Mohanlal Birthday : സ്ക്രീനിൽ വിസ്‍മയമാവുമോ 'ബറോസ്'? മോഹൻലാലിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾ

Published : May 21, 2022, 12:13 AM IST
Mohanlal Birthday : സ്ക്രീനിൽ വിസ്‍മയമാവുമോ 'ബറോസ്'? മോഹൻലാലിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾ

Synopsis

മൂന്ന് വർഷം മുൻപാണ് കരിയറിലെ ഈ ആദ്യ ചുവട് മോഹൻലാൽ പ്രഖ്യാപിച്ചത്

കഥാപാത്രങ്ങൾക്കുവേണ്ടി എന്ത് വെല്ലുവിളിയും സ്വീകരിക്കാൻ സന്നദ്ധനായ അഭിനേതാവാണ് മോഹൻലാൽ (Mohanlal). ആക്ഷൻ രംഗങ്ങളിലെ സ്വാഭാവികതയ്ക്കുവേണ്ടി എത്ര വേണമെങ്കിലും അധ്വാനിക്കാൻ തയ്യാറായ മോഹൻലാലിനെക്കുറിച്ച് എത്രയോ സംവിധായകൻ പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തിൻറെ പൂർണ്ണതയ്ക്കുവേണ്ടി കഥകളി ഉൾപ്പെടെ പഠിച്ച് (വാനപ്രസ്‍ഥം) ആ രംഗത്തെ ആചാര്യന്മാരെപ്പോലും അദ്ദേഹം വിസ്‍മയിപ്പിച്ചിട്ടുണ്ട്. ക്യാമറയ്ക്കു മുന്നിൽ നൂറുകണക്കിന് വ്യത്യസ്‍തരായ കഥാപാത്രങ്ങളെ പകർന്നാടിയ അദ്ദേഹം കരിയറിലെ ആദ്യമായി ചെയ്യുന്ന ഒന്നിൻറെ ആവേശത്തിലാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമ! അതെ, മറ്റു സിനിമാ തിരക്കുകൾക്കും ബിഗ് ബോസ് അവതാരകൻ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾക്കുമൊക്കെയിടയിൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ജോലികളിൽ മുഴുകിയിരിക്കുകയാണ് അദ്ദേഹം.

മൂന്ന് വർഷം മുൻപാണ് കരിയറിലെ ഈ ആദ്യ ചുവട് മോഹൻലാൽ പ്രഖ്യാപിച്ചത്. പിന്നീട് ഈ പ്രോജക്റ്റിൻറേതായി എത്തിയ ഓരോ അപ്ഡേറ്റുകൾക്കും ലഭിച്ച പ്രേക്ഷകശ്രദ്ധ അവർക്ക് ഈ സിനിമയിലുള്ള പ്രതീക്ഷ എത്രയെന്ന് വ്യക്തമാക്കുന്നുണ്ട്. 3 ഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നതും മോഹൻലാൽ തന്നെ. ഒരു ഭൂതമാണ് ബറോസ്. മറ്റൊരു ചിത്രത്തിലും കാണാത്ത തരത്തിലുള്ള ഗെറ്റപ്പിലാണ് മോഹൻലാൽ ഈ കഥാപാത്രമായി എത്തുന്നത്. ആരാധകർക്കുള്ള പുതുവർഷ സമ്മാനമായി പുറത്തുവിട്ട ഫസ്റ്റ്ലുക്ക് വൈറൽ ആയിരുന്നു.

ബറോസ് കൂടാതെ മോഹൻലാലിൻറേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ ഇവയാണ്..

എലോൺ

 

ഒട്ടേറെ സൂപ്പർഹിറ്റുകൾ ഒരുക്കിയ കൂട്ടുകെട്ട്, ഷാജി കൈലാസും മോഹൻലാലും 12 വർഷക്കാലത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം എന്നതാണ് എലോണിൻറെ യുഎസ്‍പി. 18 ദിവസമെന്ന റെക്കോർഡ് വേഗത്തിലാണ് ഷാജി കൈലാസ് ചിത്രീകരണം പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം. ആശിർവാദിൻറെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ടിൽ 2000ൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിർവാദ് സിനിമാസിൻറെ ലോഞ്ചിംഗ് ചിത്രം. 2009ൽ പുറത്തെത്തിയ ക്രൈം ത്രില്ലർ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹൻലാൽ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുൻപ് ഷാജി കൈലാസിൻറെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചർ എന്നീ സിനിമകൾക്ക് രചന നിർവ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ് ഡോൺ മാക്സ്. ഹെയർസ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളിൽ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

മോൺസ്റ്റർ

 

