പൂർണതയകന്ന ഒരു കളിജീവിതം, പ്രിയപ്പെട്ട ജോട്ട...നന്ദി!

Published : Jul 04, 2025, 11:04 AM ISTUpdated : Jul 04, 2025, 11:05 AM IST
Diogo Jota

Synopsis

ആൻഫീല്‍ഡിലെ കോപ് സ്റ്റാൻഡിന് മുന്നില്‍ നിന്ന് ചുവപ്പണിഞ്ഞ ആ ഗ്യാലറിയുടെ സ്നേഹം ഡിയോഗൊ ജോട്ട ഏറ്റുവാങ്ങിയിട്ട് അധികനാളായിട്ടില്ല

രണ്ട് ഫുട്ബോള്‍ താരങ്ങളില്ലാതെ മാത്രമല്ല നാം ഉറക്കമുണര്‍ന്നത്...മൂന്ന് കുഞ്ഞുങ്ങള്‍ അവരുടെ പിതാവില്ലാതെ ഉറക്കമുണര്‍ന്നിരിക്കുന്നു...ഒരു അച്ഛനും അമ്മയും അവരുടെ മക്കളില്ലാതെ ഉറക്കമുണര്‍ന്നിരിക്കുന്നു...തന്റെ അരികില്‍ ഭര്‍ത്താവില്ലാതെ ഒരു ഭാര്യയും ഉറക്കമുണര്‍ന്നിരിക്കുന്നു...

ആൻഫീല്‍ഡിലെ കോപ് സ്റ്റാൻഡിന് മുന്നില്‍ നിന്ന് ചുവപ്പണിഞ്ഞ ആ ഗ്യാലറിയുടെ സ്നേഹം ഡിയോഗൊ ജോട്ട ഏറ്റുവാങ്ങിയിട്ട് അധികനാളായിട്ടില്ല...അയാള്‍ മുന്നിലേക്ക് വന്നപ്പോള്‍ അയാള്‍ക്കായി അവര്‍ പാടി ശീലിച്ച വരികള്‍ അന്ന് ആവര്‍ത്തിച്ചിരുന്നു...

Oh, he wears the number 20,

He will take us to victory,

And when he’s running down the left wing,

He’ll cut inside and score for LFC.

He’s a lad from Portugal,

Oh, his name is Diogo!

നെഞ്ചില്‍ കൈ അമ‍ര്‍ത്തിയാണ് അന്നയാള്‍ തിരികെ നടന്നത്...

നാളുകള്‍ക്കിപ്പുറം ആൻഫീല്‍ഡിന് പുറത്തെ പുല്‍ത്തകിടികള്‍ക്ക് മുകളില്‍ ജോട്ടയെ തേടി ചുവപ്പു പൂക്കളെത്തിയിരിക്കുന്നു...ജോട്ട അണിഞ്ഞിരുന്ന 20-ാം നമ്പര്‍ ജഴ്‌സിയവിടെ വിരിക്കപ്പെട്ടു...അതിലെ വരികള്‍ ഇങ്ങനെയായിരുന്നു...In loving memory of the lad from Portugal, forever a champion!

ജോട്ടയിനിയില്ല എന്ന വാചകം ആൻഫീല്‍ഡിന് മുന്നില്‍ മൗനം പാലിച്ചവരുടെ കാതുകളില്‍ അപ്പോഴും മുഴങ്ങിയിട്ടുണ്ടാകണം, അവരുടെ ഹൃദയമിടിപ്പ് പതിവിലും വേഗത്തിലായിരുന്നിരിക്കണം, അവരുടെ വിരലുകളില്‍ വിറയല്‍ മാറിയിട്ടുണ്ടാകില്ല...തൊട്ടരികിലുണ്ടായിരുന്ന ഒരാള്‍ മടങ്ങിയതുപോലൊരു തോന്നല്‍...ഇംഗ്ലീഷ് സമ്മറിന്റെ എല്ലാ തെളിച്ചവുമുണ്ടായിരുന്ന ലിവര്‍പൂളിലിലെ ആ പകലിന് വല്ലാത്തൊരു ഇരുട്ടായിരുന്നു...

മൈതാനത്തുനിന്ന് മടങ്ങുമ്പോഴെല്ലാം തലയുയര്‍ത്തി ജോട്ട നോക്കുമായിരുന്നു, ഒരു വ്യാഴവട്ടക്കാലത്തിലധികമായി തനിക്കൊപ്പമുണ്ടായിരുന്ന പ്രിയ റൂത്തിനെ, അവരുടെ കുഞ്ഞുങ്ങളെ. തിളക്കമില്ലാതെ പോര്‍ട്ടൊയിലെ ഒരു കുഞ്ഞുക്ലബ്ബില്‍ പന്തുതട്ടിയ കാലം മുതല്‍ ജോട്ടയ്ക്ക് ഒപ്പമുണ്ടവള്‍...

ഒരിക്കലും മറക്കാത്ത ഒരു ദിവസമെന്ന അടിക്കുറിപ്പില്‍ വിവാഹവീഡിയോ ലോകത്തിന് മുന്നിലേക്ക് നല്‍കിയിട്ട് മണിക്കൂറുകള്‍ മാത്രമാണ് പിന്നിടുന്നത്...ആ സുന്ദരമായ നിമിഷങ്ങള്‍ക്ക് കീഴില്‍ ലോകമിന്ന് കണ്ണീരുപൊഴിക്കുകയാണ്...അവരെങ്ങെനെയായിരിക്കും കഴിഞ്ഞ രാവ് താണ്ടിയിട്ടുണ്ടാകുക...അറിയില്ല...

