ഇനിയാ വലിയ ദൗത്യത്തിന്റെ നിയോഗവും സഞ്ജുവിനെ തേടിയെത്തുമോയെന്നാണ് അറിയേണ്ടത്. രോഹിതിന്റേയും കോഹ്ലിയുടേയും അഹമ്മദാബാദിലെ കണ്ണീരിന് അറുതികാണാൻ ഏകദിന ടീമിലേക്കൊരു മടക്കം
2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം കഴിഞ്ഞിട്ട് രണ്ട് വാരം പിന്നിടുന്നു. It is what it is !! I choose to keep moving forward. ഇന്ത്യയുടെ ഏകദിന ജഴ്‌സിയില്‍ ഒരു പന്തിനെ പ്രതിരോധിക്കുന്ന ചിത്രത്തോടൊപ്പം തന്റെ ഫേസ്‍ബുക്ക് വാളില്‍ അയാളിങ്ങനെ എഴുതി.
രണ്ട് വര്‍ഷവും അഞ്ച് മാസവും 19 ദിവസവും പിന്നിട്ടിരിക്കുന്നു, മറ്റൊരു ചിത്രം. ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടുകൊണ്ടയാള്‍. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. ഞാൻ എപ്പോഴും അത്ഭുതങ്ങളില്‍ വിശ്വസിച്ചിരുന്നു. അതേ, ഈഡനിലും വാംഖഡയിലും അഹമ്മദാബാദിലും ബാറ്റുകൊണ്ട് അത്ഭുതം തീര്‍ക്കുകയായിരുന്നല്ലോ അയാള്‍, സഞ്ജു വിശ്വനാഥ് സാംസണ്‍ എന്ന ഇന്ത്യയുടെ ചേട്ടൻ.
സ്വപ്നങ്ങളോരോന്നായി സാക്ഷാത്കരിക്കപ്പെടുകയാണ്, നിരാശയോടെ മടങ്ങേണ്ടി വന്ന സ്വന്തം മണ്ണിലേക്ക് വിശ്വകിരീടവുമായി തിരിച്ചെത്തി. കാലത്തിനും സമയത്തിനുമൊക്കെ ഒരു പ്രത്യേകതയുണ്ട്, വീഴ്ചകള്‍ക്കൊടുവില്‍ ഒരു ഉയിര്‍പ്പ് ബാക്കിവെക്കും. ഇനിയാ വലിയ ദൗത്യത്തിന്റെ നിയോഗവും സഞ്ജുവിനെ തേടിയെത്തുമോയെന്നാണ് അറിയേണ്ടത്. രോഹിതിന്റേയും കോഹ്ലിയുടേയും അഹമ്മദാബാദിലെ കണ്ണീരിന് അറുതികാണാൻ ഏകദിന ടീമിലേക്കൊരു മടക്കം.
കിരീടരാത്രി ഗംഭീര്‍ പറഞ്ഞ വാക്കുകള്‍ ഒരു സൂചനയായിരുന്നോ. സഞ്ജുവിന്റെ മികവിനേയും നിസ്വാര്‍ത്ഥമായ ഇന്നിങ്സുകളേയും ഉദ്ധരിച്ചുകൊണ്ട് ഗംഭീര്‍, സഞ്ജുവിന് ഇവിടെ നിന്നൊരു തുടക്കം കുറിക്കാനാകുമെന്നാണ് പ്രതീക്ഷ. കരിയറിൽ ഇതുവരെ ലഭിച്ചതിലും കൂടുതല്‍ സഞ്ജു അര്‍ഹിക്കുന്നുണ്ട്. സഞ്ജുവിന്റെ മികവില്‍ ആശങ്കകളൊരിക്കലുമുണ്ടായിട്ടില്ല. ഒരു അസാധാരണ യാത്രയുടെ തുടക്കം മാത്രമാണിത്.
2023 ഡിസംബര്‍ 21നാണ് സഞ്ജു അവസാനമായി ഇന്ത്യയുടെ ഏകദിന ജഴ്സി അണിഞ്ഞത്, ദക്ഷിണാഫ്രിക്കയില്‍. പ്രോട്ടിയാസിനെതിരായ സീരീസ് ഡിസൈഡറില്‍. അന്ന് സംഭവിച്ചത് ടി20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം കണ്ടതിന്റെ ചെറിയൊരു പതിപ്പായിരുന്നല്ലോ. സഞ്ജുവിന്റെ സെഞ്ചുറിയില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുന്ന കാഴ്ച. എയ്‌ഡൻ മാര്‍ക്രത്തിന്റെ സംഘത്തിനെതിരെ 114 പന്തില്‍ 108 റണ്‍സ് കളിയിലെ താരം.
