രോഹിതിന്റെ കണ്ണീരിൽ നിന്ന് ഉയിര്‍പ്പ്; വൈറ്റ് ബോള്‍ ക്രിക്കറ്റിൽ ഇന്ത്യ സ‍ര്‍വാധിപത്യത്തിലേക്കോ

Published : Mar 16, 2026, 05:01 PM IST
T20 World Cup 2026

Synopsis

2024വരെ ആ വലിയ കടമ്പയ്ക്ക് മുന്നില്‍ പലകുറി വീണവര്‍ അത് മറികടക്കാൻ പ്രാപ്തമായിരിക്കുന്നു, അല്ല അവരെ പ്രാപ്തമാക്കി. ദ്രാവി‍ഡ് പറഞ്ഞതുപോലെ സുവര്‍ണകാലം തന്നെ

എഴുപതുകളുടെ മധ്യത്തില്‍ ഇൻവിൻസിബിള്‍ വെസ്റ്റ് ഇൻഡീസ്, തൊണ്ണൂറുകളുടെ അവസാനം മുതല്‍ മൈറ്റി ഓസ്ട്രേലിയ. വര്‍ത്തമാന കാലത്ത് ഇത്തരം വിശേഷണങ്ങള്‍ ചേര്‍ത്തുവെക്കാൻ കഴിയുന്ന ഒരു സംഘമെ ക്രിക്കറ്റ് ഭൂപടത്തിലുണ്ടാകു. രോഹിത് ശ‍ര്‍മയുടെ, സൂര്യകുമാര്‍ യാദവിന്റെ - ഫിയര്‍ലെസ് ഇന്ത്യ. നാല് ഐസിസി ടൂ‍‍ര്‍ണമെന്റുകള്‍, മൂന്ന് കിരീടങ്ങള്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഡൊമിനേഷൻ എന്ന വാക്കിന്റെ പര്യായമാകുകയാണോ ഇന്ത്യ.

ആ വ്യാഴാഴ്ചയില്‍ നിന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയര്‍പ്പിന്റേയും സര്‍വാധിപത്യത്തിലേക്കുള്ള യാത്രയുടേയും തുടക്കം. നവംബര്‍ 10, 2022. ഒരുപതിറ്റാണ്ടോളമായുള്ള ഐസിസി കിരീടവരള്‍ച്ച അവസാനിപ്പിക്കാൻ ഒരുങ്ങിയ രോഹിതിനെ അഡ്‌ലയിഡിന്റെ മുറ്റത്ത് കണ്ണീരണിയിപ്പിച്ച് ജോസ് ബട്ട്‌ലറും അലക്‌സ് ഹെയ്‌ല്‍സും മടക്കിയ ആ രാത്രി. മുഖം മറച്ച് ഡഗൗട്ടിലിരിക്കുന്ന രോഹിതിന്റെ ചിത്രങ്ങള്‍ ഇന്ത്യയുടെ ഓരോ കിരീടനേട്ടങ്ങള്‍ക്ക് പിന്നാലെയും ക്രിക്കറ്റ് ആരാധകരുടെ ഫീഡുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

അന്ന് രോഹിത് തന്റെ സഹതാരമായിരുന്ന ദിനേഷ് കാര്‍ത്തിക്കിനോട് പറഞ്ഞു. നോക്കൗട്ട് മത്സരങ്ങളെ നാം ഇങ്ങനെയല്ല സമീപിക്കേണ്ടത്. കൂടുതല്‍ അഗ്രസീവായി, സെല്‍ഫ്‌ലെസായുള്ള ശൈലി തിരഞ്ഞെടുക്കേണ്ടതുണ്ട്. മാറ്റത്തിനായുള്ള ബോധപൂര്‍വമായ ശ്രമം അയാളില്‍ നിന്നുണ്ടായി. അത് നടപ്പാക്കാൻ അയാള്‍ ഒരു താരത്തിന്റെ ബാറ്റിനേയും സമീപിച്ചില്ല. മൈതാനങ്ങളും ഗ്യാലറികളും ആ ഐതിഹാസിക തുടക്കങ്ങള്‍ കണ്ടു, പിന്നീട് നടന്നതിനെല്ലാം കാലവും ചരിത്രവും സാക്ഷി.

