ഋഷി കപൂർ തന്റെ ആത്മകഥയിൽ 'തുറന്നു'തന്നെ പറഞ്ഞ ആ സ്വകാര്യങ്ങൾ

By Web TeamFirst Published Apr 30, 2020, 2:59 PM IST
Highlights

ബോബിയുടെ ഷൂട്ടിങ്ങിനിടെ ഡിംപിൾ ആ റിങ് ഋഷി കപൂറിൽ നിന്ന് ഊരിവാങ്ങി സ്വന്തം വിരലിൽ ഇട്ടു. പിന്നീട് ഡിംപിൾ അത് തിരിച്ചു കൊടുക്കാതെ കയ്യിൽ തന്നെ സൂക്ഷിച്ചു. 

കപൂർ കുടുംബത്തിലെ വേറിട്ട ഒരു വ്യക്തിത്വമായിരുന്നു ഋഷി കപൂർ എന്നും. ഷോമാൻ രാജ് കപൂറിന് ശേഷം ഒരു പക്ഷേ ഏറ്റവും പ്രസക്തനായ കപൂർ, ഋഷി തന്നെയായിരിക്കും. തന്റെ അഭിനയത്തിന്റെ പേരിൽ മാത്രമല്ല ഋഷി കപൂർ ജനശ്രദ്ധ ആകർഷിച്ചിട്ടുളളത്. അദ്ദേഹത്തെ ശ്രദ്ധേയനാക്കിയ മറ്റൊരു സവിശേഷത എന്തും വെട്ടിത്തുറന്നു പറയാനുള്ള അദ്ദേഹത്തിന്റെ ആർജ്ജവം കൂടിയായിരുന്നു. മൂക്കറ്റം കുടിക്കുന്ന തന്റെ ദുശ്ശീലം അദ്ദേഹം ഒരിക്കലും ഒളിച്ചുവെച്ചിരുന്നില്ല. സ്വന്തം മകനായ രൺബീർ കപൂറിനോട് പോലും തനിക്ക് 'ജനറേഷൻ ഗ്യാപ്പ് അനുഭവപ്പെട്ടിരുന്നു എന്ന് അദ്ദേഹം തുറന്നുതന്നെ പറഞ്ഞിട്ടുണ്ട്. 

എന്തും തുറന്നു പറഞ്ഞുപോയിരുന്നതുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹം നിരന്തരം ട്രോളിങ്ങിനും ഓഡിറ്റിങ്ങിനും ഒക്കെ വിധേയനാക്കപ്പെട്ടിരുന്നു. രാത്രി വളരെ വൈകി അദ്ദേഹം ഇട്ടിരുന്ന ട്വീറ്റുകൾ ചിലപ്പോൾ അദ്ദേഹത്തിന്റെ ഹ്യൂമർ സെൻസിന്റെ ഉദാഹരണമായി ഉദ്ധരിക്കപ്പെട്ടിരുന്നു എങ്കിൽ, മറ്റുപലപ്പോഴും അത് അദ്ദേഹത്തെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു. 

2017 -ലാണ് അദ്ദേഹത്തിന്റെ ആത്മകഥ 'ഖുല്ലം ഖുല്ലാ' ( ഒന്നും ഒളിക്കാതെ, വെട്ടിത്തുറന്ന്) പുറത്തിറങ്ങുന്നത്. ഈ പുസ്തകം കാര്യങ്ങൾ വെട്ടിതുറന്നുതന്നെ പറയാൻ അതിൽ ഋഷി കപൂർ പ്രകടിപ്പിച്ചിരുന്ന  ആർജ്ജവത്തിന്റെ പേരിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ്. അങ്ങനെ തന്റെ ജീവിതത്തിൽ  ഒന്നും ഒളിച്ചുവെക്കാനില്ലാതിരുന്ന ഋഷി കപൂർ എന്ന വ്യക്തി, വെട്ടിത്തുറന്ന് പറഞ്ഞ ചില കാര്യങ്ങളിലൂടെ. 

