Rajinikanth Birthday : ഒറ്റ ദിവസം കൊണ്ട് ചിത്രീകരണം അവസാനിപ്പിച്ച 'റാണ'; നടക്കാതെപോയ രജനി പ്രോജക്റ്റുകള്‍

By Web TeamFirst Published Dec 12, 2021, 2:20 PM IST
Highlights

ബാബയുടെ വന്‍ പരാജയത്തിനു ശേഷമാണ് 'ജഗ്ഗുഭായ്' പ്രഖ്യാപിക്കപ്പെടുന്നത്

നവാഗത സംവിധായകരടക്കം സൂപ്പര്‍താരങ്ങളുടെ ഡേറ്റിനുവേണ്ടി നടക്കുന്നത് മികച്ച ഇന്‍ഡസ്ട്രികളിലും പതിവു കാഴ്ചയാണ്. താരം എത്തുന്നതോടെ തങ്ങള്‍ക്ക് നിര്‍മ്മാതാക്കളെ ലഭിക്കുമെന്നും ചിത്രം വിചാരിച്ച രീതിയില്‍ തിയറ്ററില്‍ എത്തിക്കാനാവുമെന്നുമൊക്കെയുള്ള ചിന്തയാണ് ഈ ശ്രമത്തിനു പിന്നില്‍. അത് ശരിയുമാണ്. എന്നാല്‍ സൂപ്പര്‍താരവും സൂപ്പര്‍ സംവിധായകരുമൊക്കെയുണ്ടായിട്ടും പ്രഖ്യാപനത്തിലൊതുങ്ങിപ്പോയ ചില വന്‍ ചിത്രങ്ങളുണ്ട്. കമല്‍ ഹാസന്‍റെ 'മരുതനായക'ത്തെപ്പോലെ രജനീകാന്തിനുമുണ്ട് (Rajinikanth) അത്തരം ചിത്രങ്ങള്‍.

രജനീകാന്തിന്‍റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു സുരേഷ് കൃഷ്‍ണയുടെ സംവിധാനത്തില്‍ 2002ല്‍ പ്രദര്‍ശനത്തിനെത്തിയ 'ബാബ'. വന്‍ പ്രീ-റിലീസ് ഹൈപ്പുമായെത്തിയ ചിത്രത്തെ ആരാധകരടക്കം ആദ്യദിനങ്ങളില്‍ത്തന്നെ കൈവിട്ടതോടെ ഇനി എന്തു ചെയ്യണമെന്ന ആലോചനയിലായി രജനി ക്യാമ്പ്. ബോക്സ് ഓഫീസിലെ രജനി പ്രഭാവം മടക്കിക്കൊണ്ടുവരാന്‍ അവര്‍ കണ്ടെത്തിയ സംവിധായകന്‍ കെ എസ് രവികുമാര്‍ ആയിരുന്നു. 'മുത്തു'വും 'പടയപ്പ'യുമൊക്കെ രജനിക്കു നല്‍കിയ പ്രഗത്ഭ സംവിധായകന്‍. കെ എസ് രവികുമാര്‍ ഒരു പ്രോജക്റ്റും രജനിക്കു മുന്നില്‍ അവതരിപ്പിച്ചു. 'ജഗ്ഗു ഭായ്' (Jaggubhai) എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. ബാബയുടെ പരാജയത്തിന് രണ്ട് വര്‍ഷത്തിനിപ്പുറം പ്രഖ്യാപിച്ചപ്പെട്ട ചിത്രത്തില്‍ ഐശ്വര്യ റായ് ആണ് നായികയായി നിശ്ചയിക്കപ്പെട്ടത്. 