വൈശാഖ്, ഉദയകൃഷ്ണ, മോഹൻലാൽ എന്നിങ്ങനെ പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം. 'ലക്കി സിംഗ്' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നതായി 2019 ഒക്ടോബറിലാണ് ആദ്യം വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ അതുസംബന്ധിച്ച അപ്ഡേറ്റുകൾ പിന്നീട് ഉണ്ടായില്ല. പിന്നീട് 2021 ഒക്ടോബറിലാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച് പുതിയ വിവരം പുറത്തുവന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദീപക് ദേവ്, സംഘട്ടനം സ്റ്റണ്ട് സിൽവ തുടങ്ങിയവരാണ് അണിയറയിൽ. 

റാം

 

ദൃശ്യത്തിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റേതായി പുറത്തുവരേണ്ടിയിരുന്ന ചിത്രമാണിത്. എന്നാൽ വിദേശത്തും ഷൂട്ടിംഗ് പ്ലാൻ ചെയ്‍തിരുന്ന ചിത്രത്തിൻറെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാകാനിരിക്കെയായിരുന്നു കൊറോണയുടെ വ്യാപനവും പിന്നാലെ ലോക്ക് ഡൗൺ പ്രഖ്യാപനവും. അതിനാൽ ചിത്രീകരണം നിർത്തിവെക്കേണ്ടിവന്നു. ഈ ഇടവേളയിൽ മോഹൻലാലുമായി ചേർന്ന് ജീത്തു ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾ ഒരുക്കി. കുറച്ചു ദിവസങ്ങൾ ആവശ്യമുള്ള ഇന്ത്യൻ ഷെഡ്യൂളിനു ശേഷം ലണ്ടൻ, ഉസ്ബെക്കിസ്ഥാൻ ഷെഡ്യൂളുകളാണ് ചിത്രത്തിന് ആവശ്യമുള്ളത്. റാം ഉപേക്ഷിച്ചുവെന്ന് പ്രചരണം നടന്ന സമയത്ത് അത് നിഷേധിച്ചുകൊണ്ട് സംവിധായകൻ രംഗത്തെത്തിയിരുന്നു. ചിത്രത്തിൻറെ യുകെ ഷെഡ്യൂൾ ജൂൺ അവസാനം പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന റാമിൻറെ രചനയും ജീത്തുവിൻറേത് തന്നെയാണ്. തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാർ, ആദിൽ ഹുസൈൻ, വിനയ് ഫോർട്ട്, ദുർഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹൻലാലിനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എമ്പുരാൻ

 

പ്രഖ്യാപനവേള മുതൽ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്റ്റ് ആണ് 'ലൂസിഫർ' സീക്വൽ ആയ ഈ ചിത്രം. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു 2019ൽ പുറത്തിറങ്ങിയ 'ലൂസിഫർ'. 200 കോടി ക്ലബ്ബ് എന്ന മാന്ത്രികസംഖ്യ മലയാളം ബോക്സ് ഓഫീസിനു മുന്നിൽ തുറന്നുകൊടുത്തത് ലൂസിഫർ ആയിരുന്നു. ചിത്രം പുറത്തിറങ്ങി മൂന്ന് മാസം പൂർത്തിയാവുംമുൻപേ പൃഥ്വിരാജും മുരളി ഗോപിയും ചേർന്ന് ചിത്രത്തിൻറെ തുടർച്ചയായ 'എമ്പുരാനും' പ്രഖ്യാപിച്ചു. 'ലൂസിഫറി'ൻറെ മുഴുവൻ കഥയും പറയണമെങ്കിൽ മൂന്ന് സിനിമകൾ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങൾക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടർഭാഗം പ്ലാൻ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ബറോസ് ഉൾപ്പെടെയുള്ള തിരക്കുകളിൽ നിന്ന് മോഹൻലാലും ആടുജീവിതം ഉൾപ്പെടെയുള്ള ചിത്രങ്ങൾ പൂർത്തിയാക്കി പൃഥ്വിരാജും എത്തിയതിനുശേഷം മാത്രമാവും എമ്പുരാൻ ആരംഭിക്കുക.

PREV
Read more Articles on
click me!

Recommended Stories

മെയ്ഡ് ഇന്‍ മോളിവുഡ്! ഇന്ത്യന്‍ ബിഗ് സ്ക്രീന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന മലയാള സിനിമ
'എല്ലാം കൊള്ളാം, പക്ഷേ വായ് തുറന്നാൽ പോയി'; മോശം കമന്‍റുകള്‍ നേരിട്ടു; തുറന്നുപറഞ്ഞ് ശീതൾ വിനു