ഐപിഎല്ലില്‍ സ്ലോ സ്റ്റാർട്ടേഴ്‌സ് എന്ന പേര് വർഷങ്ങളായി പേറുന്ന ടീമാണല്ലോ മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ കിരീടം ചൂടിയ മുംബൈയെ സംബന്ധിച്ച് തിരിച്ചുവരവുകള്‍ അസാധ്യമായ ഒന്നല്ല

പ്രഭാതം ഉണ്ടാകും, സൂര്യൻ ഉദിക്കുക തന്നെ ചെയ്യും. രാജസ്ഥാൻ റോയല്‍സിനെതിരായ തോല്‍വിക്ക് ശേഷം മുംബൈ ഇന്ത്യൻസ് നായകൻ ഹാര്‍ദിക്ക് പാണ്ഡ്യ തന്റെ പ്രതികരണം അവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു.

ജയിച്ച് തുടങ്ങിയ ദൈവത്തിന്റെ പോരാളികള്‍ തോറ്റ് തുടരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആധിപത്യത്തോടെ കീഴടക്കിയെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും രാജസ്ഥാനും മുന്നില്‍ പൊരുതാൻപോലും കഴിയാതെ വീണു. തുടരെ രണ്ട് പരാജയങ്ങള്‍ വഴങ്ങിയെങ്കിലും ഹാര്‍ദിക്കോ അയാളുടെ സംഘമോ നിരാശയിലായിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്സ് ഡഗൗട്ടില്‍ കണ്ട അങ്കലാപ്പും ഉണ്ടായിരുന്നില്ല. മുംബൈ ഇന്ത്യൻസ് തിരിച്ചുവരുമോ, എഴുതിത്തള്ളാൻ സമയമായോ?

ഐപിഎല്ലില്‍ സ്ലോ സ്റ്റാർട്ടേഴ്‌സ് എന്ന പേര് വർഷങ്ങളായി പേറുന്ന ടീമാണല്ലോ മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ കിരീടം ചൂടിയ മുംബൈയെ സംബന്ധിച്ച് തിരിച്ചുവരവുകള്‍ അസാധ്യമായ ഒന്നല്ല എന്ന് ചരിത്രവും പറയുന്നു. ഇക്കുറിയും അതില്‍ നിന്ന് വ്യത്യസ്തമല്ല കാര്യങ്ങള്‍. പോയിന്റ് പട്ടികയുടെ അടിത്തട്ടിലുള്ള ടീമുകളെ പരിശോധിക്കാം. ഏഴാം സ്ഥാനത്ത് മുംബൈ, എട്ട് കൊല്‍ക്കത്ത, ഒൻപത് ഗുജറാത്ത് ടൈറ്റൻസ്, പത്ത് ചെന്നൈ.

അജിങ്ക്യ രഹാനെ - ഫിൻ അലൻ - അഗ്രിഷ് രഘുവംശി കഴിഞ്ഞാല്‍ ദുര്‍ബലമായ ബാറ്റിങ് നിരയും ഫോം നഷ്ടപ്പെട്ട ബൗളര്‍മാരുമാണ് കൊല്‍ക്കത്തയുടെ പ്രതിസന്ധി. ഗുജറാത്തിന്റെ അവസ്ഥയും സമാനമാണ്, ടോപ് ത്രീയില്‍ അമിതാശ്രയം, ബൗളര്‍മാരുടെ നിര ലോകോത്തരമാണ്. ചെന്നൈയിലേക്ക് എത്തിയാല്‍ ഫോം കണ്ടെത്താൻ കഴിയാതെ ഉലയുന്ന ബാറ്റിങ് നിര, ആകെ ആശ്വാസം സര്‍ഫറാസ് ഖാൻ മാത്രം. പിന്നിട്ട എല്ലാ മത്സരങ്ങളിലും എതിര്‍ ബാറ്റര്‍മാരുടെ പ്രഹരം ഒഴിവാക്കാൻ ചെന്നൈ ബൗളര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇവിടെയാണ് മുംബൈ ഇന്ത്യൻസ് വ്യത്യസ്തമാകുന്നതും. ബാറ്റിങ് നിരയിലേക്ക് വന്നാല്‍ ഓറഞ്ച് ക്യാപ് പോരില്‍ ഒരുപാട് പിന്നിലല്ല രോഹിത് ശര്‍മ. കൊല്‍ക്കത്തയ്ക്കും ഡല്‍ഹിക്കും എതിരെ രോഹിത് തന്റെ പ്രൈം കാലഘട്ടത്തെ ഓര്‍മിപ്പിക്കും വിധമായിരുന്നു രോഹിത് ബാറ്റ് ചെയ്തത്. റിയാൻ റിക്കല്‍ട്ടണും സൂര്യകുമാര്‍ യാദവും അര്‍ദ്ധ സെഞ്ചുറികളുമായി തിളങ്ങി. നമൻ ധീറും ഷെര്‍ഫെയ്ൻ റുഥര്‍ഫോര്‍ഡും ക്യാമികളിലൂടെയും തിളങ്ങി. ആകെ ആശങ്കയായുള്ളത് തിലക് വര്‍മ മാത്രമാണെന്നാണ് ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വ്യക്തമാകുന്നത്.

