വീണ്ടും ഒരുമിച്ച് ഒരു പിറന്നാള്‍; മൈക്കള്‍ ഡഗ്ലസിനും കാതറിന്‍ സീറ്റ ജോണ്‍സിനും ആശംസകളുമായി ആരാധകര്‍

By Web TeamFirst Published Sep 25, 2022, 3:07 PM IST
Highlights

ചെറിയ വേളയിലൊഴികെ, 2000 മുതൽ ഇങ്ങോട്ട് രണ്ടുപേരും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുന്നു

ന്യൂയോർക്കിലെ അപ്പാർട്ട്മെന്റിൽ ഇന്ന് ഹോളിവുഡിലെ തലയെടുപ്പുള്ള ദമ്പതികൾ പിറന്നാൾ ആഘോഷിക്കുകയാണ്. ഭാര്യയും ഭർത്താവും ജനിച്ചത് ഒരേ ദിവസം. വർഷങ്ങൾക്കിടയിലെ 25ന്റെ അകലം അവർക്കിടിയൽ ഇല്ല. മൈക്കൽ ഡഗ്ലസും കാതറീൻ സീറ്റ ജോൺസും 22 വർഷമായി ഒരുമിച്ചുണ്ട്. ഇടക്ക് ചില സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടായെങ്കിലും  രണ്ടു പേരും ഇപ്പോഴും ഒത്തു പോകുന്നു. 

ക്ലാസിക് ഹോളിവു‍ഡ് നായകൻമാരിൽ ഒരാളായി നിരൂപകർ വാഴ്ത്തുന്ന കിർക്ക് ഡഗ്ലസിന്റേയും നടി ഡയാന ഹില്ലിന്റേയും ആദ്യ സന്തതിയായി 1944ൽ ആണ് മൈക്കൽ ഡഗ്ലസ് ജനിക്കുന്നത്. നാടകരംഗത്തും ടെലിവിഷൻ രംഗത്തും സിനിമയിലും എല്ലാം പതുക്കെ നടന്നു തുടങ്ങി സ്വന്തം മേൽവിലാസം ഉണ്ടാക്കി. ആദ്യനാടകവും സിനിമയും 66ലാണ്. ആദ്യ ടിവി പരമ്പര 69ലും. CBS Playhouse. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഡഗ്ലസിനെ ജനകീയനും നിരൂപകർക്കിടയിൽ ശ്രദ്ധേയനും ആക്കിയത്  72ലെ The Streets of San Francisco എന്ന പരമ്പര. പ്രശസ്തനായ കാൾ മാൽഡെൻ ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ഗുരുതുല്യനായാണ് മാൽഡെനെ ഡഗ്ലസ് കണ്ടതും ബഹുമാനിച്ചതും. 2009ൽ മാൽഡെൻ മരിക്കുന്നതു വരെയും ഡഗ്ലസ് അദ്ദേഹവുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചു. 

 

66ൽ Cast a Giant Shadow എന്ന ചിത്രത്തിൽ മുഖം കാണിച്ചു പോയ ഡഗ്ലസിന് 69ൽ തന്നെ ആദ്യ പുരസ്കാര നോമിനേഷൻ കിട്ടി. Hail, Hero എന്ന ചിത്രത്തിലെ പ്രകടനത്തിന് പുരുഷവിഭാഗത്തിൽ Most Promising Newcomer ആയി ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനാണ് ഡഗ്ലസ് പരിഗണിക്കപ്പെട്ടത്. ആദ്യമായി ഒരു പ്രധാന അവാർഡ്  കിട്ടുന്നത് 71ലാണ്. നാടകരംഗത്ത് നിന്ന്. Pinkville എന്ന പ്രൊഡക്ഷൻ ഡഗ്ലസിന് നേടിക്കൊടുത്തത് തീയേറ്റർ വേൾഡ് അവാർഡ്. അക്കാദമിയുടെയും ബാഫ്തയുടേയും പുരസ്കാരങ്ങൾക്ക് പുറമെ ആദ്യ ഗോൾഡൻ ഗ്ലോബും നേടുന്നത് മികച്ച സിനിമക്കുള്ള അവാർഡ് നേടിയ ചിത്രത്തിന്റെ നിർമാതാവായിട്ടാണ്. 75ൽ. ഹോളിവുഡിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന One Flew Over the Cuckoo's Nest ലൂടെ.  പിന്നീടും നിരവധി ചിത്രങ്ങളുടെയും പരിപാടികളുടെയും നിർമാതാവായി അദ്ദേഹം. മികച്ച നടനുള്ള ഓസ്കറും ഗ്ലോബും കിട്ടുന്നത് 88ൽ. വാൾ സ്ട്രീറ്റ് ആണ് സിനിമ. 