2023 ഏകദിന ലോകകപ്പ് ഒരു ടെമ്പ്ലേറ്റായി രൂപപ്പെട്ടു. അത് ലോകക്രിക്കറ്റിലെ കരുത്തന്മാര്‍ക്ക് ഇന്ത്യ നല്‍കിയ ഒരു സൂചനകൂടിയായിരുന്നു. രോഹിതിന്റെ 126 എന്ന സ്ട്രൈക്ക് റേറ്റ്, അതായിരുന്നു ഇന്ത്യയുടെ ഓരോ മത്സരത്തിലേയും ഇന്ധനം. ആ തുടക്കങ്ങള്‍ വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള ബാറ്റര്‍മാര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം ചെറുതായിരുന്നില്ല. അഹമ്മദാബാദിലെ ഒരു രാത്രി, അത് മാത്രമാണ് അയാളുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചത്.

പിന്നീട് 2024 ടി20 ലോകകപ്പ്. രോഹിതിന് കീഴില്‍, കോഹ്ലിയും സൂര്യയും ബുമ്രയും അര്‍ഷദീപും അക്സറും ഹാര്‍ദിക്കും നിര്‍ണായകമായ ടൂര്‍ണമെന്റ്. ബാറ്റിങ്ങില്‍ മാത്രമായിരുന്നില്ല, ബൗളിങ്ങിലും ഇന്ത്യ അഗ്രസീവായി കാണപ്പെട്ടു. ഒരു തോല്‍വി പോലും അറിയാതെ കിരീടം. പതിറ്റാണ്ടിന് ശേഷം ഐസിസി കിരീടം, 16 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ്.

2023 ലോകകപ്പിലെ അതേ ടെംപ്ലേറ്റ് ആവര്‍ത്തിച്ച 2025 ചാമ്പ്യൻസ് ട്രോഫി. കോഹ്ലിയും ശ്രേയസ് അയ്യരും ബാറ്റുകൊണ്ടും വരുണ്‍ ചക്രവര്‍ത്തിയും ഷമിയും പന്തുകൊണ്ടും തിളങ്ങിയ ടൂര്‍ണമെന്റ്. വീണ്ടും തോല്‍വിയറിയാതെ ആ സംഘം കിരീടത്തിലേക്ക്. ഒടുവിലിതാ 2026 ടി20 ലോകകപ്പ്. കുടൂതല്‍ കരുത്തോടെ, ടി20 ലോകകപ്പ് പ്രതിരോധിക്കുന്ന ആദ്യ ടീം, കിരീടം നേടുന്ന ആദ്യ ആതിഥേയ രാജ്യം. സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യ വിശ്വം കീഴടക്കുമ്പോള്‍ പല ചരിത്രവും ഓരത്തേക്ക് മാറിനിന്നു.

അഗ്രസീവ് ക്രിക്കറ്റ് ഫിലോസഫിയും അത് വിജയകരമായി നടപ്പിലാക്കിയ രീതിയൊക്കെയും മുന്നില്‍ നില്‍ക്കെ മറ്റൊരു വസ്തുതകൂടിയുണ്ട് ഇന്ത്യയുടെ ആധിപത്യത്തിന് പിന്നില്‍. അത് താരപ്രഭയ്ക്ക് അപ്പുറം സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ടീമിനെ ഒരുക്കിയതാണ്. 2024 ടി20 ലോകകപ്പില്‍ നാല് പ്രോപ്പര്‍ സ്പിന്നര്‍മാരെ ആയിരുന്നു ടീമില്‍ ഉള്‍പ്പെടുത്തിയത്, അതിന് കാരണം ചോദിച്ചവരോട് രോഹിത് പറഞ്ഞത് മൈതാനത്ത് കാണാം എന്നായിരുന്നു.

