'ആറ് വയസ്സുകാരന്‍റെ ബുദ്ധിയും നാലാളുടെ ശക്തിയുമുള്ള പുട്ടുറുമീസ്'; വിജി തമ്പി സംസാരിക്കുന്നു

By Nirmal SudhakaranFirst Published Apr 3, 2020, 8:56 PM IST
Highlights

'സൂക്ഷ്‍മാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരക്കഥയായിരുന്നു സാബ് ജോണിന്‍റേത്. മമ്മൂക്കയുടെ കഥാപാത്രത്തിന്‍റെ ലുക്ക് അടക്കമുള്ള കാര്യങ്ങള്‍ തിരക്കഥയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന്‍റെ ലുക്കില്‍ മമ്മൂക്കയുടെ സംഭാവനയുമുണ്ട്, ചില മാനറിസങ്ങളിലും..' സൂര്യമാനസത്തിന്‍റെ 28-ാം വര്‍ഷത്തില്‍ വിജി തമ്പി സംസാരിക്കുന്നു

'പുട്ടുറുമീസ്' എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ 'സൂര്യമാനസം' തീയേറ്ററുകളിലെത്തിയിട്ട് ഇന്നലെ 28 വര്‍ഷം പൂര്‍ത്തിയായി. മമ്മൂട്ടിയുടെ ഡീ-ഗ്ലാമറൈസ്‍ഡ് റോള്‍ എന്ന നിലയിലും പ്രകടനത്തിന്‍റെ പേരിലും റിലീസിന്‍റെ വാര്‍ഷികത്തിന് ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരുന്നു. മമ്മൂട്ടി നായകനാവുന്ന ഒരു സിനിമ ചെയ്യാന്‍ നിര്‍മ്മാതാവായ പി നന്ദകുമാര്‍ തന്നെ സമീപിക്കുകയായിരുന്നുവെന്ന് പറയുന്നു ചിത്രത്തിന്‍റെ സംവിധായകനായ വിജി തമ്പി. ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സാബ് ജോണുമായി ചേര്‍ന്ന് ആക്ഷന് പ്രാധാന്യമുള്ള സിനിമകളാണ് ആദ്യം ആലോചിച്ചതെന്നും പറയുന്നു അദ്ദേഹം. 'സൂര്യമാനസ'ത്തിന്‍റെ 28-ാം വര്‍ഷത്തില്‍ വിജി തമ്പി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

 

മമ്മൂട്ടി നായകനാവുന്ന സിനിമ എന്ന ഓഫര്‍

മമ്മൂക്ക തന്നെ നായകനായ തനിയാവര്‍ത്തനത്തിന്‍റെയും മുദ്രയുടെയും നിര്‍മ്മാതാവായ ആലപ്പുഴക്കാരന്‍ നന്ദന്‍ (പി നന്ദകുമാര്‍) വഴിയാണ് ഈ പ്രോജക്ട് ആരംഭിക്കുന്നത്. മമ്മൂക്കയെ വച്ച് പുതിയൊരു സിനിമ ചെയ്യുക എന്ന ലക്ഷ്യവുമായാണ് അദ്ദേഹം എന്നെ സമീപിക്കുന്നത്. അതിനുവേണ്ടിയുള്ള കഥകള്‍ ആലോചിച്ചു. സാബ് ജോണുമായി സംസാരിച്ചു. സാബ് ജോണ്‍ ചാണക്യനൊക്കെ കഴിഞ്ഞിരിക്കുന്ന സമയമാണ്. മമ്മൂട്ടിക്കുവേണ്ടി ആദ്യം ആക്ഷന് പ്രാധാന്യമുള്ള ചില കഥകളാണ് ആദ്യം ആലോചിച്ചത്. ഞങ്ങള്‍ ആലോചിച്ച ഒന്നു രണ്ട് കഥകളൊക്കെ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ വ്യത്യസ്തമായ എന്തെങ്കിലും ചിന്തിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ആലോചിച്ചു വന്നപ്പോഴാണ് ഇങ്ങനെ ഒരു സംഗതി വന്നു ചാടിയത്. ഒരു ഇംഗ്ലീഷ് ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാബ് ജോണ്‍ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. ഈ സിനിമയുടെ വണ്‍ലൈന്‍ പറഞ്ഞപ്പോള്‍ മമ്മൂക്ക ത്രില്‍ഡ് ആയി. അതിലെ അമ്മ-മകന്‍ ബന്ധത്തെക്കുറിച്ചാണ് പ്രധാനമായും പറഞ്ഞത്. ഒപ്പം ആറ് വയസ്സുകാരന്‍റെ ബുദ്ധിയും നാലാളുടെ ശക്തിയുമുള്ള ഉറുമീസ് എന്ന കഥാപാത്രത്തെക്കുറിച്ചും. ആ പ്രായത്തിലുള്ള കുട്ടികളുമായിട്ടാണ് പുള്ളിക്ക് കൂടുതല്‍ അടുപ്പം. ആ പ്രായത്തിലുള്ള പിള്ളേര് കാണിക്കുന്ന കുറുമ്പുകളൊക്കെയാണ് പുള്ളിയും കാണിക്കുന്നത്. പക്ഷേ അതേ കുറുമ്പ് നാലാളിന്‍റെ ബലമുള്ള ഒരാള്‍ കാണിക്കുമ്പോള്‍ ക്രൈം ആയി മാറും. അങ്ങനെ എവിടെയും നില്‍ക്കാന്‍ പറ്റാതെ നാടുകളില്‍ നിന്നു നാടുകളിലേക്ക് പലായനം ചെയ്യേണ്ടിവരുന്ന ഒരു അമ്മയുടെ ദു:ഖമാണ് ആ സിനിമ. അതായിരുന്നു ആശയം. അത് പറഞ്ഞപ്പോള്‍ത്തന്നെ മമ്മൂക്കയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു.

 

കോളര്‍ ബട്ടന്‍സ് ഇടുന്ന ഉറുമീസ്

എനിക്ക് തോന്നുന്നു മമ്മൂക്ക ഒരു ഡിഫറന്‍റ് ഗെറ്റപ്പ് പരീക്ഷിക്കുന്ന ആദ്യത്തെ പടം ഇതാണ്. പൊന്തന്‍മാട അടക്കം പിന്നെ ഒരുപാട് കഥാപാത്രങ്ങള്‍ രൂപപരമായ പ്രത്യേകതകള്‍ ഉള്ളത് അദ്ദേഹം ചെയ്‍തു. പക്ഷേ ആദ്യമായി ചെയ്‍തത് ഇതിലാണ്. സൂക്ഷ്‍മാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരക്കഥയായിരുന്നു സാബ് ജോണിന്‍റേത്. മമ്മൂക്കയുടെ കഥാപാത്രത്തിന്‍റെ ലുക്ക് അടക്കമുള്ള കാര്യങ്ങള്‍ തിരക്കഥയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന്‍റെ ലുക്കില്‍ മമ്മൂക്കയുടെ സംഭാവനയുമുണ്ട്, ചില മാനറിസങ്ങളിലും. പുട്ടുറുമീസിന്‍റെ നടപ്പിലും രീതികളിലുമൊക്കെ മമ്മൂക്കയുടെ കോണ്‍ട്രിബ്യൂഷന്‍ ഉണ്ടായിരുന്നു. കഥാപാത്രം ഷര്‍ട്ടിന്‍റെ ഫുള്‍ ബട്ടനുകള്‍ ഇടണമെന്നതൊക്കെ മമ്മൂക്കയുടെ ഐഡിയ ആയിരുന്നു. 

 

സൗകാര്‍ ജാനകി എന്ന പ്ലസ് പോയിന്‍റ്

ഉറുമീസിന്‍റെ അമ്മയുടെ വേഷത്തില്‍ സൗകാര്‍ ജാനകിയമ്മ വരാന്‍ കാരണവും മമ്മൂക്ക തന്നെയാണ്. അദ്ദേഹമാണ് അവരുടെ പേര് സജസ്റ്റ് ചെയ്‍തത്. സൗകാര്‍ ജാനകിയുടെ സാന്നിധ്യം സിനിമയ്ക്ക് വലിയ പ്ലസ് ആയി. സാങ്കേതിക വിഭാഗങ്ങളിലൊക്കെ മികച്ചവരുടെ ടീമായിരുന്നു. കീരവാണിയുടെ സംഗീതം പകര്‍ന്ന പാട്ടുകള്‍ ശ്രദ്ധ നേടി. ജയനന്‍ വിന്‍സെന്‍റ് ആയിരുന്നു ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി. സന്തോഷ് ശിവനും വര്‍ക്ക് ചെയ്തു. ശ്രീകര്‍ പ്രസാദ് ആയിരുന്നു എഡിറ്റിംഗ്. കലാസംവിധാനം സാബു സിറിളും. 

തീയേറ്റര്‍ പ്രതികരണം

ഇപ്പോഴത്തേതു പോലെ വൈഡ് റിലീസ് ഉള്ള കാലമല്ലല്ലോ. പരമാവധി 20 തീയേറ്റര്‍‌ ഒക്കെയാവും റിലീസിന് കിട്ടുന്നത്. നല്ല റെസ്പോണ്‍സ് ആയിരുന്നു. ഒരു വിഷു സമയത്താണ് ആ പടം റിലീസ് ചെയ്യുന്നത്. ഒരു വ്യത്യസ്ത സിനിമ എന്ന നിലയ്ക്കാണ് പ്രേക്ഷകര്‍ അതിനെ സ്വീകരിച്ചത്. നല്ല നിരൂപകശ്രദ്ധയും ലഭിച്ചു. 

 

റിലീസിന്‍റെ 28-ാം വര്‍ഷത്തില്‍ സൂര്യമാനസത്തെയും ഉറുമീസിനെക്കുറിച്ചും ആളുകള്‍ വീണ്ടും ഓര്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്ന് പറയുന്നു വിജ് തമ്പി. ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധിച്ചിരുന്നുവെന്നും. പിന്നീട് മമ്മൂട്ടി നായകനായി ഒരു സിനിമ എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ- "മമ്മൂട്ടി നായകനായ ഒരു സിനിമ പിന്നെ എന്‍റെ കരിയറില്‍ ഒത്തുവന്നില്ല. അദ്ദേഹത്തെ പല സ്ഥലത്തുവച്ചും കാണാറുണ്ട്. പക്ഷേ ഒരു പ്രോജക്ടുമായി പിന്നീട് അദ്ദേഹത്തെ സമീപിച്ചിട്ടില്ല". 

click me!