'സഖാവ് സേതുലക്ഷ്‍മി'യോട് കലഹിച്ച ഗൗരിയമ്മ; മലയാള സിനിമയിലെയും വിപ്ലവ നായിക

By Web TeamFirst Published May 11, 2021, 3:52 PM IST
Highlights

ഒരു ബയോപിക്കോ ചരിത്രത്തിന്‍റെ യഥാതഥ ആവിഷ്‍കാരമോ ആണ് ലാല്‍സലാമെന്ന് ചെറിയാന്‍ കല്‍പ്പകവാടിയോ സംവിധായകന്‍ വേണു നാഗവള്ളിയോ അവകാശപ്പെട്ടിട്ടില്ലെങ്കിലും ഭൂരിഭാഗം മലയാളി സിനിമാപ്രേമികളും അതിനെ യാഥാര്‍ഥ്യമായിത്തന്നെയാണ് കണ്ടത്. അക്കാരണത്താല്‍ത്തന്നെ ഗൗരിയമ്മയ്ക്ക് ഈ സിനിമയോടും അതിന്‍റെ അണിയറക്കാരോടും നീരസവും ഉണ്ടായിരുന്നു

കഥാപശ്ചാത്തലത്തില്‍ രാഷ്ട്രീയം കടന്നുവന്നപ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെക്കുറിച്ചാണ് മലയാളസിനിമ ഏറെയും പറഞ്ഞിട്ടുള്ളത്. ഗൗരവസ്വഭാവത്തിലുള്ള സൈദ്ധാന്തിക വിമര്‍ശനങ്ങള്‍ മുതല്‍ ട്രോള്‍ മട്ടിലുള്ള റെഫറന്‍സുകള്‍ വരെ അത് നീണ്ടുപോകുന്നു. പൊളിറ്റിക്കല്‍ ബയോപിക്കുകളൊന്നും കാര്യമായി ഉണ്ടായിട്ടില്ലാത്ത മലയാളസിനിമയില്‍ പക്ഷേ ഒരു വനിതാ നേതാവിന്‍റെ വ്യക്തിത്വം പലകുറി അടയാളപ്പെടുത്തപ്പെട്ടത് കെ ആര്‍ ഗൗരിയമ്മയിലൂടെയാണ്. ചീഫ് മിനിസ്റ്റര്‍ കെ ആര്‍ ഗൗതമി, ജനം എന്നീ ചിത്രങ്ങളിലെയൊക്കെ കഥാപാത്രങ്ങള്‍ ഗൗരിയമ്മ റെഫറന്‍സുകള്‍ ആയിരുന്നെങ്കിലും മലയാളസിനിമയ്ക്ക് മറക്കാനാവാത്ത കഥാപാത്രം 'ലാല്‍സലാ'മിലെ 'സേതുലക്ഷ്‍മി' ആയിരിക്കും.

വര്‍ഗീസ് വൈദ്യനെയും ടി വി തോമസിനെയും ഗൗരിയമ്മയെയും യഥാക്രമം നെട്ടൂരാന്‍ എന്ന നെട്ടൂര്‍ സ്റ്റീഫനായും (മോഹന്‍ലാല്‍) ഡി കെ ആന്‍റണിയായും (മുരളി) സേതുലക്ഷ്‍മിയായും (ഗീത) അവതരിപ്പിച്ച ചിത്രം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ആലപ്പുഴയിലെ ചരിത്രഭൂമികയില്‍ നിന്ന് യഥാര്‍ഥ മനുഷ്യരെ കഥാപാത്രങ്ങളായി കടലാസിലേക്ക് പകര്‍ത്തിയെഴുതിയത് വര്‍ഗീസ് വൈദ്യന്‍റെ മകന്‍ ചെറിയാന്‍ കല്‍പ്പകവാടിയും. ഒരു ബയോപിക്കോ ചരിത്രത്തിന്‍റെ യഥാതഥ ആവിഷ്‍കാരമോ ആണ് ലാല്‍സലാമെന്ന് ചെറിയാന്‍ കല്‍പ്പകവാടിയോ സംവിധായകന്‍ വേണു നാഗവള്ളിയോ അവകാശപ്പെട്ടിട്ടില്ലെങ്കിലും ഭൂരിഭാഗം മലയാളി സിനിമാപ്രേമികളും അതിനെ യാഥാര്‍ഥ്യമായിത്തന്നെയാണ് കണ്ടത്. അക്കാരണത്താല്‍ത്തന്നെ ഗൗരിയമ്മയ്ക്ക് ഈ സിനിമയോടും അതിന്‍റെ അണിയറക്കാരോടും നീരസവും ഉണ്ടായിരുന്നു. ആ നീരസം അവര്‍ തുറന്നു പ്രകടിപ്പിച്ചിട്ടുമുണ്ട്.

