11 വര്‍ഷം മുന്‍പ് ഇതേദിവസം; ആസിഫ് അലിയുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം ഓര്‍ത്ത് അസ്‍കര്‍ അലി

By Web TeamFirst Published Aug 14, 2020, 7:00 PM IST
Highlights

'ഋതുക്കള്‍ മാറുന്നു, നമ്മളോ?' എന്ന ടാഗ് ലൈനുമായെത്തിയ ചിത്രത്തിലൂടെയാണ് ആസിഫ് അലിയെ കൂടാതെ നിഷാന്‍, റിമ കല്ലിങ്കല്‍, വിനയ് ഫോര്‍ട്ട് തുടങ്ങിവരും അരങ്ങേറ്റം കുറിച്ചത്. 

ആസിഫ് അലി ആദ്യമായി ബിഗ് സ്ക്രീനില്‍ എത്തിയതിന്‍റെ ഓര്‍മ്മ പങ്കുവച്ച് സഹോദരനും നടനുമായ അസ്‍കര്‍ അലി. ആസിഫ് അലിയുടെ ആദ്യചിത്രം 'ഋതു' തീയേറ്ററുകളിലെത്തിയതിന്‍റെ പതിനൊന്നാം വാര്‍ഷികമാണിന്ന്. അച്ഛനും അമ്മയ്ക്കുമൊപ്പം തീയേറ്ററിലിരിക്കുന്നതാണ് ഈ ദിവസത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് എത്തുന്നതെന്ന് കുറിയ്ക്കുന്ന അസ്‍കര്‍. ജ്യേഷ്ഠന്‍റെ സാന്നിധ്യം ജീവിതത്തില്‍ തനിക്ക് എത്രത്തോളം പ്രധാനമാണെന്നും വ്യക്തമാക്കുകയാണ് അസ്‍കര്‍ അലി.

"അബ്ബയ്ക്കും ഉമ്മയ്ക്കുമൊപ്പം ഋതു കാണാനായി തീയേറ്ററില്‍ ഇരിയ്ക്കുന്നതാണ് ഈ ദിവസത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് എത്തുന്നത്. എന്‍റെ കണ്ണുകളില്‍ ആ ദിവസം ഉണ്ടായിരുന്ന ആവേശവും സന്തോഷവും ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. നിങ്ങളുടെ എല്ലാ വിജയങ്ങളും നാഴികക്കല്ലുകളും ഒരു ചെറിയ കുട്ടിയെപ്പോലെ അടുത്തുനിന്ന് ഞാന്‍ കാണുകയായിരുന്നു. നിങ്ങളാണ് എന്‍റെ ഗുരു, അതിനേക്കാളുപരി എന്നെ സിനിമ സ്വപ്നം കാണാനും അതിനുവേണ്ടി ജീവിക്കാനും പഠിപ്പിച്ച സൂപ്പര്‍ഹീറോ. സിനിമാജീവിതത്തില്‍ അപ്പുക്കയ്ക്ക് ഇനിയുമിനിയും വിജയങ്ങള്‍ നേരുന്നു. എപ്പോഴും നിങ്ങള്‍ക്കരികില്‍ നിന്ന് പഠിയ്ക്കാനാണ് എനിക്കിഷ്ടം. ആസിഫ് അലിയുടെ ആദ്യ ഫാന്‍ ബോയ്", അസ്‍കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മലയാളസിനിമയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയുണ്ടായ മാറ്റത്തിന്‍റെ തുടക്കത്തില്‍ എത്തിയ സിനിമയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു. 'ഋതുക്കള്‍ മാറുന്നു, നമ്മളോ?' എന്ന ടാഗ് ലൈനുമായെത്തിയ ചിത്രത്തിലൂടെയാണ് ആസിഫ് അലിയെ കൂടാതെ നിഷാന്‍, റിമ കല്ലിങ്കല്‍, വിനയ് ഫോര്‍ട്ട് തുടങ്ങിവരും അരങ്ങേറ്റം കുറിച്ചത്. 

click me!