ഒരുപതിറ്റാണ്ടിലധികം ആ മാന്ത്രികപന്ത് തട്ടിയവന് കരിയറും ജീവിതവും പൂര്‍ണതയിലേക്ക് എത്തിക്കാൻ മരണമെന്ന മാറ്റിനിര്‍ത്താനാകാത്ത അതിഥി അനുവദിച്ചില്ല. പോ‍ര്‍ച്ചുഗല്‍ ഇതിഹാസവും ജോട്ടയുടെ സഹതാരവുമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ പറഞ്ഞതുപോലെ, It doesn't make any sense.

ഗോണ്ടോമർ എസ്‌ സിയില്‍ തുടങ്ങിയതാണ് കളിജീവിതം. അത്ലറ്റിക്കൊ മാഡ്രിഡും പോർട്ടോയും കടന്ന കരിയർ. വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ പ്രീമിയർ ലീഗില്‍ തിരിച്ചെത്തിച്ചാണ് തെളിയുന്നത്. സാദിയോ മാനെയും മുഹമ്മദ് സലായും റോബർട്ടോ ഫെർമീനോയും അണിനിരക്കുന്ന ലിവർപൂളിന്റെ തലയെടുപ്പുള്ള മുന്നേറ്റനിരയില്‍ സ്വന്തമായി ഒരു ഇരിപ്പിടം ഉണ്ടാക്കിയെടുത്തവൻ.

അസാധ്യ ട്രിബിളർ, പെനാലിറ്റി ബോക്‌സിനുള്ളില്‍ പ്രതിരോധക്കോട്ടകളെ വെട്ടിമാറ്റുന്ന ഫിനിഷർ. സ്ട്രൈക്കറായും വിങ്ങറായും ഫോള്‍സ് 9 ആയുമെല്ലാം 20-ാം നമ്പറില്‍ ജോട്ട കെട്ടിയാടി വേഷങ്ങള്‍ മിന്നിമറയുന്നുണ്ട് ഫുട്ബോള്‍ ലോകത്ത്. യോർഗൻ ക്ലോപ്പിന്റെ ചെമ്പടയിലെ പ്രധാനിയായി മാറുമ്പോള്‍ ജോട്ടയ്ക്ക് ആരാധകർ ഒരു പേരുമിട്ടു. ജോട്ട ദ സ്ലോട്ടർ.

ഇംഗ്ലീഷ് ഫൂട്ബോള്‍ ലീഗ് കപ്പ് സെമിയില്‍ ആഴ്‌സണലിനെതിരെ രണ്ടാം പാദത്തില്‍ ഇരട്ട ഗോള്‍, കഴിഞ്ഞ സീസണില്‍ കിരീടത്തിലേക്കുള്ള യാത്രയില്‍ നോട്ടിങ്ഹാമിനെതിരെ വഴുതിവീഴുമെന്ന് തോന്നിയപ്പോഴും ജോട്ടയുടെ പാദം ലിവർപൂള്‍ ആരാധകരുടെ ഹൃദയമിടിപ്പ് സാധാരണമാക്കി മാറ്റിയവൻ.

ലിവർപൂളിനായി നേടിയ അവസാന ഗോള്‍, എവർട്ടണെതിരെ. ആ ഒറ്റഗോള്‍ വിജയം ലിവർപൂളിനെ കിരീടത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. ജോട്ടയെന്ന ഫുട്ബോളറിന്റെ എല്ലാ ക്വാളിറ്റിയും തെളിഞ്ഞ നിമിഷങ്ങള്‍ ആ ഗോളിലുണ്ടായിരുന്നു. ബോക്സിനുള്ളിലെ ഡ്രിബിളിങ് പാഠവം, പ്രതിരോധനിരയെ കബളിപ്പിക്കുന്ന ടേണുകള്‍, പെർഫെക്റ്റ് ഫിനിഷ്...

ഇനിയൊരിക്കലും അത്തരമൊരു നിമിഷം ആവർത്തിക്കുകയില്ലെന്ന യാഥാർത്ഥ്യം എങ്ങനെ ഉള്‍ക്കൊള്ളും...പുതിയ സീസണിനായി ആൻഫീല്‍ഡിന്റെ കവാടങ്ങള്‍ തുറക്കപ്പെടുമ്പോള്‍ 20-ാം നമ്പർ ജഴ്‌സിയില്‍ പന്തുതട്ടാൻ ജോട്ടയില്ല...അപ്പോഴും ഗ്യാലറിയില്‍ ഇരുന്ന അവർ പാടും, തൊണ്ട ഇടറി, നിറ കണ്ണുകളോടെ...ഡിയോഗൊ ജോട്ടാ...യു വില്‍ നെവർ വാക്ക് എലോണ്‍...നന്ദി ജോട്ട..

 

PREV
Read more Articles on
click me!

Recommended Stories

നായക കസേരയില്ല, രോഹിത് ശർമ വിന്റേജ് മോഡിലേക്ക് മടങ്ങുമോ?
ഇതുവരെ കാണാത്ത പൃഥ്വിരാജ്| Khalifa Glimpse Reaction| Prithviraj Sukumaran