സിനിമയില്‍ മുരളി അവതരിപ്പിച്ച ഡി കെ ആന്‍റണിയുടെ പരസ്ത്രീബന്ധമായിരുന്നു ഗൗരിയമ്മയില്‍ ഏറ്റവും നീരസമുണ്ടാക്കിയത്. പക്ഷേ ചെറിയാന്‍ കല്‍പ്പകവാടിയെ സംബന്ധിച്ച് ആലപ്പുഴക്കാര്‍ക്കൊക്കെ അറിയാവുന്ന ആ ബന്ധം സിനിമയില്‍ ഒളിപ്പിച്ചുവെക്കേണ്ടതായി തോന്നിയില്ല. അതിനപ്പുറം ആ ബന്ധത്തില്‍ ടി വി തോമസിനുണ്ടായ മകന്‍ മാക്സണ്‍ ചെറിയാന്‍റെ അടുത്ത സുഹൃത്തുമായിരുന്നു. ചരിത്രം സിനിമയാക്കുമ്പോള്‍ സമൂഹം മോശം കണ്ണുകളോടെ നോക്കിയിരുന്ന അവരോടും നീതി പുലര്‍ത്തേണ്ടതുണ്ടായിരുന്നു രചയിതാവിന്. പക്ഷേ ഒരു കാര്യം താന്‍ അന്നു മനസിലാക്കിയിരുന്നില്ലെന്ന് ചെറിയാന്‍ കല്‍പ്പകവാടി പിന്നീട് പറഞ്ഞിട്ടുണ്ട്. വേര്‍പിരിയലിനുശേഷവും ടി വി തോമസിനോട് ഗൗരിയമ്മ കൊണ്ടുനടന്നിരുന്ന അഗാധമായ ഹൃദയബന്ധത്തെക്കുറിച്ചാണ് അത്. പില്‍ക്കാലത്ത് ഗൗരിയമ്മയില്‍ നിന്നുതന്നെയാണ് നേരിട്ട് അത് അറിയാനിടയായതും.

ആലപ്പുഴയില്‍ വി എം സുധീരനെതിരെ മുരളി മത്സരിച്ച 1999ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലം. വി എസ് അച്യുതാനന്ദന്‍ പറഞ്ഞതനുസരിച്ച് ഗൗരിയമ്മയെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തുന്ന മുരളിയും ചെറിയാന്‍ കല്‍പ്പകവാടിയും. ടി വി തോമസിന്‍റെ റെഫറന്‍സ് കഥാപാത്രത്തെ സ്ക്രീനില്‍ അവതരിപ്പിച്ച മുരളിയെ അതിന്‍റെ രചയിതാവും വര്‍ഗീസ് വൈദ്യന്‍റെ മകനുമായ ചെറിയാനൊപ്പം കണ്ടപ്പോള്‍ ഗൗരിയമ്മയുടെ മുഖം ഇരുണ്ടു. ഇവന്‍ പറഞ്ഞിട്ടായിരിക്കും നില്‍ക്കുന്നതെന്നും താന്‍ തോല്‍ക്കുമെന്നും വെട്ടിത്തുറന്ന് മുരളിയോട്. പിന്നെ മെല്ലെ അന്തരീക്ഷം തണുത്തപ്പോള്‍ ചായസല്‍ക്കാരമൊക്കെ കഴിഞ്ഞ് പിരിയാന്‍ നേരം ചെറിയാനോട് അവര്‍ വീണ്ടും ചോദിച്ചു- "നിനക്ക് എന്തറിയാം ടിവിയെക്കുറിച്ച്?". വീണ്ടും ആശങ്കയിലായ ചെറിയാനോട് തന്‍റെ കിടപ്പുമുറിയിലേക്ക് ഒന്നു കയറിനോക്കാനും ആവശ്യപ്പെട്ടു ഗൗരിയമ്മ. വിവാഹചിത്രം ഉള്‍പ്പെടെ ടിവിക്കൊപ്പമുള്ള ഗൗരിയമ്മയുടെ നിരവധി ചിത്രങ്ങളായിരുന്നു ആ മുറിയുടെ ചുവരുകളില്‍ നിറയെ. മങ്ങലേല്‍ക്കാതെ ഫ്രെയിം ചെയ്‍തു സൂക്ഷിച്ചിരുന്ന ആ ചിത്രങ്ങള്‍ പോലെ ഗൗരിയമ്മയുടെ മനസില്‍ ടി വി തോമസ് ഇന്നും ജീവിക്കുന്നുവെന്നത് ചെറിയാന്‍ കല്‍പ്പകവാടിയെ സംബന്ധിച്ച് തിരിച്ചറിവായിരുന്നു. 