അവസാന ഏകദിനത്തിലെ മാച്ച് വിന്നിങ് നോക്കിന് ശേഷം രണ്ട് വര്‍ഷത്തിലധികം ടീമിന് പുറത്തിരിക്കേണ്ടി വരിക. അവഗണനകളുടെ നീണ്ട നിര അനുഭവിച്ച കരിയറിലെ മറ്റൊരു ഏടായി കാണാം. ഏകദിന കരിയറെടുത്താല്‍ സ്ഥിരതയുടെ പര്യായമായി ആ പേരിനെ കാണാനാകും. അഞ്ച് വര്‍ഷത്തെ കാലയളവില്‍ കേവലം 14 മത്സരങ്ങള്‍ മാത്രം. 56.6 ശരാശരിയില്‍ 510 റണ്‍സ്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധ ശതകങ്ങളും.
പക്ഷേ, ആ റീ എൻട്രി ഇനി അധികകാലം തടഞ്ഞുവെക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഇതുവരെയില്ലാത്ത വിധമാണ് സഞ്ജുവിന്റെ ബാറ്റ് ശബ്ദിച്ചിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ വെര്‍ച്ച്വല്‍ നോക്കൗട്ടില്‍ പുറത്താകാതെ 97 റണ്‍സ്, ശേഷം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലൻഡിനെതിരെയും 89 റണ്‍സ് വീതം. ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. മൂന്ന് മാച്ച് ഡിഫൈനിങ് നോക്കുകള്‍.
ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത് സ്വപ്നം കണ്ട നാള്‍ മുതല്‍ ആഗ്രഹിച്ചതായിരുന്നു ഒറ്റയ്ക്ക് കളിജയിപ്പിക്കാൻ കഴിയുന്നത്ര വളരണമെന്ന്. അരങ്ങേറിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു അത് സാധ്യമാകാൻ. ഇന്ത്യക്ക് ഏറ്റവും അനിവാര്യമായിരുന്ന, സമ്മര്‍ദം വാനോളമുണ്ടായിരുന്ന സാഹചര്യത്തില്‍ അത് സാക്ഷാത്കരിക്കപ്പെട്ടുവെന്നതാണ് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടതും. 2023 ഏകദിന ലോകകപ്പ് ഫൈനിലില്‍ അഹമ്മദാബാദില്‍ രോഹിതും കോഹ്ലിയും ഒഴികെയുള്ള എല്ലാ ബാറ്റര്‍മാരെയും സമ്മര്‍ദം വിഴുങ്ങുന്നത് നിരാശയോടെ ഈ ജനത നോക്കിനിന്നതാണ്.
ഇന്ത്യയുടെ ഏകദിന ടീം നോക്കു, രോഹിതിനേയും കോഹ്‌ലിയേയും മാറ്റി നിര്‍ത്താം. സഞ്ജു ടി20 ലോകകപ്പില്‍ പുറത്തെടുത്ത ഇന്നിങ്സുകള്‍ക്ക് പകരം വെക്കാൻ കഴിയുന്ന വ്യക്തിഗത പ്രകടനങ്ങള്‍ പുറത്തെടുത്തവര്‍ ചുരുക്കം മാത്രമാണ്. ഒരു ശ്രേയസ് അയ്യരിനെയോ, കെല്‍ രാഹുലിനെയോ കാണാനാകും...മറ്റുള്ളവരുടെ മികവിനെ ഇകഴ്ത്തുകയല്ല. മറിച്ച് സഞ്ജു ടീമില്‍ വരേണ്ടതിന്റെ ആവശ്യകതയേ ചൂണ്ടിക്കാണിക്കുകയാണ്.
ഇന്ത്യയുടെ കഴിഞ്ഞ ഏകദിന പരമ്പരകളെല്ലാം ഉദാഹരണമായി മുന്നിലുണ്ട്. കോലിയുടേയും രോഹിതിന്റേയും പേരിനപ്പുറം മറ്റാരും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വലിയ ഇംപാക്റ്റുണ്ടാക്കുന്നില്ലായെന്ന് കാണാം. ഇരുവര്‍ക്ക് ശേഷവും ഒരാള്‍ വേണമെല്ലോ ഈ ടീമിനെ തോളിലേറ്റാൻ.
കിരീടനേട്ടത്തിന് ശേഷവും മുൻപുമുള്ള സഞ്ജുവിന്റെ പ്രതികരണങ്ങളാണ് ഏറ്റവും ശ്രദ്ധേയം. ബോള്‍ കണ്ടാല്‍ വലിച്ചടിക്കാൻ തോന്നുമെന്ന് അന്ന് പറഞ്ഞു...കുറെ കളി വലിച്ചടിച്ച് നോക്കി, അതങ്ങ് ശരിയായില്ല. നമ്മള്‍ വീഴ്ചകളില്‍ നിന്ന് പഠിക്കണമല്ലോ, അതുകൊണ്ട് മറ്റൊരു ഗെയിം പ്ലാൻ ശ്രമിച്ചുനോക്കിയെന്ന് ഇന്ന് തിരുത്തി. ഈ രണ്ട് സ്റ്റേറ്റ്മെന്റുകളാണ് സഞ്ജുവിന്റെ കരിയറിന്റെ ദൂരവും ഉയര്‍ച്ചയും. ഗംഭീര്‍ പറഞ്ഞതുപോലെ ഇനി മുന്നോട്ട് അയാളെ കാത്തിരിക്കുന്നത് അസാധാരണമായൊരു യാത്രയാകട്ടെ.