രാജ് കപൂറിന്റെ വിവാഹേതര ബന്ധങ്ങൾ 

തന്റെ അച്ഛൻ രാജ് കപൂറിന്റെ വിവാഹേതര ബന്ധങ്ങളെപ്പറ്റി ഈ പുസ്തകത്തിൽ ഋഷി തുറന്നെഴുതിയിട്ടുണ്ട്. അമ്മ കൃഷ്ണ കപൂറുമായി വിവാഹബന്ധം നിലനിൽക്കെത്തന്നെ അച്ഛന് നർഗീസ്, വൈജയന്തി മാല എന്നീ സിനിമാതാരങ്ങളുമായുണ്ടായിരുന്ന പ്രണയബന്ധങ്ങളെ ഋഷി കപൂർ തന്റെ പുസ്തകത്തിൽ ഇഴകീറിപ്പരിശോധിക്കുന്നുണ്ട്. ഈ ബന്ധങ്ങളെച്ചൊല്ലി വഴക്കുണ്ടായ സമയത്ത് അമ്മയുമൊത്ത് താൻ ആദ്യം ഒരു ഹോട്ടലിലേക്കും, പിന്നീട് ചിത്രകൂടിലെ ഒരു അപ്പാർട്ട്മെന്റിലേക്കും മാറിത്താമസിച്ചത് അദ്ദേഹം പുസ്തകത്തിൽ ഓർത്തെടുക്കുന്നു. 

 

 

അച്ഛനെ അമ്മ ഈ ബന്ധങ്ങളുടെ പേരിൽ ഒരിക്കലും എഴുതിത്തള്ളിയിരുന്നില്ല എന്നും, ഒടുവിൽ വാർദ്ധക്യകാലത്ത് ആ ബന്ധങ്ങളെല്ലാം ഒഴിഞ്ഞ് തിരിച്ചു വന്ന അച്ഛനെ അമ്മ സ്വീകരിച്ചിരുന്നതായും ഋഷി ഓർക്കുന്നുണ്ട്. അക്കാലത്ത് ഋഷി കപൂർ തീരെ ചെറുപ്പമായിരുന്നു എങ്കിലും അമ്മയെ അനുനയിപ്പിക്കാൻ വേണ്ടി അച്ഛൻ നടത്തിയിരുന്ന പരിശ്രമങ്ങൾ അദ്ദേഹം കൃത്യമായി ഓർത്തെടുക്കുന്നുണ്ട്. 

നീതു സിങ്ങിന് മുമ്പുള്ള പ്രണയങ്ങൾ   

ബോളിവുഡിനെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും വിവാഹം. തന്റെ ആത്മകഥയിൽ ആ വിവാഹത്തിന് മുമ്പ് ഒരു പാഴ്സി യുവതിയുമായി തനിക്കുണ്ടായിരുന്ന ഭ്രാന്തൻ പ്രണയത്തെപ്പറ്റിയുള്ള ഋഷി കപൂറിന്റെ വെളിപ്പെടുത്തലുകളുണ്ട്. യാസ്മിൻ മെഹ്ത എന്നായിരുന്നു ഋഷിയുടെ ആദ്യ കാമുകിയുടെ പേര്. ഈ പ്രണയം ഋഷിയുടെ ആദ്യ ചിത്രമായ ബോബി റിലീസാകുന്നതിനും മുമ്പുള്ളതാണ്. ബോബി റിലീസായതോടെ ഡിംപിൾ കപാഡിയയുമായി ചേർത്ത് ബോളിവുഡ് പാപ്പരാസികൾ എന്ന് ഏറെ ഗോസിപ്പ് കഥകൾ പടച്ചിറക്കി. 

 

 

അന്ന് സ്റ്റാർഡസ്റ്റ് എന്ന ബോളിവുഡ് അധിഷ്ഠിത പ്രസിദ്ധീകരണത്തിലും അടിച്ചു വന്നു ഒരു കഥ. ബോബി റിലീസ് ആകുന്ന സമയത്തേക്ക് രാജേഷ് ഖന്നയുമായി ഡിംപിൾ കപാഡിയയുടെ വിവാഹം കഴിഞ്ഞിരുന്നു എങ്കിലും അതൊന്നും ഗോസിപ്പ് മില്ലുകൾക്ക് ഡിംപിളിനെ ഋഷിയുമായി ചേർത്ത് കഥയടിച്ചിറക്കാൻ തടസ്സമായിരുന്നില്ല. ഇങ്ങനെ തുരുതുരാ അച്ചടിച്ചു വന്ന ഗോസിപ്പുകൾ യാസ്മിനുമായി സൗന്ദര്യപ്പിണക്കങ്ങൾക്ക് കാരണമായിരുന്നു എന്ന് ഋഷി കപൂർ സമ്മതിക്കുന്നുണ്ട്.  ഒടുവിൽ ആ കൊച്ചു കൊച്ചു പിണക്കങ്ങൾ അവർക്കിടയിലെ പ്രേമബന്ധം തകരുന്നതിലേക്കാണ് കൊണ്ടുചെന്നെത്തിച്ചത്. താൻ യാസ്മിനെ സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും, അവർ തന്നെ വിട്ടുപോവുകയാണുണ്ടായതെന്ന് അദ്ദേഹം പറയുന്നു. 

