Latest Videos

'ലോക്സഭയിലേക്ക് മത്സരിക്കില്ല', അതിനൊരു കാരണമുണ്ട്, വിജയിയുടെ ആദ്യ രാഷ്ട്രീയ തന്ത്രം ഇങ്ങനെ

By Vipin VKFirst Published Feb 2, 2024, 4:42 PM IST
Highlights

തന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തമിഴ്നാട്ടില്‍ ആരാധക സംഘം വഴിയും സ്വകാര്യ ഏജന്‍സി വഴിയും വിജയ് സര്‍വേ നടത്തിയിരുന്നു എന്നാണ് വിവരം. 2026 ലക്ഷ്യമാക്കി ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നാണ് ഇത് നല്‍കിയ സൂചനയത്രെ.

ചെന്നൈ: ജൂണ്‍ 22 ആണ് നടന്‍ വിജയിയുടെ ജന്മദിനം. കഴിഞ്ഞ വര്‍ഷം ജന്മദിനത്തില്‍ വിജയ് രാഷ്ട്രീയത്തിലക്ക് ഇറങ്ങുന്നതിന്‍റെ വലിയ സൂചന നല്‍കിയിരുന്നു.  അന്ന് ഇറക്കിയ ലിയോ എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ തുടക്കം തന്നെയായിരുന്നു ആ സൂചന "നാന്‍ വരവാ... ഇറങ്ങി വരവാ..". ഒടുവില്‍ 2024 ഫെബ്രുവരി 2ന് അത് സംഭവിച്ചു സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വെള്ളിത്തിരയില്‍ നിന്നും ഒരു താര നക്ഷത്രം കൂടി രാഷ്ട്രീയ ഗോദയിലേക്ക്. 

ഇന്ന് ദക്ഷിണേന്ത്യയിലെ സിനിമ രംഗത്ത് വിജയ് ഒരു വിജയ നാമം ആണ്. ഇത്രയും ഷുവര്‍ ബിസിനസ് നല്‍കുന്ന താരം ഇന്നത്തെ അവസ്ഥയില്‍ വേറെയില്ല. ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് വിജയ് എന്നാണ് റിപ്പോര്‍ട്ട്. അടുത്തതായി വിജയിയുടെ ഇറങ്ങാന്‍ പോകുന്ന 'ദ ഗോട്ട്' ചിത്രത്തിന് 200 കോടിയിലേറെയാണ് വിജയിയുടെ പ്രതിഫലം എന്നാണ് കണക്ക്.

ചില തമിഴ് സിനിമ അനലിസ്റ്റുകള്‍ വിജയ് ഇത്രയും തുക പ്രതിഫലം വാങ്ങുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. കാരണം ഒരു വിജയ് ചിത്രം നിര്‍മ്മാതാവിന് 200 കോടിയെങ്കിലും ടേബിള്‍ ബിസിനസ് നല്‍കും എന്നാണ് കണക്ക്. ഡിസ്ട്രീബ്യൂഷന്‍, ടിവി റൈറ്റ്സ്, ഒടിടി റൈറ്റ്സ്, ഓഡിയോ റൈറ്റ്സ് എല്ലാം ചേര്‍ത്താണ് ഇത്. പടത്തിന് നെഗറ്റീവ് റിവ്യൂ വന്നാല്‍ പോലും 100 കോടിയില്‍ ഏറെ കളക്ഷനും വിജയ് ചിത്രം നേടുന്നുവെന്നാണ് സമീപകാല കണക്കുകള്‍ പറയുന്നത്. അതിനാല്‍ തന്നെ വിജയ് എന്ന പേര് തന്നെ ചിത്രത്തിന്‍റെ വിജയ ഫോര്‍മുലയായി മാറുന്നു. അവസാനം ഇറങ്ങിയ ലിയോ പോലും സമിശ്ര പ്രതികരണം ലഭിച്ചിട്ടും 600 കോടിയിലേറെ കളക്ട് ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. 

ഒരു വര്‍ഷത്തോളമായി കത്തി നിന്ന വിഷയം


തമിഴ്നാട്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ചൂടേറിയ ചര്‍ച്ച വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്നതാണ്. കഴിഞ്ഞ വിജയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അത് കൂടുതല്‍ ശക്തമാകുകയായിരുന്നു. ജന്മനാളിന് മുന്‍പ് ജൂണ്‍മാസം ചെന്നൈയില്‍ വിജയ് നേരിട്ട് മുന്‍കൈ എടുത്ത് ഒരു ചടങ്ങ് നടത്തി. തമിഴ്നാട് ബോര്‍ഡ് പരീക്ഷകളിലെ വിജയികളെ ആദരിക്കല്‍. മണിക്കൂറുകള്‍ വേദിയില്‍ നിന്ന്  തമിഴ്നാട്ടിലെ ഒരോ ജില്ലയില്‍ നിന്നുള്ള പരീക്ഷ ടോപ്പര്‍മാരെ വിജയ് ആദരിച്ചു. 

