'റിമോട്ടില്‍ ലൈറ്റ് ഓണ്‍ ചെയ്യുന്ന മുഖ്യമന്ത്രി'; 'വണ്ണി'നായി എടുത്ത ആദ്യ ഷോട്ട് ഇതാണ്

By Web TeamFirst Published Nov 6, 2020, 2:52 PM IST
Highlights

ആദ്യ ഷോട്ട് മമ്മൂട്ടിയുടെ ക്ലോസ് അപ്പ് ആയിരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും 69-ാം സീനിലേക്കുവേണ്ട അത്തരത്തിലൊരു ഷോട്ടാണ് ആദ്യം എടുത്തതെന്നും സംവിധായകന്‍

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മുടങ്ങിയ സിനിമകളുടെ കൂട്ടത്തിലാണ് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍' എന്ന ചിത്രവും. 'കടയ്ക്കല്‍ ചന്ദ്രന്‍' എന്ന കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്. ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന് ടെയില്‍ എന്‍ഡിലേക്കുവേണ്ട ചില പാച്ച് വര്‍ക്കുകള്‍ അവശേഷിക്കുന്നുമുണ്ട്. സിനിമയുടെ ചിത്രീകരണത്തില്‍ നിന്നുള്ള കൗതുകമുണര്‍ത്തുന്ന ഒരു ദൃശ്യം കഴിഞ്ഞ ദിവസം സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ചിത്രീകരണം ആരംഭിച്ച ദിവസത്തെ ആദ്യഷോട്ട് ആയിരുന്നു അത്.

ആദ്യ ഷോട്ട് മമ്മൂട്ടിയുടെ ക്ലോസ് അപ്പ് ആയിരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും 69-ാം സീനിലേക്കുവേണ്ട അത്തരത്തിലൊരു ഷോട്ടാണ് ആദ്യം എടുത്തതെന്നും സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു. 'കടയ്ക്കല്‍ ചന്ദ്രനെ' അവതരിപ്പിക്കുന്ന മമ്മൂട്ടി റിമോട്ട് ഉപയോഗിച്ച് മുന്നിലുള്ള ലൈറ്റ് ഓണ്‍ ചെയ്യുന്നതിന്‍റേതായിരുന്നു ഈ ഷോട്ട്. ആ ദൃശ്യം പങ്കുവച്ചിട്ടുമുണ്ട് സംവിധായകന്‍. ആദ്യ ടേക്കില്‍ തന്നെ ഈ ഷോട്ട് ഓകെ ആയിരുന്നുവെന്നും സന്തോഷ് കുറിയ്ക്കുന്നു.

ടെയില്‍ എന്‍ഡിലേക്കുവേണ്ടചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് അവശേഷിക്കുന്നതെങ്കിലും അത് ആള്‍ക്കൂട്ടം ആവശ്യമുള്ള, ഔട്ട്ഡോറില്‍ ചിത്രീകരിക്കേണ്ട സീക്വന്‍സ് ആണെന്ന് സന്തോഷ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നപക്ഷം ആ രംഗം വേണ്ടെന്ന തീരുമാനമാവും തങ്ങള്‍ സ്വീകരിക്കുകയെന്നും. സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച സിനിമയുടെ സിജിഐയും സംഗീതവും ലോക്ക് ഡൗണില്‍ പൂര്‍ത്തിയായിരുന്നു.

click me!