രാജേഷ് ഖന്നക്കുണ്ടായ നീരസം 

യാസ്മിൻ മെഹ്‌തയും ഡിംപിൾ കപാഡിയയും താനുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു കഥ കൂടി ഋഷി കപൂർ തന്റെ പുസ്തകത്തിൽ പങ്കിടുന്നുണ്ട്. ഡേറ്റിങ്ങിൽ ആയിരുന്ന സമയത്ത് യാസ്മിൻ ഋഷിക്ക് ഒരു മോതിരം സമ്മാനിച്ചിരുന്നു. ബോബിയുടെ ഷൂട്ടിങ്ങിനിടെ ഡിംപിൾ ആ റിങ് ഋഷി കപൂറിൽ നിന്ന് ഊരിവാങ്ങി സ്വന്തം വിരലിൽ ഇട്ടു. പിന്നീട് അത് തിരിച്ചു കൊടുക്കാതെ കയ്യിൽ തന്നെ സൂക്ഷിച്ചു. 

രാജേഷ് ഖന്ന ഡിംപിളിനോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ഡിംപിളിന്റെ കയ്യിൽ ഈ മോതിരം കാണുകയും, അത് ഊരിവാങ്ങി ജൂഹുവിലെ തന്റെ ബംഗ്ലാവിനടുത്തുള്ള കടലിലേക്ക് വലിച്ചെറിയുകയും ചെയ്തു. തനിക്ക് ഡിംപിളുമായി ഒരിക്കലും പ്രേമമുണ്ടായിരുന്നില്ല എന്നു മാത്രമല്ല അവരോട് ശാരീരികാകർഷണം പോലും തനിക്ക് ഒരിക്കൽപ്പോലും തോന്നിയിരുന്നില്ല എന്നാണ് ഋഷി കപൂറിന്റെ അവകാശവാദം. 

അമിതാഭ് ബച്ചനുമായുണ്ടായ ഇഷ്ടക്കേട് 
 

ഒന്നിലധികം നായകന്മാരുള്ള ആക്ഷൻ മെഗാബഡ്ജറ്റ് ചിത്രങ്ങളിൽ അമിതാഭിന്റെ കൂടെ അഭിനയിക്കുക അത്ര എളുപ്പമല്ലായിരുന്നു അന്നൊക്കെ എന്നാണ് ഋഷി വെളിപ്പെടുത്തിയത്. അമിതാഭ് ആയിരുന്നു ലീഡ് സ്റ്റാർ മിക്കതിലും. സിനിമ ഹിറ്റായത് ക്രെഡിറ്റ് മുഴുവൻ ലീഡ് ആക്ടറായ അമിതാഭ് കൊണ്ടു പോകുമായിരുന്നു. അമർ അക്ബർ ആന്റണി പോലുള്ള ചിത്രങ്ങളിൽ അമിതാഭിനൊപ്പം അഭിനയിച്ചിട്ടുള്ള ഋഷി കപൂർ പറഞ്ഞത് ഇത് തന്റെ മാത്രം ദുര്യോഗമല്ല, അന്ന് വിനോദ് ഖന്ന, ശശി കപൂർ, ശത്രുഘൻ സിൻഹ തുടങ്ങി പലരും ഇതിന് ഇരയായിട്ടുണ്ട് എന്നാണ്. 

ഋഷി തന്റെ പുസ്തകത്തിൽ എഴുതിയത് ഇങ്ങനെയായിരുന്നു," ശരിയാണ് ഞങ്ങൾ സ്റ്റാർഡം വെച്ച് നോക്കിയാൽ 'ചെറിയ താരങ്ങൾ' ആയിരുന്നു. എന്നാൽ അഭിനയസിദ്ധിയിൽ ഞങ്ങളും ഒട്ടും പിന്നിലല്ലായിരുന്നു. ഈ ഒരു വസ്തുത, ഇന്റർവ്യൂ കൊടുക്കുന്ന സമയത്തോ, പുസ്തകങ്ങളിലോ ഒന്നും അമിതാഭ് ഒരിക്കലും സമ്മതിച്ചു തരില്ലായിരുന്നു. സിനിമകളുടെ വിജയത്തിന്റെ കാര്യത്തിൽ പരാമർശമുണ്ടാകുമ്പോൾ കൂടെ അഭിനയിച്ച ഒരാളുടെ പേരും അമിതാഭിന് എന്തുകൊണ്ടോ ഓർമ്മ വരാറില്ല. "

