'ലാല്‍ സിംഗ് ഛദ്ദ' എത്തുംമുന്‍പ് 'ഫോറസ്റ്റ് ഗംപി'നെ വീണ്ടും കാണുമ്പോള്‍

By P R VandanaFirst Published May 13, 2022, 8:20 PM IST
Highlights

മാർക്ക് ട്വെയ്ൻ സൃഷ്ടിച്ച ഹക്കിൾബറി ഫിൻ സാഹിത്യലോകത്ത് എന്താണോ അതാണ് സിനിമയുടെ ലോകത്ത് ഫോറസ്റ്റ് ഗംപ് എന്നാണ് പലരും വാഴ്ത്തിയത്

'മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്' ആമിര്‍ ഖാന്‍ നായകനാകുന്ന ലാൽ സിങ് ഛദ്ദ (Laal Singh Chaddha) ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന  സിനിമയാണ്. ഓഗസ്റ്റിൽ തീയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായി അണിയറക്കാർ പുറത്തുവിടുന്ന പാട്ടുകൾ ആരാധകർ ഏറ്റെടുക്കുന്നത് നല്ല സിനിമക്കുള്ള കാത്തിരിപ്പിന്റെ ആവേശമാണ് വ്യക്തമാകുന്നത്. 28 കൊല്ലം മുമ്പിറങ്ങിയ ഒരു നല്ല സിനിമ ഇതോടൊപ്പം വീണ്ടും ഓർമകളിൽ സജീവമാകുകയാണ്. ഫോറസ്റ്റ് ഗംപ് (Forrest Gump). ലാൽ സിങ് ഛദ്ദയായി ബോളിവുഡിലെത്തുന്നത് ഗംപ് തന്നെയാണ്. 

1986ൽ വിൻസ്റ്റൺ ഗ്രൂം എഴുതിയ നോവലാണ് അതേ പേരിൽ 1994ൽ സിനിമയായത്. എറിക് റോത്ത് തിരക്കഥയെഴുതി റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത സിനിമ ഹോളിവുഡിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്. വാണിജ്യ വിജയം കൊണ്ടും പുരസ്കാരലബ്ധി കൊണ്ടും മാത്രമല്ല. സാംസ്കാരികമായും രാഷ്ട്രീയമായും ഉള്ള പ്രസക്തി കൊണ്ടുകൂടിയാണ്. മാർക്ക് ട്വെയ്ൻ സൃഷ്ടിച്ച ഹക്കിൾബറി ഫിൻ സാഹിത്യലോകത്ത് എന്താണോ അതാണ് സിനിമയുടെ ലോകത്ത് ഫോറസ്റ്റ് ഗംപ് എന്നാണ് പലരും വാഴ്ത്തിയത്. അതേസമയം പ്രധാനവിഷയങ്ങളിൽ നിലപാടെടുക്കാത്ത, കോമഡിയും മെലോഡ്രാമയും ചേർത്തിണക്കുന്ന സിനിമയെന്ന് പുനർവായനയിൽ വിമർശനവും കേട്ടു. അപ്പോൾ പോലും വിമർശിച്ചവർക്കും സിനിമയെന്ന മാധ്യമത്തിന്റെ് വ്യക്തവും സുന്ദരവുമായ ഉത്പന്നമായിരുന്നു ഫോറസ്റ്റ് ഗംപ് എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. ആ സിനിമ എത്രമാത്രം സ്വാധീനിച്ചു എന്നതിന്റെയ തെളിവാണ് വർഷങ്ങൾ കഴിഞ്ഞുണ്ടായ പുനർവായനയും. 