ശരിക്കും തമിഴ് നാട്ടിലെ, മാത്രമല്ല തമിഴ്നാട്ടിന് പുറത്തും സോഷ്യല്‍ മീഡിയ ട്രെന്‍റിംഗായി ആദരിക്കല്‍ വേദിയിലെ ദൃശ്യങ്ങള്‍. വിജയ് പരീക്ഷ വിജയികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കൊപ്പവും ചിലവഴിച്ച രസകരമായ രംഗങ്ങള്‍ റീല്‍സുകളിലും മറ്റും നിറഞ്ഞ് നിന്നും. ചടങ്ങിന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും യാത്ര ടിക്കറ്റും താമസവും ഭക്ഷണവും അടക്കം കോടികള്‍ നേരിട്ട് ചിലവഴിച്ചാണ് ഈ ചടങ്ങ്  വിജയ് നടത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. 

ഇതിന് പിന്നാലെ ആ വേദിയില്‍ വിജയ് നടത്തിയ പ്രസംഗവും വൈറലായി പണം വാങ്ങി വോട്ട് ചെയ്യരുത് എന്നാണ് വിജയ് പറഞ്ഞത്.ഒപ്പം തന്നെ തമിഴകത്ത ഡിഎംകെ, എഡിഎംകെ നേതാക്കളെ മാതൃകയാക്കാന്‍ പറയാതെ പെരിയോറെയും അംബേദ്ക്കറെയും വിജയ് എടുത്ത് പറഞ്ഞതും അന്ന് ശ്രദ്ധേയമായി. അതേ വേദിയില്‍ വിജയിയോട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു പെണ്‍കുട്ടി അഭ്യര്‍ത്ഥിക്കുന്ന വീഡിയോയും വൈറലായി. മൂന്ന് കൊല്ലം കഴിഞ്ഞ് ഞാന്‍ വോട്ട് ചെയ്യുമ്പോള്‍ ആ വോട്ടിന് ഒരു അര്‍ത്ഥം ഉണ്ടാകണമെങ്കില്‍ അണ്ണന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. ആ വീഡിയോയും വൈറലാണ്.

അംബേദ്ക്കര്‍ ജയന്തി ആഘോഷിക്കാന്‍ തന്‍റെ ആരാധക സംഘങ്ങള്‍ക്ക് വിജയ് നിര്‍ദേശം നല്‍കിയതും രാഷ്ട്രീയ സൂചനയായാണ് തമിഴകം കണ്ടത്. അതിന് പുറമേ മണ്ഡലാടിസ്ഥാനത്തില്‍ ലൈബ്രറികളും പഠന സഹായ കേന്ദ്രങ്ങള്‍ തുടങ്ങിയതും ഇതിനോട് കൂട്ടിവായിക്കണം. അവസാനം മഴക്കെടുതി പ്രദേശങ്ങളില്‍ ദുരിതാശ്വാസം വിതരണം ചെയ്യാനും വിജയ് നേരിട്ട് എത്തി. 