താൻ ഫിലിംഫെയർ അവാർഡ് പണം കൊടുത്തു വാങ്ങി  എന്ന വെളിപ്പെടുത്തൽ 

ബോബിയിൽ തനിക്ക് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് കിട്ടിയത് അമിതാഭിന് ഒട്ടും രസിച്ചിരുന്നില്ലെന്ന് ഋഷി ആത്മകഥയിലെഴുതി. സഞ്ജീർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ അവാർഡ് പ്രതീക്ഷിച്ചിരുന്ന അമിതാഭ്, ബോബിയിലെ അഭിനയത്തിന് തനിക്ക് ആ അവാർഡ് പോയപ്പോൾ ആകെ നിരാശനായി എന്നും ഋഷി കുറിച്ചു.  വളരെ നാണക്കേടോടെയാണ് വെളിപ്പെടുത്തുന്നത് എന്ന മുൻ‌കൂർ ജാമ്യത്തോടെ ഋഷി താൻ അന്ന് ആ അവാർഡ് പണം നൽകി സ്വന്തമാക്കുകയായിരുന്നു എന്നും വെളിപ്പെടുത്തുന്നുണ്ട്.

 

 

ഒരു പിആർ ഏജന്റ് മുപ്പതിനായിരം രൂപയ്ക്ക് ആ അവാർഡ് സംഘടിപ്പിച്ചു നൽകാം എന്ന് പറഞ്ഞപ്പോൾ അത് താൻ നൽകിയെന്നും, അങ്ങനെ അയാൾ ആ അവാർഡ് തനിക്കുതന്നെ എന്നുറപ്പുവരുത്തി എന്നും ഋഷി വെളിപ്പെടുത്തി. അന്ന് വളരെ ചെറുപ്പമായിരുന്നു എന്നും, തന്റെ പക്വതക്കുറവാണ് അന്ന് തന്നെക്കൊണ്ടത് ചെയ്യിച്ചത് എന്നും, പിന്നീട് താൻ അതിന്റെ പേരിൽ ഏറെ ലജ്ജിതനായിരുന്നു എന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്.

ജാവേദ് അക്തറുമായി നടന്ന വാക്‌പോര് 

സലിം ജാവേദ് ജോഡികളുടെ സൃഷ്ടികളുടെ ആരാധകനായിരുന്നില്ല ഋഷി കപൂർ ഒരിക്കലും. 1977 -ൽ ദേശ് മുഖർജി സംവിധാനം ചെയ്ത അമിതാഭ് ബച്ചന്റെ 'ഈമാൻ ധരം' എന്ന സലിം ജാവേദ് ചിത്രം ബോക്സ്ഓഫീസിൽ ഫ്ലോപ്പായി എന്നറിഞ്ഞ്, തന്റെ സ്നേഹിതനുമൊത്ത് ജാവേദ് അക്തറിനെ ചൊറിയാൻ വേണ്ടി അദ്ദേഹത്തിന്റെ അപ്പാർട്ടുമെന്റിലേക്ക് പോയതിന്റെ ഓർമ്മ അദ്ദേഹം പങ്കുവെക്കുന്നുണ്ട് പുസ്തകത്തിൽ. അന്ന് ജാവേദ് അക്തർ കുപിതനായി തന്റെ അടുത്ത പ്രോജക്റ്റ് ബോബിയെക്കാൾ വലിയ ഹിറ്റായിരിക്കും എന്ന് വെല്ലുവിളിച്ചിരുന്നു ഋഷി കപൂറിനെ. അന്ന് അങ്ങനെയൊക്കെ സംസാരമുണ്ടായി എങ്കിലും, പിന്നീട് സലിം ജാവേദ് ജോഡികളുടെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ഋഷി കപൂറും. 

 

 

ഗാനരചയിതാവ് ശൈലേന്ദ്രയുടെ അകലമരണത്തിന്  രാജ് കപൂർ ഉത്തരവാദിയാണ് എന്ന് ജാവേദ് അക്തർ ഒരു അഭിമുഖത്തിനിടെ പറഞ്ഞതിന് ഒരിക്കലും താൻ അദ്ദേഹത്തിന് മാപ്പുനൽകില്ല എന്നും ഋഷി കപൂർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു. 