 

1956ൽ ഫോറസ്റ്റ് ഗംപ് കുട്ടിയായിരിക്കുമ്പോൾ തുടങ്ങുന്ന സിനിമ 81ൽ ഗംപ് ജൂനിയർ സ്കൂളിൽ  പോകാൻ തുടങ്ങുമ്പോഴാണ് അവസാനിക്കുന്നത്. ആ നീണ്ട യാത്ര രണ്ട് മണിക്കൂ‍ർ 22 മിനിറ്റ് കൊണ്ട് പറഞ്ഞു പോകുന്നു. ആ യാത്രയിൽ പിന്നോട്ടുപാഞ്ഞു പോകുന്ന കാഴ്ചകളിൽ അമേരിക്കൻ ചരിത്രത്തിലെ നിർണായകസംഭവങ്ങളും വ്യക്തികളുമുണ്ട്.  അമേരിക്കൻ പ്രസിഡന്റുമാർ ജോൺ എഫ് കെന്നഡി, ലിൻഡൺ ബി ജോൺസൺ, റിച്ചാർഡ് നിക്സൺ തുടങ്ങിയവർ ഗംപിനെ കാണുന്നുണ്ട്. വിയറ്റ്നാം യുദ്ധവും വാട്ടർഗേറ്റ് വിവാദവും സിനിമയിൽ പരാമർശിക്കുന്നുണ്ട്. അലബാമ സർവകലാശാലയിൽ നിന്ന് ബിരുദം നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായ വിവിയൻ ജുനൈത മലോൺ ജോൺസ്, അവരെ കോളേജ് വാതിൽപ്പടിയിൽ തടയാനെത്തിയ ഗവർണർ ജോർജ് വാല്ലസ് ബെയർ ബ്രയന്റ് എന്നറിയപ്പെട്ട പോൾ വില്യം ബ്രയന്റ് എന്ന അതിപ്രശസ്ത അമേരിക്കൻ കോളേജ് ഫുട്ബോൾ കോച്ച്, ആക്ടിവിസ്റ്റായിരുന്ന ആബി ഹോഫ്മാൻ, ഗായകൻ ജോൺ ലെനൻ.. അമേരിക്കയെ സ്വാധീനിച്ച വ്യക്തികൾ ഒന്നും രണ്ടുമല്ല സിനിമയിൽ പരാമർശിക്കപ്പെടുന്നത്. 

സൂക്ഷിപ്പ് ദൃശ്യശേഖരത്തിൽ നിന്നുള്ള  (archive visuals) ഇവരുടെയെല്ലാം ദൃശ്യങ്ങൾക്കൊപ്പം ടോം ഹാങ്ക്സിനെയും ചേർത്തുവെച്ചുള്ള സീനുകൾ സൃഷ്ടിച്ച മികവിനുള്ള സമ്മാനമായിരുന്നു  രണ്ട് ഓസ്കർ. വിഷ്വൽ എഫക്ടിനും എഡിറ്റിങ്ങിനും. (മികച്ച സിനിമ, സംവിധാനം, നടൻ, അവലംബിത തിരക്കഥ എന്നിവക്ക് പുറമെ) അഭിനേതാക്കളുടെയോ അണിയറക്കാരുടെയോ മികവിനെ പറ്റി വിമർശനങ്ങളുണ്ടായില്ലെങ്കിലും സിനിമ കൈക്കൊണ്ട സമീപനം അരാഷ്ട്രീയ വാദത്തിന്റേതാണ് എന്ന് ആക്ഷേപമുണ്ടായിരുന്നു. കാലഘട്ടത്തിലെ നിർണായകവ്യക്തികളേയും സംഭവങ്ങളേയും ഉൾപെടുത്തി എന്നല്ലാതെ വ്യക്തമായ നിലപാടെടുത്തില്ല എന്ന് മുൻനിർത്തിയായിരുന്നു ഇത്.  ഈ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ ലാൽ സിങ് ഛദ്ദയുടെ കാത്തിരിപ്പിന് രാഷ്ട്രീയമാനങ്ങളുണ്ട്. സമ്പന്നവും വൈവിധ്യപൂർണവുമായ ഇന്ത്യൻ ചരിത്രത്തിൽ നിന്നുള്ള ഏത് ഏടാണ് എങ്ങനെയാണ് അവതരിപ്പിക്കപ്പെടുക എന്ന ആകാംക്ഷയാണ് അതിന് കാരണം. 

click me!