കിട്ടിയ പുരസ്കാരങ്ങളും അനവധിയായ നോമിനേഷനുകളും മാത്രമല്ല ഡഗ്ലസിന്റെ അളവുകോൽ. പ്രായത്തിനും കാലത്തിനും അനുസരിച്ച് ചെയ്ത സിനിമകളും അല്ല. (വൈവിധ്യം എന്നതിന് പര്യായമായി ഡഗ്ലസിന്റെ സിനിമാപട്ടിക ഉദാഹരിക്കാം. റൊമാന്റിക്, ഇറോട്ടിക്, ആക്ഷൻ സിനിമകളിലെല്ലാം ഡഗ്ലസ് അഭിനയിച്ചു. തീർന്നില്ല. മാർവൽ സിനിമാപ്രപഞ്ചത്തിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്. ആന്റ് മാൻ ആയിട്ട്). ക്യാൻസറുമായുള്ള പോരാട്ടം തുറന്നു പറയാനും അവബോധ പരിപാടികളിൽ പങ്കെടുക്കാനും ഡഗ്ലസ് മടികാണിച്ചില്ല. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാനും പരിപാടികളിൽ പങ്കെടുക്കാനും ഡഗ്ലസ് മുന്നിൽ നിന്നു. ഇറാനിൽ നിന്നുള്ള മനുഷ്യാവകാശ പോരാളി ഷിറിൻ എബാദിക്ക് സമാധാന നോബൽ കിട്ടിയത് ആഘോഷിക്കാനുള്ള സംഗീതപരിപാടിയുടെ ആതിഥേയർ ഡഗ്ലസും ഭാര്യ കാതറീനും ആയിരുന്നു. പരിപാടിയുടെ സഹ കണ്ടക്ടർമാരും ആയി അവർ രണ്ടുപേരും. അവിടം കൊണ്ട് തീരുന്നില്ല പരസ്പരം താങ്ങ് ആയും സഹകരിച്ചുമുള്ള  കാതറീന്റേയും ഡഗ്ലസിന്റേയും സന്നദ്ധപരിപാടികൾ. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെ, അംഗവൈകല്യമുള്ളവരുടെ അവകാശങ്ങൾക്കായി, എയ്ഡ്സ് വിരുദ്ധ പ്രചാരണങ്ങൾക്ക് എല്ലാം  കാതറീൻ മുന്നിട്ടിറങ്ങുന്നു. 

 

ഭർത്താവിന്റെ ക്യാൻസർ തിരിച്ചറിയലും ചികിത്സയും സമ്മാനിച്ച ഡിപ്രഷൻ ദിവസങ്ങളെ കുറിച്ച് കാതറീൻ തുറന്നു പറഞ്ഞു. ബൈ പോളാർ ഡിസോഡര്‍ എന്ന രോഗമുണ്ടെന്നും ചികിത്സ തേടിയെന്നും ഉറക്കെ വിളിച്ചു പറഞ്ഞു. മനസ്സിന്റെ ആരോഗ്യനിലയെ ബാധിക്കുന്ന അവസ്ഥകൾ ഒളിച്ചു വെക്കേണ്ട ഒന്നല്ലെന്നും മറ്റ് ഏതൊരു രോഗവാസ്ഥയേയും പോലെ ചികിത്സ തേടുകയാണ് വേണ്ടതെന്നും ഓർമിപ്പിച്ചു.  പ്രിയപ്പെട്ടവർ സാന്ത്വനമായി മനസ്സിലാക്കലായി ഒപ്പം നിന്നാൽ മാനസിക സ്വാസ്ഥ്യത്തിന്റെ നാളുകൾ തിരിച്ചുപിടിക്കുക കുറച്ചു കൂടി എളുപ്പമാകും എന്നും പറഞ്ഞു. സ്വന്തം നിലയിൽ പ്രതിഭ കൊണ്ട് അഭിനയരംഗത്ത് സ്വന്തം ഇടവും നേട്ടങ്ങളും സ്വന്തമാക്കിയ ഒരുവളുടെ ആത്മവിശ്വാസവും സാമൂഹിക ഉത്തരവാദിത്തവും ആണ് കാതറീൻ ഈ തുറന്നു പറച്ചിലുകളിലൂടെ പ്രകടിപ്പിച്ചത്. മുപ്പതോളം സിനിമകൾക്ക് പുറമെ ടെലിവിഷൻ, തീയേറ്റർ രംഗത്തും കാതറീൻ സ്വന്തം മേൽവിലാസം ഉണ്ടാക്കിയിട്ടുണ്ട്. ഒമ്പതാം വയസില്‍ തീയേറ്ററിൽ. ടീനേജ് പ്രായത്തിൽ ടെലിവിഷനിൽ. സിനിമയിൽ തുടക്കം 90ൽ 1001 nights എന്ന ചിത്രത്തിലൂടെ. വാണിജ്യവിജയങ്ങളായ The Mask of Zorro യും  Entrapment യും  ഹോളിവുഡിൽ കാതറീനെ ശ്രദ്ധേയയാക്കി. 