കരിബീയൻ വിക്കറ്റുകളില്‍ സ്പിന്നര്‍മാര്‍ക്കുള്ള മുൻതൂക്കം മാത്രമായിരുന്നില്ല കാരണം. ബാറ്റ് ചെയ്യാൻ സാധിക്കുന്ന അക്സറും ജഡേജയും ടീമിന് നല്‍കുന്ന ബാലൻസ്, ഒപ്പം അറ്റാക്കിങ് സ്പിന്നര്‍മാരായി കുല്‍ദീപും ചഹലും. അക്സറും കുല്‍ദീപും മാത്രം 19 വിക്കറ്റുകളാണ് ടൂര്‍ണമെന്റിലെടുത്തത്. സമാനമായായിരുന്നു 2025 ചാമ്പ്യൻസ് ട്രോഫിയും, ദുബായിലെ വിക്കറ്റിന് അനുയോജ്യമായ ടീം, സാക്ഷാല്‍ ജസ്പ്രിത് ബുമ്രയുടെ അഭാവത്തില്‍ അഞ്ച് സ്പിന്നര്‍മാരുമായി ഇന്ത്യ. 26 വിക്കറ്റുകളായിരുന്നു സ്പിന്നര്‍മാര്‍ നേടിയത്.

2026 ലോകകപ്പിലേക്ക് എത്തിയപ്പോഴും ടീം ബാലൻസിനായിരുന്നു മുൻതൂക്കം. സഞ്ജു സാംസണ്‍ പുറത്തിരുന്നതിനും തിരിച്ചുവന്നതിനുമെല്ലാം കൃത്യമായ കാരണങ്ങളുണ്ടായിരുന്നു. ടി20ക്ക് അനുയോജ്യമായ മാച്ച് വിന്നേഴ്സിനെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു ഇന്ത്യ കളത്തിലേക്ക് എത്തിയതും.

2027 ലോകകപ്പ് നേടുകയാണ് ലക്ഷ്യമെന്ന് ശുഭ്മാൻ ഗില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. വരുന്ന ടി20 ലോകകപ്പ് നേടുമെന്ന ആത്മവിശ്വാസം ഹാര്‍ദിക്ക് പങ്കുവെച്ചു. ഒളിമ്പിക്സ് സ്വര്‍ണമാണ് സൂര്യകുമാര്‍ യാദവിന്റെ സ്വപ്നം. കഴിഞ്ഞ നാല് വൈറ്റ് ബോള്‍ ഐസിസി ടൂ‍ര്‍ണമെന്റുകള്‍. തോല്‍വിയേക്കാള്‍ കൂടുതല്‍ കിരീടങ്ങള്‍. വിജയശതമാനം 91ല്‍ എത്തി നില്‍ക്കുന്നു. 2024വരെ ആ വലിയ കടമ്പയ്ക്ക് മുന്നില്‍ പലകുറി വീണവര്‍ അത് മറികടക്കാൻ പ്രാപ്തമായിരിക്കുന്നു, അല്ല അവരെ പ്രാപ്തമാക്കി. ദ്രാവി‍ഡ് പറഞ്ഞതുപോലെ സുവര്‍ണകാലം തന്നെ.

PREV
Read more Articles on
click me!

Recommended Stories

മെഹിദിക്ക് മാന്യതയില്ലാത്തതോ, സൽമാൻ അഗയുടെ മണ്ടത്തരമോ? റണ്ണൗട്ടില്‍ വിവാദം
ഇത് രണ്ടാം പിറവി, സഞ്ജു സാംസണ്‍ ആ സ്വപ്നയാത്രയ്ക്ക് തുടക്കമിടുന്നോ?