
തന്റെ കാറിന് മുന്നിൽ അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് പോകുന്ന സ്കൂട്ടർ യാത്രികരുടെ വീഡിയോ പങ്കുവച്ച് നവ്യ നായർ. സ്കൂട്ടർ യാത്രികർ മദ്യപിച്ചിരുന്നുവെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. 'ചില വഴിയോരകാഴ്ചകൾ. സേഫ് റൈഡ് ഗയ്സ്', എന്നാണ് വീഡിയോയ്ക്ക് ഒപ്പം നവ്യ കുറിച്ചിരിക്കുന്നത്.
രണ്ട് പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. സ്കൂട്ടറിന് പുറകിലുള്ളയാൾ ഇപ്പോൾ വീഴുമെന്ന മട്ടിലാണ് ഇരിക്കുന്നത്. ഇവരിൽ ആരാണ് വണ്ടിയോടിക്കുന്നതെന്ന് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. കുറേ നേരം ഇവരെ തന്നെ നിരീക്ഷിച്ച നവ്യ, വണ്ടി വഴിയോരത്ത് നിൽക്കുന്നത് വരെയുള്ള വീഡിയോകൾ പകർത്തിയിട്ടുണ്ട്. സ്കൂട്ടർ യാത്രികർക്ക് ഹെൽമറ്റും ഉണ്ടായിരുന്നില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം, പാതിരാത്രി എന്ന സിനിമയാണ് നവ്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പുഴു എന്ന പടത്തിന് ശേഷം രത്തീന സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നവ്യയുടെ കരിയറിലെ ആദ്യത്തെ പൊലീസ് വേഷം കൂടിയായിരുന്നു ചിത്രത്തിലേത്.
ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപറ്റി സഞ്ചരിക്കുന്ന ചിത്രം നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പൊലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് കഥ പറഞ്ഞത്. ഒരേസമയം ത്രില്ലടിപ്പിക്കുകയും വൈകാരികമായി ആഴത്തിൽ സ്പർശിക്കുകയൂം ചെയ്യുന്ന ചിത്രത്തിൽ, നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ഇവർ ഓരോരുത്തരുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റും. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.