നീതുവിനോട് ദേഷ്യപ്പെട്ട ഋഷി കപൂർ 

താരപ്പകിട്ടിന്റെയും പരാജയങ്ങളുടെയും കാലം ഒരുപോലെ കണ്ടതാണ് ഋഷി കപൂർ തന്റെ ആയുസ്സിനിടെ. ആദ്യചിത്രമായ ബോബി തന്നെ ബമ്പർ ഹിറ്റായതോടെ കൈനിറയെ ചിത്രങ്ങളായിരുന്നു ഋഷിക്ക്. എന്നാൽ പിന്നീടിറങ്ങിയ പല ചിത്രങ്ങളും ഒന്നിന് പിന്നാലെ മറ്റൊന്നായി ഫ്ലോപ്പുകളായി. ആ സമയത്താണ് നീതു സിങ്ങുമായുള്ള ഋഷിയുടെ വിവാഹം നടക്കുന്നത്. താൻ ആകെ 'ഫ്രസ്ട്രേറ്റഡ്' ആയി നടന്നിരുന്ന ആ സമയത്ത് തന്റെ പരാജയങ്ങൾക്ക് കാരണം നീതുവിന്റെ രാശിയില്ലായ്കയാണ് എന്ന് പറഞ്ഞു അവരെ വഴക്കുപോലും താൻ പറഞ്ഞിട്ടുണ്ട് എന്ന് ഋഷി കുറ്റസമ്മതം നടത്തുന്നുണ്ട് തന്റെ ആത്മകഥയിൽ.

 

 

ഗർഭിണിയായിരിക്കെ ഋഷി കപൂറിന്റെ വിഷാദാവസ്ഥയുടെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്നു നീതുവിന്. വേണ്ടപ്പെട്ടവരുടെയും സ്നേഹിതരുടെയും സഹായത്തോടെയാണ് ആ ഇരുണ്ട കാലത്തെ താൻ അതിജീവിച്ചത് എന്ന്  ഋഷി കപൂർ തന്റെ പുസ്തകത്തിൽ കുറിക്കുന്നു. അന്ന് തന്റെ കൂടെ നിന്ന നീതുവിനോട് അദ്ദേഹം തന്റെ കടപ്പാടും അറിയിക്കുന്നുണ്ട്.

രൺബീർ കപൂറുമായുള്ള ബന്ധം 

തന്റെ മകൻ രൺബീറുമായി അത്ര അടുത്ത് ഇടപഴകാൻ തനിക്കായിരുന്നില്ല എന്ന് ഋഷി കപൂർ തന്റെ പുസ്തകത്തിൽ തുറന്നു സമ്മതിക്കുന്നുണ്ട്. അച്ഛനായ തന്നെക്കാൾ അമ്മയായ നീതുവിനോടാണ് രൺബീറിന്റെ സംസാരമത്രയും എന്ന് ഋഷി പറയുന്നു. തന്റെ മകന്റെ കരിയറിൽ ഒരിക്കലും താൻ ഇടപെട്ടിട്ടില്ല എന്ന് ഋഷി കപൂർ പറയുന്നു. ആദ്യത്തെ കുറച്ച് സിനിമകൾ കണ്ടപ്പോൾ അവന്റെ ഭാവിയെപ്പറ്റി തനിക്ക് ആശങ്ക തോന്നിയിരുന്നു എന്നും പിന്നീട് അത് മാറി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബർഫി സിനിമയിലെ രൺബീറിന്റെ പ്രകടനം അസാമാന്യമായിരുന്നു എന്നും ഋഷി കപൂർ എഴുതി. 

 

 

കുടുംബത്തെപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതി നിർത്തി, " ഭാവിയിൽ എന്തുണ്ടാകും എന്നെനിക്ക് നിശ്ചയമില്ല. എന്റെ മക്കൾ എന്താവും ചെയ്യുക എന്നെനിക്ക് അറിയില്ല. എന്റെ മക്കളും, അവരുടെ മക്കളും ഞങ്ങളോട് എങ്ങനെ പെരുമാറും എന്നെനിക്ക് അറിയില്ല. അവർ ആർകെ എന്ന ബാനറിനെ നിലനിർത്തുമോ, അതിന്റെ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകുമോ..? ഒന്നും എനിക്കറിയില്ല..." 

click me!