സുശാന്തിന്റെ ആത്മഹത്യ ഇന്ത്യൻ സിനിമയിൽ ആദ്യത്തേതല്ല, ഇതിന് മുമ്പ് ചലച്ചിത്രലോകത്ത് നടന്ന അസ്വാഭാവികമരണങ്ങൾ ഇവ

By Web TeamFirst Published Jun 15, 2020, 11:20 AM IST
Highlights

 വെള്ളിവെളിച്ചങ്ങൾക്ക് പിന്നിൽ നമ്മൾ കാണാതെ പോകുന്ന അവഗണനയുടെയും വേട്ടയാടലുകളുടെയും കടുത്ത വിഷാദങ്ങളുടെയും ഒക്കെ ഇരുളടഞ്ഞൊരു ലോകമാണ് ഇത്തരം ആത്മഹത്യകളിലൂടെ വെളിപ്പെടുന്നത്.

സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയിൽ നടുങ്ങിയിരിക്കുകയാണ് ബോളിവുഡ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ബോളിവുഡിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, എല്ലാവർക്കും നല്ലതുമാത്രം പറയാനുണ്ടായിരുന്ന ആ ഹൃദ്യവ്യക്തിത്വത്തിന്റെ ഇത്തരത്തിലുള്ള അകാലവിയോഗം എല്ലാവരെയും തളർത്തിയിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ സിനിമയുടെ നക്ഷത്ര വെളിച്ചം തൂകുന്ന വെള്ളിത്തിരയെ ആത്മാഹുതി ഞെട്ടിക്കുന്നത് ഇതാദ്യമായിട്ടല്ല. സുശാന്ത് സിംഗ് രാജ്പുതിനു മുമ്പും പല നടന്മാരും സംവിധായകരും പെട്ടെന്നൊരുനാൾ ജീവിതം മതിയാക്കി ഈ ലോകം വിട്ടുപോയിട്ടുണ്ട്. അത്തരത്തിലുള്ള ചില പ്രമുഖരെപ്പറ്റിയാണ് ഇനി.

ഗുരുദത്ത്  

അമ്പത്, അറുപത് കാലഘട്ടത്തിൽ ഹിന്ദി സിനിമയിലെ ദിഗ്ഗജൻമാരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന അപൂർവ വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു ഗുരുദത്തിന്റേത്. വസന്തകുമാർ ശിവശങ്കർ പദുകോൺ  എന്നായിരുന്നു യഥാർത്ഥ നാമം എങ്കിലും അദ്ദേഹം അറിയപ്പെട്ടത് ഗുരുദത്ത് എന്ന തന്റെ തിരനാമത്തിലൂടെയായിരുന്നു. അനവദ്യസുന്ദരങ്ങളായ സിനിമകൾ സംവിധാനം ചെയ്യുക മാത്രമല്ല, അവയിൽ പലതിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുകകൂടി ചെയ്തിട്ടുണ്ട് ആ അസാമാന്യപ്രതിഭ.

 

1964 ഒക്ടോബർ 10 -ന് അദ്ദേഹത്തെ മുംബൈ പെഡ്ഡർ റോഡിലുള്ള തന്റെ ബംഗ്ലാവിൽ ഗുരുദത്തിന്റെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അളവിൽ കവിഞ്ഞ മദ്യവും, ഉറക്ക ഗുളികകളും അകത്തുചെന്നായിരുന്നു ദത്തിന്റെ മരണം. അച്ഛന്റേത് കരുതിക്കൂട്ടിയുള്ള മരണമല്ലായിരുന്നു എന്ന് മകൻ അരുൺ ദത്ത് പിന്നീട് പറഞ്ഞു എങ്കിലും, ജീവിതത്തിൽ വിടാതെ പിടികൂടിയിരുന്ന കൊടിയ വിഷാദം അദ്ദേഹത്തിന്റെ തീരുമാനങ്ങളെ കാര്യമായി സ്വാധീനിച്ചിരുന്നു എന്നുറപ്പാണ്. അന്നത്തെ സുപ്രസിദ്ധ ഗായിക ഗീത റോയ് ചൗധരിയെ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുന്നതിനിടെയാണ് വഹീദാ റഹ്‌മാൻ എന്ന നായികയുമായി ചേർത്തുകൊണ്ട് ഗുരുദത്തിനെപ്പറ്റി ഗോസിപ്പുകൾ പ്രചരിച്ചു തുടങ്ങിയത്. ആ കഥകളുടെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ആ ദാമ്പത്യത്തിൽ വിള്ളലുകൾ വന്നു. മക്കളെയും കൊണ്ട് ഗീതാ ദത്ത് സ്വന്തം വീട്ടിലേക്ക് പോയതിന്റെ പിന്നാലെ ഗുരുദത്തിനുണ്ടായ വിഷാദം, അദ്ദേഹത്തിന്റെ അമിത മദ്യപാനത്തിലേക്കും, ഒടുവിൽ വെറും മുപ്പത്തൊമ്പതാം വയസ്സിലെ അകാലമരണത്തിലേക്കുമാണ് നയിച്ചത്. 

