Yesudas 60 Years | ഭാഗ്യ സംഖ്യയും കയ്യില്‍ കരുതുന്ന ഗ്രന്ഥവും; യേശുദാസിന്‍റെ പ്രത്യേകതകള്‍

By Web TeamFirst Published Nov 13, 2021, 4:56 PM IST
Highlights

യേശുദാസ് ജീവിതത്തില്‍ പുലര്‍ത്തുന്ന ചില വിശ്വാസങ്ങളും നിഷ്‍ഠകളും.

മലയാളത്തിന്‍റെ 'സംഗീതകാല'മാണ് വര്‍ഷങ്ങളായി യേശുദാസ് (Yesudas). ഗാഗന്ധര്‍വനെന്ന വിശേഷണപ്പേരില്‍ തന്നെ അടയാളപ്പെടുത്തിയ സംഗീതവിസ്‍മയം. യേശുദാസില്ലാതെ മലയാളികളുടെ ദിവസം കടന്നുപോകില്ല എന്ന് വാഴ്ത്തുന്നത് അതിശയോക്തിയല്ല. യേശുദാസ് ഒരു സിനിമയില്‍ ആദ്യമായി പാടിയതിന്റെ അറുപത് വര്‍ഷം തികയുകയാണ്. സംഗീതമാധുര്യം മലയാളിക്ക് ഒരുപാട് പകര്‍ന്നുനല്‍കിയ യേശുദാസ് ജീവിതത്തില്‍ പുലര്‍ത്തുന്ന ചില വിശ്വാസങ്ങളും നിഷ്‍ഠകളുമുണ്ട്. ഭാഗ്യ നമ്പറാണ് (Lucky Number) അതില്‍ യേശുദാസ് പ്രധാനമായും കണക്കിലെടുക്കുന്ന ഒരു കാര്യം.

ജനുവരി 10 ആണ് യേശുദാസിന്‍റെ ജന്മദിനം. ഒന്ന് ആണ് തന്‍റെ ഭാഗ്യ സംഖ്യയായി അദ്ദേഹം കണക്കാക്കുന്നത്. യാദൃശ്ചികമെങ്കിലും മലയാള സിനിമയിലെ തൊണ്ണൂറ്റിയൊന്നാമത്തെ ഗായകനാണ് എന്നത് യേശുദാസ് സൌഭാഗ്യമായിട്ടാണ് കാണുന്നതും. സംഗീതശാസ്‍ത്ര ഗ്രന്ഥം ആയ 'രാഗപ്രവാഹം' എന്നും കയ്യില്‍ കരുതുന്ന പതിവും യേശുദാസിനുണ്ട്.

 

ഒരു ഗാനം പാടുന്നതിനും യേശുദാസ് ഒരുകാലം വരെ ചില രീതികള്‍ പിന്തുടരാറുണ്ടായിരുന്നു. പാടാനുള്ള പാട്ട്, അനുപല്ലവി, ചരണം എന്നീ ക്രമത്തില്‍ വ്യത്യസ്‍ത ഷീറ്റുകളില്‍ കറുപ്പ് മഷികൊണ്ട് എഴുതും. സംഗീത സ്വര ചിഹ്‍നങ്ങള്‍ വരികള്‍ക്ക് മുകളില്‍ ചുവപ്പ് മഷി കൊണ്ട് അടയാളപ്പെടുത്തും. കറുപ്പ് ചുവപ്പ് മഷി പേനകള്‍ ഇതിനായി കയ്യില്‍ കരുതുകയും ചെയ്യും.

യേശുദാസ് കച്ചേരി തുടങ്ങുന്നത് പ്രണവ മന്ത്രത്തോടെയായിരിക്കും.  മംഗളം പാടുന്നതിന് മുമ്പ് നാരായണീയ ശ്ലോകം ചൊല്ലി എല്ലാവര്‍ക്കും ആയുരാരോഗ്യം ആശംസിക്കുന്ന പതിവും യേശുദാസിനുണ്ട്. ഡോ. ജെ ഡി അഡാമോയുടെ ഈറ്റ് റൈറ്റ് യുവര്‍ ടൈപ് എന്ന ഗ്രന്ഥ വിധി പ്രകാരമാണ് യേശുദാസിന്‍റെ ഭക്ഷണ ചിട്ട. മാതൃഭൂമി പത്രത്തിന്‍റെ വാരാന്ത പതിപ്പില്‍ ആര്‍ കെ ദാമോദരൻ നടത്തിയ അഭിമുഖത്തിന് അനുബന്ധമായിട്ടാണ് യേശുദാസിന്‍റെ ജീവിതത്തിലെ പ്രത്യേകതകളെ കുറിച്ച് പറയുന്നത്.

click me!