സിനിമയെ വ്യക്തിപരമായി കാണരുതെന്ന് താന്‍ അവരോടു പറഞ്ഞതായി വര്‍ഗീസ് വൈദ്യന്‍റെ ആത്മകഥയിലെ അനുബന്ധ ലേഖനത്തില്‍ ചെറിയാന്‍ കല്‍പ്പകവാടി എഴുതിയിരുന്നു. സിനിമയ്ക്കുവേണ്ട മേമ്പൊടികളൊക്കെ അതില്‍ ചേര്‍ത്തിട്ടുണ്ടെന്നും. എന്നാലും വിജയഫോര്‍മുലയ്ക്കുവേണ്ടി അനാവശ്യ മായം ചേര്‍ത്ത ചരിത്രമായല്ല മലയാളസിനിമയുടെ ചരിത്രത്തില്‍ ലാല്‍സലാം ഓര്‍മ്മിക്കപ്പെടുന്നത്. ഗൗരിയമ്മയുടേത് ഉള്‍പ്പെടെയുള്ള ജീവിതങ്ങളില്‍ ഒരു പോപ്പുലര്‍ സിനിമയ്ക്കുവേണ്ട, പ്രേക്ഷകരെ കൈയ്യടിപ്പിക്കാന്‍ വേണ്ട ഘടകങ്ങളൊക്കെ അനായാസം കണ്ടെടുക്കുകയായിരുന്നു അതിന്‍റെ സൃഷ്ടാക്കള്‍. 1990ലെ ക്രിസ്‍മസ് റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം പ്രധാന സെന്‍ററുകളില്‍ 150 ദിനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ലാല്‍സലാമിന് ലഭിച്ച ഈ വലിയ സ്വീകാര്യത പിന്നീടു നടന്ന നിയസഭാ തിരഞ്ഞെടുപ്പില്‍  ഇടതുപക്ഷം പ്രചരണത്തിനായിപ്പോലും ഉപയോഗിച്ചിരുന്നു. 

ലാല്‍സലാം നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിനു ശേഷം പുറത്തെത്തിയ ചിത്രമാണ് ചീഫ് മിനിസ്റ്റര്‍ കെ ആര്‍ ഗൗതമി. ലാല്‍സലാമില്‍ സഖാവ് സേതുലക്ഷ്‍മിയായ ഗീത തന്നെയായിരുന്നു ടൈറ്റില്‍ കഥാപാത്രമായെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. 'ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചേനെ' എന്നതടക്കം യഥാര്‍ഥ ഗൗരിയമ്മ പറഞ്ഞ പല സംഭാഷണങ്ങളും ഈ നായികാ കഥാപാത്രം ആവര്‍ത്തിച്ചു. പക്ഷേ ബോക്സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധ നേടാതെപോയി ഈ ചിത്രം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!