ദിവ്യ ഭാരതി 

തൊണ്ണൂറുകളുടെ തുടക്കത്തിൽ ബോളിവുഡിൽ ഉദിച്ചുയർന്ന ഒരു യുവതാരമായിരുന്നു ദിവ്യഭാരതി. സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കെ അല്ലറ ചില്ലറ മോഡലിംഗ് ഒക്കെ ചെയ്തു ശ്രദ്ധിക്കപ്പെട്ടതോടെ  പഠിത്തത്തിൽ താത്പര്യം നഷ്ടപ്പെട്ട ദിവ്യ, ഒമ്പതാം ക്‌ളാസിൽ വെച്ച് സ്‌കൂൾ പഠനം ഉപേക്ഷിച്ച്  മുഴുവൻ സമയവും സിനിമാ മോഡലിങ്ങ് അസൈൻമെന്റുകളിൽ മുഴുകി. ബോളിവുഡിലെ എവർഗ്രീൻ ഹീറോയിൻ  ശ്രീദേവിയുമായുള്ള അപാരമായ രൂപസാമ്യം അവരെ പെട്ടെന്നുതന്നെ ഹിന്ദി സിനിമാ രംഗത്ത് ഒരു സെൻസേഷനാക്കി മാറ്റി. 

 

ശ്രീദേവി, ദിവ്യ ഭാരതി 

തന്റെ പതിനെട്ടാം വയസ്സിൽ, 'ഷോലാ ഔർ ശബ്‌ന'ത്തിന്റെ സെറ്റിൽ വെച്ച്,  അന്നത്തെ പല ഗോവിന്ദാ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായിരുന്ന സാജിദ് നദിയാദ്‌വാലയുമായി ദിവ്യ പ്രണയത്തിലാവുകയും, അധികം താമസിയാതെ അവർ തമ്മിൽ വിവാഹിതരാവുകയും ചെയ്‌തു. വിവാഹത്തിന് ശേഷം ദിവ്യ, തന്റെ പേര് സന എന്ന് മാറ്റിയെങ്കിലും  ദിവ്യയുടെ ബോളിവുഡ് കരിയർ അതിന്റെ കൊടുമുടിയിൽ ആയിരുന്നതിനാൽ അവർ ആ വിവരം രഹസ്യമാക്കിത്തന്നെ വെച്ചു. നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്ന ബോംബേയിലെ പത്രങ്ങൾക്കുമുന്നിൽ തങ്ങളുടെ ബന്ധം നിഷേധിച്ചുകൊണ്ടിരുന്നു.  സാജിദ് ദിവ്യയ്ക്ക് വെർസോവയിൽ ഒരു ഫ്‌ലാറ്റെടുത്ത് നൽകി, തുളസി അപ്പാർട്ട്മെന്റ്.  ദിവ്യയുടെ ഫ്ലാറ്റ് അതിന്റെ അഞ്ചാം നിലയിലായിരുന്നു . 

ദിവ്യയുടെ ഫ്ളാറ്റിലെ അടുക്കളയ്ക്ക് വലിയൊരു സ്ലൈഡിങ്ങ് വിൻഡോ ഉണ്ടായിരുന്നു.  മറ്റു ഫ്ലാറ്റുകളിൽ നിന്നും വ്യത്യസ്തമായി അതിന്റെ ഗ്രില്ലുകൾ നീക്കം ചെയ്തിരുന്നു.  ദിവ്യയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു അങ്ങനെ ചെയ്തത്. അവൾക്ക് ആ ജനാലക്കൽ ചെന്നുനിന്ന് കാറ്റുകൊള്ളുന്നത് വളരെ ഇഷ്ടമായിരുന്നു. ഇടയ്ക്കിടെ അവൾ ആ ജനലിന്റെ അരമതിലിൽ പുറത്തേക്ക് കാലുമിട്ടിരുന്നും കാറ്റുകൊള്ളുമായിരുന്നു. പലരും പലവുരു വിലക്കിയിട്ടുണ്ടെങ്കിലും ഇതുപോലുള്ള സാഹസികമായ പരിപാടികളിൽ ഏർപ്പെടുന്നത് അവൾക്ക്‌ എന്നുമൊരു ഹരമായിരുന്നു.. 

