
ലോക്ക് ഡൗണിന് പിന്നാലെ സീരിയലുകളും റിയാലിറ്റി ഷോകളുമെല്ലാം നിര്‍ത്തിയതിന് പിന്നാലെയാണ് ഏഷ്യാനെറ്റില്‍ വീണ്ടും ചില വീട്ടു വിശേഷങ്ങള്‍ എന്ന പേരില്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഷോ ആരംഭിച്ചിരിക്കുന്നത്. ജഗദീഷ്, ടിനി ടോം, ബിജുക്കുട്ടൻ , കലാഭവൻ പ്രജോദ്, രജിത് കുമാർ തുടങ്ങി നിരവധി താരങ്ങളോടൊപ്പം മീര നായരും ഷോയിലുണ്ട്. കഴിഞ്ഞ ദിവസം പരിപാടിയിൽ കോട്ടയം നസീറുമായും രജിത്തുമായും മറ്റ് താരങ്ങള്‍ സംവദിച്ചു.
ഇതിനിടയില്‍ ടിനി ടോം രജിത് കുമാറിനോട് ഒരു കാര്യം ആവശ്യപ്പെട്ടു. ഏഷ്യാനെറ്റിന്‍റെ ബിഗ് ബോസ് ഫിലിം അവാര്‍ഡിന്‍റെ ഭാഗമായി ബിഗ് ബോസിനെ അനുകരിച്ച് ഷോ നടത്തിയിരുന്നെന്നും, രജിത്തിനെ അവതരിപ്പിച്ചത് പ്രജോദ് ആയിരുന്നുവെന്നും ടിനി പറഞ്ഞു. എന്നാല്‍ ഇതിന് ശേഷം രജിത് ആര്‍മി എന്നുപറയുന്ന ഗ്രൂപ്പുകളില്‍ നിന്നും മറ്റുമായി തെറിവിളിയാണെന്നും ടിനി പറഞ്ഞു. അത് അവസാനിപ്പിക്കാന്‍ അവരോട് പറയണമെന്നും ടിനി രജിത്തിനോട് ആവശ്യപ്പെട്ടു.
അവരോട് അത് പറയണം എന്ന് പറഞ്ഞ ടിനിയോട് എനിക്ക് ദുഖം ഉണ്ടെന്ന് പറഞ്ഞാണ് രജിത് മറുപടി ആരംഭിച്ചത്. കാരണം എന്‍റെ പോക്കറ്റിലെ ഒരുപാട് പൈസ ടിനിയും പ്രജോദും, ബിജുക്കുട്ടനുമെല്ലാം കൊണ്ടുപോയിട്ടുണ്ട്. പ്രേക്ഷകരാണ് നിങ്ങളുടെ ബലം. എന്‍റെ പട്ടാളക്കാരല്ല രജിത് ആര്‍മി, രണ്ട് വയസുമുതല്‍ തൊണ്ണൂറുവരെയുള്ള ആളുകള്‍ എന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞതിലാണ് സന്തോഷമെന്നും രജിത് പറഞ്ഞു.
ഞാന്‍ അവരുടെ ഹൃദയത്തില്‍ ഇടിച്ചുകയറിയതല്ല, അവര്‍ കയറ്റിയതാണ്. ഹാസ്യാത്മകമായിട്ടാണെങ്കിലും എന്നെ മോശക്കാരന്‍ ആക്കുന്നത് അവര്‍ക്ക് സഹിക്കില്ല. അത് അവര്‍ പ്രകടിപ്പിക്കുന്നു. മാത്രമല്ല അവരോട് സ്നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാമായിരുന്നു. ടിനിക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നുവെന്നും രജിത് പറഞ്ഞു.