'റാഗിംഗ് പോലെ ആയിരുന്നു'; ആദ്യ നായികാ അനുഭവം പറഞ്ഞ് ദിവ്യ യശോധരന്‍

By Web TeamFirst Published Feb 17, 2024, 11:54 PM IST
Highlights

"സാധാരണ സീരിയലിലെ നായിക എന്ന് പറയുമ്പോള്‍ കണ്ണീരും കിനാവുമൊക്കെയുള്ള കഥാപാത്രങ്ങളാണ്. പക്ഷേ"

നായികയായിട്ടും വില്ലത്തിയായിട്ടുമൊക്കെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് ദിവ്യ യശോധരന്‍. താമരത്തുമ്പി എന്ന സീരിയലിലൂടെയാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. താന്‍ അഭിനയത്തിലേക്ക് വന്നതിനെക്കുറിച്ചും അതിന് ശേഷം സഹപ്രവര്‍ത്തകരില്‍ നിന്നും റാഗ് ചെയ്യപ്പെട്ടതിനെക്കുറിച്ചും ദിവ്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സീരിയല്‍ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

രാജസേനന്‍ വഴിയാണ് താന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നതെന്ന് ദിവ്യ പറയുന്നു. "ഇങ്ങനൊരു സീരിയലുണ്ടെന്ന് പറഞ്ഞ് അങ്കിളാണ് വിളിക്കുന്നത്. അവിടെ ചെന്നപ്പോഴും അഭിനയത്തെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. ഡാന്‍സ് അറിയാം എന്നല്ലാതെ ബാക്കിയൊന്നിനെ പറ്റിയും ധാരണ ഇല്ലാത്ത കാലമാണ്. ഭയങ്കര സ്റ്റൈലിഷ് ആയിട്ടുള്ള ഒരു നെഗറ്റീവ് കഥാപാത്രമാണ് എനിക്ക് കിട്ടിയത്. യാത്ര ചെയ്യുമ്പോഴല്ലാതെ അന്നൊക്കെ വളരെ ചുരുക്കമായിട്ടേ ഞാന്‍ ജീന്‍സൊക്കെ ധരിക്കാറുള്ളു. അങ്ങനെ തിരുവനന്തപുരത്ത് പോയി എല്ലാം കേട്ടതിന് ശേഷം തിരികെ വന്നു." 

"പിന്നെ യാതൊരു അനക്കവും ഇല്ലാതെയായി. സൂര്യ ടിവിയിലെ താമരത്തുമ്പി എന്നൊരു സീരിയലിലേക്ക് നായികയെ വേണമെന്ന് പറഞ്ഞാണ് പിന്നെ എന്നെ വിളിക്കുന്നത്. മൊബൈലിലൂടെ കുറച്ച് സീനുകള്‍ അഭിനയിച്ചിട്ട് അയച്ച് കൊടുക്കാന്‍ പറഞ്ഞിരുന്നു. അത് കൊടുത്തതിന് ശേഷം സീരിയലില്‍ കിട്ടി. സാധാരണ സീരിയലിലെ നായിക എന്ന് പറയുമ്പോള്‍ കണ്ണീരും കിനാവുമൊക്കെയുള്ള കഥാപാത്രങ്ങളാണ്. പക്ഷേ എന്റെ ആദ്യ സീരിയലില്‍ വളരെ ബോള്‍ഡായിട്ടുള്ള റോളായിരുന്നു. എനിക്കത് താങ്ങാന്‍ പോലും പറ്റാതെയായി. കാരണം ആദ്യമായി അഭിനയിക്കുകയാണല്ലോ." 

"ന്യൂഫേസ് ആയത് കൊണ്ട് റാഗിങ്ങ് പോലെയായിരുന്നു. എന്തേലും തെറ്റി പോയാല്‍ കളിയാക്കുകയുമൊക്കെ ചെയ്യും. നമുക്ക് അറിയാത്ത കാര്യത്തെ കുറിച്ച് പറഞ്ഞ് കളിയാക്കിയാല്‍ പിന്നെ എല്ലാം കൈയ്യില്‍ നിന്നും പോകും". എങ്ങനെ ചെയ്യണം, എന്ത് ചെയ്യണമെന്ന് ഒക്കെ പറഞ്ഞ് തന്ന് ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ തന്നെ സഹായിച്ചിരുന്നെന്നും ദിവ്യ പറയുന്നു.

ALSO READ : ചെക്ക് കേസ്; സംവിധായകന്‍ രാജ്‍കുമാര്‍ സന്തോഷിക്ക് 2 വര്‍ഷത്തെ ജയില്‍ ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!