രണ്ടു പെഗ്ഗ് കഴിച്ചു കഴിഞ്ഞപ്പോൾ പതിവുപോലെ  ദിവ്യയ്ക്ക് ആവേശമായി. അവൾ എന്നുമെന്നപോലെ അന്നും ജനാലയുടെ സ്ലൈഡിങ്ങ് ഡോർ തുറന്ന് ജനൽപ്പടിയിൽ പുറത്തേക്ക് കാലുമിട്ടിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ ഇരുന്നിടത്തു നിന്നും ഒരുകൈ കുത്തി എണീറ്റ്, സ്ലൈഡിങ്ങ് ഡോറിൽ പിടിച്ചു തിരിഞ്ഞ് എണീറ്റ് നിൽക്കാൻ ശ്രമിച്ചു. എഴുന്നേൽക്കാൻ ശ്രമിച്ച  അതേ നിമിഷം അവളുടെ കൈ സ്ലിപ്പായിപ്പോയി.  അവളുടെ ബാലൻസ്  തെറ്റി വീണുപോയ അവൾ നിമിഷനേരം കൊണ്ട് അഞ്ചുനിലകളും താണ്ടി താഴെയെത്തി. സാധാരണയായി, നേരെ താഴെ ഒരു കാർ പാർക്ക് ചെയ്യാറുണ്ടായിരുന്നു. അന്ന് ആ കാറും അവിടെയുണ്ടായിരുന്നില്ല. നേരെ കോൺക്രീറ്റ് തറയിൽ ചെന്ന് തലയടിച്ചു വീണ ദിവ്യാ ഭാരതി, സ്വന്തം ചോരയിൽ കുളിച്ചു കിടന്നു. അപകടം നടന്നയുടൻ തൊട്ടടുത്തുള്ള കൂപ്പർ ആസ്പത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

അപകടമരണം നടന്നപാടേ, പതിവുപോലെ മുംബൈയിലെ പാപ്പരാസികൾ  ദിവ്യയുടെ മൂഡ് സ്വിങ്സിനെയും സാജിദുമായുള്ള ബന്ധത്തിലെ വിള്ളലുകളെയും ഒക്കെ ചേർത്ത് നിരവധി കൺസ്പിരസി തിയറികൾ മെനഞ്ഞെങ്കിലും, പൊലീസ് അപകടമരണം സ്ഥിരീകരിച്ചു. സാജിദും ദാവൂദ് ഇബ്രാഹിമുമായുള്ള അധോലോക ബന്ധങ്ങൾ വരെ നിരത്തി പല കഥകളും മെനഞ്ഞുണ്ടാക്കപ്പെട്ടു. എങ്കിലും അതൊരു അപകട മരണമല്ല എന്ന് സംശയം തോന്നിക്കുന്ന കാര്യമായ സാഹചര്യത്തെളിവുകൾ യാതൊന്നും തന്നെ കിട്ടിയില്ല.

ജിയ ഖാൻ 

ബോളിവുഡിലെ സെൻസേഷനായിരുന്നു ജിയാ ഖാൻ. ഗ്ളാമർ താരം. 2007 -ൽ രാം ഗോപാൽ വർമയുടെ 'നിശ്ശബ്ദ്' എന്ന ചിത്രത്തിൽ കൂട്ടുകാരിയുടെ അച്ഛനെ പ്രേമിക്കുന്ന കൗമാരക്കാരിയുടെ വേഷത്തിൽ അരങ്ങേറിയ ജിയാ ഖാൻ ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെത്തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിക്കഴിഞ്ഞിരുന്നു. പിന്നീടഭിനയിച്ചത് അടുത്ത വർഷമിറങ്ങിയ മെഗാഹിറ്റ് ചിത്രമായ ഗജനിയിലെ മെഡിക്കൽ സ്റ്റുഡന്റിന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു. 2010 -ലെ മറ്റൊരു മെഗാഹിറ്റ് ചിത്രമായിരുന്നു ഹൌസ് ഫുള്ളിലും ജിയ തിളങ്ങി. അങ്ങനെ ബോളിവുഡിലെ വെള്ളിത്തിരയിൽ താരപ്രഭയോടെ നിന്ന ഒരു ഇരുപത്തഞ്ചുകാരി ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും മുറിയ്ക്കുള്ളിലെ സീലിങ്ങ് ഫാനിൽ തൂങ്ങിയാടി.