പിന്നീടു വന്ന നിരവധി ചിത്രങ്ങളിലൂടെ ഹോളിവുഡിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളായി.  സൗന്ദര്യം മാത്രമല്ലെന്നും അഭിനയസിദ്ധിയുണ്ടെന്നും തെളിയിച്ച താരത്തിന്റെ അലമാരയിൽ നിരന്നിരിക്കുന്ന പുരസ്കാരങ്ങളിൽ അക്കാദമി അവാർഡ് ഉണ്ട്, ബാഫ്ത്ത ഉണ്ട്, ടോണിയുണ്ട്, SAGയുണ്ട്. ഒന്നും പോരാഞ്ഞ്, സിനിമാരംഗത്തും സന്നദ്ധസേവനരംഗത്തും നൽകിയ സംഭാവനകൾ മാനിച്ചുള്ള പ്രത്യേക അംഗീകാരമായ Commander of the Order of the British Empire (CBE)ഉം. ഇടക്ക് ആരോഗ്യപ്രശ്നം കാരണമോ, കുടുംബ ഉത്തരവാദിത്തം മുൻനിർത്തിയോ അതൊന്നുമല്ലെങ്കിൽ ഇത്തിരി വെറുതെ ഇരിക്കാൻ വേണ്ടിയോ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാൻ കാതറീന് മടിയോ ഭയമോ ഉണ്ടായിരുന്നില്ല. നിലപാടുകളിലെ വ്യക്തതയും അഭിപ്രായ സ്ഥൈര്യവും സത്യസന്ധതയും വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും കാതറീനെ തിളങ്ങുന്ന നായികയാക്കി. 

ALSO READ : റിലീസിനു മുന്‍പേ കോടി ക്ലബ്ബുകളിലേക്ക് ഷാരൂഖ് ഖാന്‍റെ 'ജവാന്‍'; ഒടിടി, സാറ്റലൈറ്റ് റൈറ്റുകളിലൂടെ നേടിയത്

സമ്മർദങ്ങളും പ്രശ്നങ്ങളും ബുദ്ധിമുട്ടായപ്പോൾ 2013ൽ കാതറീനും ഡഗ്ലസും ഒരുമിച്ചുള്ള ജീവിതത്തിൽ നിന്ന് ഒരിടവേളയെടുത്തിരുന്നു. ഒരു വർഷത്തിനിപ്പുറം രണ്ടുപേരും വീണ്ടും ഒരുമിച്ചെത്തി. ആ ചെറിയ വേളയിലൊഴികെ, 2000 മുതൽ ഇങ്ങോട്ട് രണ്ടുപേരും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുന്നു. പ്രായവ്യത്യാസമോ, പ്രൊഫഷണൽ ജീവിതത്തിലെ തിരക്കുകളോ, രോഗാവസ്ഥകൾ കൊണ്ടുവന്ന മുഷിപ്പോ ഇല്ലാതെ ഹോളിവുഡിന് അത്ഭുതമായി തുടരുന്ന ദമ്പതികള്‍ക്ക് സഹപ്രവർത്തകരും ആരാധകരും പിറന്നാൾ ആശംസകളും നേരുന്നു. 

click me!