തമിഴകത്തിന് പുതുമയല്ലാത്ത സിനിമ രാഷ്ട്രീയം

തമിഴകത്ത് സിനിമക്കാരുടെ രാഷ്ട്രീയം ഒരു പുതുമയുള്ള വിഷയം അല്ല. കരുണാനിധിയും എംജിആറും പിന്നീട് രണ്ട് വഴി പിരിഞ്ഞെങ്കിലും സിനിമ വഴി ദ്രാവിഡ രാഷ്ട്രീയത്തെ വഴി തെളിച്ച് വന്നവരാണ്. തങ്ങളുടെ സിനിമ താര പ്രഭയാണ് എംജിആറെ പുരൈച്ചി തലൈവറാക്കിയത്. പിന്നീട് ജയലളിതയെ  പുരൈച്ചി തലൈവിയാക്കിയത്. ശിവാജി ഗണേശന്‍ രാഷ്ട്രീയത്തിലും ഒരു കൈനോക്കിയിട്ടുണ്ട്. വിജയകാന്ത് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയെങ്കിലും വലുതായി ഒന്നും നേടാന്‍ പറ്റിയില്ല,കമല്‍ഹാസന്‍ മക്കള്‍ മയ്യവുമായി ഇറങ്ങി ഇന്നും കരയ്ക്ക് എത്തിയിട്ടില്ല. തന്‍റെ രാഷ്ട്രീയ വഴി തനി വഴിയായി വെട്ടിയെടുക്കാന്‍ നോക്കിയിട്ടും ഒന്നുമാകാതെ പോയത് രജനിക്കാണ്. അജിത്തിനെ തന്‍റെ പിന്‍ഗാമിയാക്കാന്‍ ജയലളിതയ്ക്ക് താല്‍പ്പര്യമുണ്ടായി എന്നും ഒരു വാര്‍ത്ത കുറേക്കാലം കേട്ടിരുന്നു. കാര്‍ത്തിക്, ശരത് കുമാര്‍ എന്നിവരും പാര്‍‌ട്ടികളുമായി എത്തിയിരുന്നു. ഇത്തരത്തില്‍ ഒരു അവസ്ഥയിലാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുന്നത്. 

മെറ്സല്‍ എന്ന ചിത്രത്തിലെ ജിഎസ്ടി ഡയലോഗും അതിനൊപ്പം ഉയര്‍ന്നുവന്ന വിവാദത്തിലും ശേഷമാണ് വിജയ് തന്‍റെ ഗിയര്‍ ഒന്ന് മാറ്റിയത്. വിജയ് താന്‍ ജോസഫ് വിജയ് ആണെന്ന പ്രഖ്യാപനം നടത്തിയതും. 2019 തെരഞ്ഞെടുപ്പ് ദിനം വോട്ട് ചെയ്യാന്‍ സൈക്കിള്‍ ചവുട്ടി പോയതും വിജയ് പരസ്യമായി ഒരു വാക്ക് പറഞ്ഞില്ലെങ്കിലും രാഷ്ട്രീയ പ്രസ്താവനകളായി വായിക്കപ്പെട്ടു. സര്‍ക്കാര്‍ എന്ന സിനിമയുടെ കണ്ടന്‍റ് തന്നെ രാഷ്ട്രീയമായി വിലയിരുത്തപ്പെട്ടു എന്നതാണ് സത്യം. സൌജന്യങ്ങള്‍ വാങ്ങി വോട്ട് ചെയ്യുന്നതിനെ പരിഹസിച്ചത് വലിയ ചര്‍ച്ചയായിരുന്നു അന്ന്.

ഇതിനൊപ്പം തന്നെ തന്‍റെ ഫാന്‍സ് അസോസിയേഷന്‍റെ രാഷ്ട്രീയമായ രൂപീകരണത്തെ പല രീതിയില്‍ വിജയ് പിന്തുണച്ചതായി കാണാം. സ്വന്തം അച്ഛന്‍ സംവിധായകന്‍ ചന്ദ്രശേഖര്‍ അത്തരത്തില്‍ വിജയ് യുടെ പേരില്‍ രാഷ്ട്രീയ സംഘടനയ്ക്ക് രൂപം നല്‍കാന്‍ പോയപ്പോള്‍ അതിനെ വിജയ് എതിര്‍ത്തു. ചന്ദ്രശേഖറും വിജയിയും അതിന് ശേഷം ഇതിന്‍റെ പേരില്‍ മിണ്ടാറില്ലെന്നാണ് കോളിവുഡിലെ സംസാരം. കഴിഞ്ഞ ദിവസം പോലും അതിന്‍റെ ചില പൊട്ടിത്തറികള്‍ ഉണ്ടാകുകയും ചെയ്തു.  

അതിന് ശേഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ് തന്‍റെ ആരാധകര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ താരത്തിന്‍റെ ആരാധക സംഘടനയുടെ പേര് ഉപയോഗിക്കാതെ സ്വതന്ത്ര്യരായി നിന്ന് ജയിക്കാനാണ് പറഞ്ഞത്. ഇത്തരത്തില്‍ തമിഴ്നാട്ടില്‍30 ഓളം പഞ്ചായത്ത് അംഗങ്ങള്‍, കൌണ്‍സിലര്‍മാര്‍ ഒക്കെ വിജയ് ആരാധകരാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവരെയെല്ലാം നേരിട്ട് കണ്ടു വിജയ്. 