ഇനി ബൗളിങ് നിരയിലേക്ക് വരാം. ജസ്പ്രിത് ബുമ്രയുടേയും ട്രെൻ ബോള്‍ട്ടിന്റേയും ക്വാളിറ്റിയില്‍ എതിരാളികള്‍ക്ക് പോലും തര്‍ക്കമില്ലാത്ത കാര്യമാണ്. കൊല്‍ക്കത്ത ബാറ്റര്‍മാര്‍ 11 റണ്‍റേറ്റില്‍ ബാറ്റ് ചെയ്ത മത്സരത്തില്‍ ബുമ്രയുടെ എക്കണോമി കേവലം 8.8 മാത്രമായിരുന്നു. ബുമ്രയും ബോള്‍ട്ടും മധ്യഓവറുകളില്‍ പുറത്തെടുത്ത കൃത്യതയായിരുന്നു മുംബൈയെ കളിയിലേക്ക് മടക്കിയെത്തിച്ചത് പോലും. മിച്ചല്‍ സാന്റനറും ഗസൻഫാറും ഷാര്‍ദൂലും വിക്കറ്റ് ടേക്കര്‍മാരായി റോള്‍ നിര്‍വഹിക്കുന്നുമുണ്ട്. ശാര്‍ദൂലും ദീപക്കും റണ്‍വഴങ്ങുന്നതില്‍ പിശുക്കുകാണിക്കുന്നില്ല എന്നതാണ് പോരായ്മ.

ബുമ്രയും ബോള്‍ട്ടും ബാറ്റര്‍മാരെ നിശബ്ദമാക്കി നിര്‍ത്തുന്നത് തുടര്‍ ഓവറുകളില്‍ നിലനിര്‍ത്താൻ ശാര്‍ദൂലിനോ അല്ലെങ്കില്‍ ചഹറിനോ കഴിയുന്നില്ല. വിക്കറ്റുകള്‍ വീഴുന്നുണ്ടെങ്കിലും റണ്ണൊഴുക്ക് തടയാൻ കഴിയാതെ പോകുന്നത് എതിരാളികളുടെ മൊമന്റം ബ്രേക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നല്ല. ഹാര്‍ദിക്കിന്റെ നായകമികവാണ് പോരായ്മയായി ഉയര്‍ന്ന് നില്‍ക്കുന്ന മറ്റൊരു കാര്യം. രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരം തന്നെ ഉദാഹരണമായി കാണാനാകും.

അവസാന ഓവര്‍ എറിയാൻ ഹാര്‍ദിക്ക് നിയോഗിച്ചത് ശാര്‍ദൂലിനെയായിരുന്നു. എന്നാല്‍, ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായ ട്രെൻ ബോള്‍ട്ടിന് അപ്പോഴും ഒരു ഓവര്‍ ബാക്കിയുണ്ടായിരുന്നു. 18 റണ്‍സാണ് ശാര്‍ദൂലിന്റെ ഓവറില്‍ രാജസ്ഥാൻ ബാറ്റര്‍മാര്‍ നേടിയതും. സ്ലോ, വൈഡ് യോര്‍ക്കറുകള്‍ കൈവശമുള്ള ബോള്‍ട്ടിന് ജയ്സ്വാളിനേയും ഹെറ്റ്‍മയറിനേയും പിടിച്ചുകെട്ടാൻ കഴിയുമായിരുന്നില്ലെ എന്നത് ചോദ്യമായി മുന്നിലുണ്ട്. മുംബൈയുടെ അടുത്ത മത്സരം കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ്, ജയം നേടാനായില്ലെങ്കില്‍ മുംബൈയുടെ കാര്യവും പരുങ്ങലിലായേക്കും.

Powered By: