായിരുന്നുവെന്നും വീട്ടിലെ കുട്ടിയാണ് താനെന്നും അതുകൊണ്ടാണ് സിനിമയിൽ നിന്നും മാറിയതെന്നും വിനോദിനി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..