 

ന്യൂയോർക്കിലെ സമ്പന്നമായ ഒരു ബിസിനസ്സ് കുടുംബത്തിൽ ജനിച്ച് ലണ്ടനിൽ വളർന്ന ജിയാ ഖാന് ബാല്യത്തിൽ ഒന്നിനും ഒരു കുറവും അറിയേണ്ടി വന്നിട്ടില്ല. അച്ഛൻ അലി റിസ്‌വി ഖാൻ ഒരു ബിസിനസ്സുകാരനായിരുന്നു. അമ്മ റാബിയാ അമീൻ, എൺപതുകളിൽ  അവരുടെ ചെറുപ്പത്തിൽ ചില സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ടായിരുന്നു. തന്റെ ആറാമത്തെ വയസ്സിൽ രാംഗോപാൽ വർമയുടെ രംഗീല എന്ന ചിത്രത്തിലെ ഉർമിള മാതോന്ദ്കറുടെ അഭിനയം കണ്ടിട്ടാണ് ജിയയ്ക്ക് ആദ്യമായി സിനിമയിൽ കമ്പം തോന്നുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം അവൾ മൻഹാട്ടനിലെ ലീ സ്ട്രാസ്ബർഗ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങി.  അതിനുശേഷമാണ് സ്വപ്‍ന സാക്ഷാത്കാരമെന്നോണം  നിശ്ശബ്ദിലെ റോൾ തികച്ചും യാദൃച്ഛികമായി ജിയയെ തേടിയെത്തുന്നതും, അവൾ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അറിയപ്പെടുന്നൊരു നടിയായി മാറുന്നതും. 

ജിയയുടെ അമ്മ റാബിയ അവളെ ഫ്ലാറ്റിനുള്ളിൽ തനിച്ചു വിട്ട്  ഒരു ഡിന്നറിനു പോയതായിരുന്നു.  9.37ന് മകളെ വിളിച്ച് സാധാരണ എല്ലാ അമ്മമാരും വീട്ടിൽ തനിച്ചിരിക്കുന്ന മക്കളോട് പറയുന്നപോലൊക്കെ റാബിയയും പറഞ്ഞു. അത്താഴം കഴിക്കാതിരിക്കരുത്. മൊബൈലിൽ കുത്തികൊണ്ടിരിക്കാതെ നേരത്തും കാലത്തും ഉറങ്ങണം. എന്നൊക്കെ. അടുത്ത സിനിമയ്ക്ക് വേണ്ടി ഭാരം കൂട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നു ജിയ അപ്പോൾ. ഒന്നും ഓർക്കേണ്ട, നല്ലോണം വെട്ടിവിഴുങ്ങിക്കോ എന്നൊക്കെ 'അമ്മ കളിയായി അവളോട് പറഞ്ഞു. അവളുടെ ഒച്ചയിൽ ഒരുസങ്കടവും നിഴലിച്ചിരുന്നതായി റാബിയ ഓർക്കുന്നില്ല. 

അമ്മയോട് കളിചിരി പറഞ്ഞു ഫോൺ വെച്ച് രണ്ടുമണിക്കൂറിനുള്ളിൽ മരിച്ചു പോയി, ജിയ. ഡിന്നർ കഴിഞ്ഞ് രാത്രി 11.20 -ന് ഫ്ലാറ്റിൽ വന്ന റാബിയ കാണുന്നത് മുറിക്കുള്ളിൽ സീലിംഗ് ഫാനിൽ തൂങ്ങിയാടുന്ന തന്റെ മകളെയാണ്. ജിയയുടെ കാലിൽ പിടിച്ചു പൊക്കി റാബിയ അലറിവിളിച്ച് ആളെക്കൂട്ടി. അവളെ താഴെയിറക്കി. പക്ഷേ, അവൾ, പോയിക്കഴിഞ്ഞിരുന്നു. അവളുടെ ദേഹത്തിന് അപ്പോഴും ചൂടുണ്ടായിരുന്നു.  

ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചതും പത്രങ്ങളിൽ അവരവരുടേതായ തിയറികൾ വന്നുതുടങ്ങി. ഉച്ചയ്ക്കിറങ്ങിയ മിഡ് ഡേ എന്ന പത്രത്തിൽ, വിഷാദരോഗത്തിനടിമയായിരുന്ന, കാമുകൻ അടുത്തിടെ ഉപേക്ഷിച്ചു പോയതോടെ വിഷാദം അധികരിച്ച യുവനടിയുടെ ആത്മാഹുതിയുടെ വികാരാർദ്ര വർണ്ണനകളോടെ ഒരു ഓർമ്മക്കുറിപ്പ് വന്നു. #gonetoosoon എന്നൊരു ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളിലെങ്ങും ട്രെൻഡിങായി. പക്ഷേ, തുടക്കം മുതൽക്കു തന്നെ അവളെ അറിഞ്ഞിരുന്ന അവളുടെ അടുത്ത ബന്ധുക്കൾക്കാർക്കും തന്നെ ആ 'ആത്മാഹുതി' തിയറി വിശ്വസിക്കാൻ തോന്നിയില്ല. അങ്ങനെ ഒരു കുട്ടിയായിരുന്നില്ല അവൾ. ആരോടും ഒന്നും പറയാതെ കേറി ജീവനൊടുക്കില്ലായിരുന്നു അവരറിയുന്ന ജിയ എന്ന് എല്ലാവരും ആണയിട്ടുപറഞ്ഞു.
 

സിൽക്ക് സ്മിത 

തെന്നിന്ത്യൻ അഭിനേത്രിയായിരുന്ന വിജയലക്ഷ്മി എന്ന ആന്ധ്രക്കാരിയെ മലയാളികൾക്ക് കൂടുതൽ പരിചയം, 'സിൽക്ക്' സ്മിത എന്ന അവരുടെ തിരനാമത്തിലൂടെയാകും. ആദ്യചിത്രമായ വണ്ടിച്ചക്രത്തിലെ 'സിൽക്ക്' എന്ന ബാർ ഡാൻസർ കഥാപാത്രത്തിന്റെ പേര് പിന്നീടങ്ങോട്ട് സ്മിത എന്ന സിനിമയിലെ പേരിനോട് ചേർന്നുപോകുകയായിരുന്നു. പതിനഞ്ചു വർഷത്തിലധികം തെന്നിന്ത്യൻ മസാല ചിത്രങ്ങളിൽ അഭിനയിച്ച സ്മിതയെ തേടിയെത്തിയ വേഷങ്ങൾ പലതും അവരുടെ മാദകമായ ശരീരത്തെ പ്രയോജനപ്പെടുത്താൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. ഒരുകാലത്ത് വളരെ ഉയർന്ന പ്രതിഫലം കൈപ്പറ്റി ഒരുപാട് സിനിമകളിൽ അഭിനയിച്ചെങ്കിലും പിന്നീട് അവർ സാമ്പത്തിക പ്രയാസങ്ങളിലേക്കും അവഗണനകളിലേക്കും എത്തിപ്പെട്ടു. ഒടുവിൽ  1996 സെപ്റ്റംബർ മൂന്നിന്, തന്റെ  മുപ്പത്തിനാലാം വയസ്സിൽ, ചെന്നൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ സ്മിതയെ കണ്ടെത്തുകയായിരുന്നു.


  
ഈ ലിസ്റ്റിലേക്ക് പേരുചേർക്കാവുന്നവർ വേറെയും പലരുമുണ്ട്. മൻമോഹൻ ദേശായി, ശോഭ, റീമ കപാഡിയ, നഫീസ ജോസഫ്, കുൽജീത് രൺധാവ, പ്രത്യുഷ ബാനർജി, വിവേക ബാബാജി, മയൂരി, ശ്രീനാഥ്,സന്തോഷ് ജോഗി, ശിഖാ ജോഷി തുടങ്ങി കുശാൽ പഞ്ചാബി വരെ നിരവധി അസ്വാഭാവിക മരണങ്ങൾ ഇന്ത്യൻ സിനിമയെ പിടിച്ചു കുലുക്കിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി ഇപ്പോൾ ഇതാ സുശാന്ത് സിംഗ് രാജ്പുതിന്റെ പേരും ചേരുകയാണ്. ബോളിവുഡ് അടക്കമുള്ള ഇന്ത്യൻ സിനിമാ ലോകങ്ങളിലെ വെള്ളിവെളിച്ചങ്ങൾക്ക് പിന്നിൽ നമ്മൾ കാണാതെ പോകുന്ന അവഗണനയുടെയും വേട്ടയാടലുകളുടെയും കടുത്ത വിഷാദങ്ങളുടെയും ഒക്കെ ഇരുളടഞ്ഞൊരു ലോകമാണ് ഇത്തരം ആത്മഹത്യകളിലൂടെ വെളിപ്പെടുന്നത്.

click me!