 

എന്നാല്‍ പ്രഖ്യാപനശേഷം ഈ പ്രോജക്റ്റ് ഉപേക്ഷിക്കപ്പെടുകയായിരുന്നു. പ്രമേയത്തില്‍ രജനിയുടെ എവര്‍ഗ്രീന്‍ ഹിറ്റ് 'ബാഷ'യുമായുള്ള സാദൃശ്യം രജനി ക്യാമ്പ് ചൂണ്ടിക്കാട്ടിയതോടെയായിരുന്നു ഇത്. പക്ഷേ പിന്നീട് ഇതേപേരില്‍ 2010ല്‍ കെ എസ് രവികുമാര്‍ ഒരു ചിത്രം സംവിധാനം ചെയ്‍തു. ശരത്ത് കുമാറും ശ്രിയ ശരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രജനിയെ നായകനാക്കി ആലോചിച്ച പ്രോജക്റ്റിന്‍റെ കഥയിലടക്കം മാറ്റങ്ങളോടെയാണ് എത്തിയത്. ഫ്രെഞ്ച് ചിത്രം 'വസാബി'യുടെ പ്ലോട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതുമായിരുന്നു ഈ ചിത്രം. വലിയ ഹൈപ്പോടെയെത്തിയ ഈ ചിത്രവും പക്ഷേ ബോക്സ് ഓഫീസില്‍ ശ്രദ്ധ നേടാതെ പോയി.

പ്രഖ്യാപനശേഷം ഉപേക്ഷിക്കപ്പെട്ട രജനിയുടെ മറ്റൊരു ചിത്രത്തിന്‍റെ സംവിധായകനും കെ എസ് രവികുമാര്‍ തന്നെയാണ്. 'എന്തിരനു' ശേഷം പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രത്തിന്‍റെ പേര് റാണ (Rana) എന്നായിരുന്നു. രജനീകാന്തിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് കെ എസ് രവികുമാര്‍ തന്നെയായിരുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ഈ പ്രോജക്റ്റില്‍ അമിതാഭ് ബച്ചനെയും ദീപിക പദുകോണിനെയും പ്രധാന കഥാപാത്രങ്ങളായി നിശ്ചയിച്ചിരുന്നു. രജനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന ഈ സിനിമയുടെ ചിത്രീകരണം 2011ല്‍ ആരംഭിച്ചതുമാണ്. എന്നാല്‍ ആദ്യദിന ചിത്രീകരണത്തിനു ശേഷം രജനിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വിദഗ്‍ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയും ചെയ്‍തു. ശാരീരികമായി ഏറെ അധ്വാനം വേണ്ട ഈ ചിത്രം രജനിയുടെ അനാരോഗ്യം പരിഗണിച്ച് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

 

എന്നാല്‍ ഈ പ്രോജക്റ്റ് പൂര്‍ണ്ണമായും ഉപേക്ഷിച്ചുവെന്ന് രവികുമാര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. പലപ്പോഴും അഭിമുഖങ്ങളിലും പൊതുപരിപാടികളിലുമൊക്കെ ഈ സിനിമയെക്കുറിച്ചുള്ള ചോദ്യം അദ്ദേഹത്തെ തേടിയെത്താറുണ്ട്. ഏറ്റവുമൊടുവില്‍ 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍റെ' തമിഴ് റീമേക്ക് ആയ 'ഗൂഗിള്‍ കുട്ടപ്പന്‍റെ' ലോഞ്ച് ഇവെന്‍റിലും അദ്ദേഹം ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള തന്‍റെ പ്രതീക്ഷകള്‍ പങ്കുവച്ചിരുന്നു. ആറ് മാസം മുന്‍പ് രജനിക്ക് റാണയുടെ തിരക്കഥ വീണ്ടും വായിച്ചുകൊടുത്തെന്നും അദ്ദേഹത്തിനും താല്‍പര്യമുണ്ടെന്നും രവികുമാര്‍ പറഞ്ഞു. ശാരീരികക്ഷമത വീണ്ടെടുത്തതിനു ശേഷം ഈ ചിത്രം ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നാണ് രജനി പറഞ്ഞിരിക്കുന്നതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം 'റാണ'യുടെ പ്രീക്വല്‍ ആയി രവികുമാര്‍ എഴുതിയ തിരക്കഥയാണ് 'കൊച്ചഡയാന്‍'. രജനിയുടെ മകള്‍ സൗന്ദര്യയുടെ സംവിധാനത്തില്‍ അനിമേറ്റഡ് ഫീച്ചര്‍ രൂപത്തില്‍ ഈ ചിത്രം 2014ല്‍ തിയറ്ററുകളില്‍ എത്തിയിരുന്നു.

click me!