തന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തമിഴ്നാട്ടില്‍ ആരാധക സംഘം വഴിയും സ്വകാര്യ ഏജന്‍സി വഴിയും വിജയ് സര്‍വേ നടത്തിയിരുന്നു എന്നാണ് വിവരം. 2026 ലക്ഷ്യമാക്കി ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നാണ് ഇത് നല്‍കിയ സൂചനയത്രെ. ഇതാണ് ഇപ്പോള്‍ 'തമിഴ് വെട്രി കഴകം'രൂപീകരണത്തിലേക്ക് എത്തിയിരിക്കുന്നു.

വമ്പന്‍ എന്‍ട്രിയാകുമോ?

ആദ്യഘട്ടത്തില്‍ ആഘോഷപൂര്‍വ്വമാണ് സിനിമ താരങ്ങള്‍ രാഷ്ട്രീയത്തില്‍‌ ഇറങ്ങാറ്. എന്നാല്‍ ഒരു ഘട്ടത്തിനപ്പുറം വെള്ളിത്തിരയല്ല, ശരിക്കും രാഷ്ട്രീയത്തിന്‍റെ 'തറ' എന്ന് മനസിലാക്കുമ്പോള്‍ സമയം ഏറെ കഴിഞ്ഞിരിക്കും. 1996 ല്‍ ഒരു സൂപ്പര്‍താരം എന്ന നിലയില്‍ കത്തിനില്‍ക്കുമ്പോള്‍ രാഷ്ട്രീയത്തിലിറങ്ങിയത് വലിയ തെറ്റായി പോയെന്ന് അടുത്തിടെ നടന്‍ ശരത് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതും വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ശരത് കുമാര്‍ ഇത് പറഞ്ഞത്.

എംജിആറിനപ്പുറം സിനിമയില്‍ നിന്നും എത്തി രാഷ്ട്രീയത്തില്‍ വന്‍ വിജയം നേടിയ താരങ്ങള്‍ ആരും ഇല്ലെന്ന് പറയാം. വിജയകാന്ത് കഴിഞ്ഞ ദശാബ്ദത്തില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് വരെയായിരുന്നു. അതിനാല്‍ തന്നെ വിജയിയുടെ രാഷ്ട്രീയ പ്രവേശനം മുന്‍കാല അനുഭവങ്ങളില്‍ നിന്ന് നോക്കിയാല്‍ കുറച്ച് ദുഷ്കരം ആയിരിക്കും.

എന്നാല്‍ സവിശേഷമായ ഒരു സാഹചര്യത്തിലാണ് വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം എഡിഎംകെ വലിയതോതില്‍ ശോഷിച്ചു. രാഷ്ട്രീയമായി ബിജെപിയും മറ്റും കരുത്തുകാട്ടാന്‍ ശ്രമിക്കുന്നെങ്കിലും ഡിഎംകെ സഖ്യത്തിന് വലിയ എതിരാളികള്‍ ഒന്നും ഇല്ല. ഇത്തരം ഒരു അവസ്ഥയില്‍ തന്‍റെ രാഷ്ട്രീയ എന്‍ട്രി ഗുണം ചെയ്യും എന്ന് വിജയിയും കണക്കുകൂട്ടുന്നു. 

നാ തമിഴര്‍ കക്ഷി നേതാവ് സീമാനെപ്പോലെ ചുരുക്കം ചിലര്‍ മാത്രമാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്തായാലും വരുന്ന ലോക്സഭ ഇലക്ഷനില്‍ മത്സരിക്കാന്‍ ഇല്ലെന്നാണ് വിജയിയുടെ പാര്‍ട്ടിയുടെ തീരുമാനം. ആര്‍ക്കും പിന്തുണയും നല്‍കില്ല. അതേ സമയം വിജയിയുടെ പിന്തുണയ്ക്ക് വേണ്ടി തമിഴകത്തെ രാഷ്ട്രീയ ഭീമന്മാര്‍ കാത്തുനില്‍ക്കും എന്നതായിരിക്കും ഇനി കാണാന്‍ പോകുന്നത്. രാഷ്ട്രീയ കളത്തില്‍ ഇറങ്ങിയ പുതുമുഖം എന്ന നിലയില്‍ ഇവിടെ തന്‍റെ ബന്ധുക്കളെയും ശത്രുക്കളെയും തിരിച്ചറിയാനുള്ള അവസരം കൂടിയായും മത്സരിക്കാത്ത ലോക്സഭ തെരഞ്ഞെടുപ്പ് വിജയിക്ക്. 

രാഷ്ട്രീയത്തിലിറങ്ങി, വിജയ് സിനിമ മതിയാക്കുന്നു; അവസാന ചിത്രം ഇതായിരിക്കും.!

'രാഷ്ട്രീയം എനിക്ക് ഹോബിയല്ല'; തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്

tags
click me!