
തെന്നിന്ത്യൻ സിനിമാസ്വാദകർക്കിടയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയും കാത്തിരിപ്പും ഉയർത്തുന്ന ചിത്രമാണ് ടോക്സിക്. കെജിഎഫ് എന്ന മെഗാ ബ്ലോക് ബസ്റ്റർ ചിത്രത്തിന് പിന്നാലെ യാഷ് നായകനായി എത്തുന്ന ചിത്രം എന്നതാണ് ടോക്സിക്കിന്റെ പ്രധാന യുഎസ്പി. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആയതോടെ മലയാളികൾക്കിടയിലും ടോക്സിക് ചർച്ചയായി മാറി. അടുത്തിടെയായി സിനിമയിലെ അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ടുള്ള അപ്ഡേറ്റുകളെല്ലാം പുറത്തുവന്നിരുന്നു. ഇന്നിതാ യാഷിന്റെ ക്യാരക്ടർ ടീസർ ആണ് പ്രേക്ഷക ശ്രദ്ധനേടിയിരിക്കുന്നത്. യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ടീസറിന് വിമർശനവും ട്രോളുകളുമാണ് ഉയരുന്നത്.
റായ എന്നാണ് യാഷിന്റെ കഥാപാത്ര പേര്. ആക്ഷനും മാസിനും ഒപ്പം 'അശ്ലീലത'യും കൂട്ടിച്ചേർത്താണ് ടീസർ പുറത്തിറക്കിയത്. പിന്നാലെ പ്രതികരണവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തി. കസബ സിനിമയുമായി ബന്ധപ്പെട്ട് ഗീതു മോഹൻദാസ് ഉൾപ്പടെയുള്ളവർ മുൻപ് പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിലെ പല പോസ്റ്റുകളും. "അന്ന് കസബയ്ക്ക് എതിരെ പറഞ്ഞവരാണ് ഇപ്പോൾ, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോർഡർ കഴിഞ്ഞാൽ പ്രശ്നമില്ലെന്നാണോ", എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
"യാഷിന്റ ബർത്ത് ഡേയ് ആയിട്ട് ഇങ്ങനെ ഒരു പണി വേണ്ടായിരുന്നു. ഇതെന്തോന്ന് ആണ് എടുത്തു വെച്ചേക്കുന്നേ? പണ്ട് മമ്മൂക്ക കസബയിൽ എന്തോ ചെയ്തു എന്ന് പറഞ്ഞ് ഇവരൊക്കെ എന്തൊക്കെ പറഞ്ഞതാണ്. എന്നിട്ട് ആണ് ഇമ്മാതിരി ഒരു ഐറ്റം", എന്നാണ് മറ്റൊരാളുടെ പോസ്റ്റ്. യാഷിന്റെ ലുക്ക് കൊള്ളില്ലെന്നും ആകെയുള്ളത് ബിജിഎം മാത്രമാണെന്നും ഇവർ പറയുന്നു. "ടോക്സിക് എന്ന പേരിട്ട് നന്മ പടം എടുക്കില്ലെന്ന് അറിയാം. പക്ഷേ ഇതൊക്ക കുറച്ചു ഓവർ അല്ലേ ഗീതു മോഹൻദാസ്", എന്നും ഇവർ ചോദിക്കുന്നുണ്ട്.
അതേസമയം, ടീസറിനെ പ്രശംസിക്കുന്നവരും ധാരാളമാണ്. 'ഇപ്പൊ തന്നെ ജഡ്ജ് ചെയ്യാൻ പോയാൽ മിക്കവാറും വടി പിടിക്കും എന്നാണ് എന്റെ തോന്നൽ. ഒരുപക്ഷെ പടം ഇതൊന്നും ആയിരിക്കില്ല', "ആണുങ്ങളുടെ ടോക്സിസിറ്റിയെ പറ്റി അല്ലെ പടം. സബ്ജക്ട് അതാണല്ലോ. അപ്പോൾ അതല്ലേ കാണിക്കുന്നത്', സിനിമ ഇറങ്ങട്ടെ. അതിൽ അവരുടെ നിലപാടിന് വിരുദ്ധമായത് ആണെങ്കിൽ ട്രോളണം. ഇതിപ്പോൾ പോസ്റ്റർ ആൻഡ് ട്രെയ്ലർ അല്ലെ ആയിട്ടുള്ളൂ. കഥ അറിയില്ലല്ലോ", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. നേരത്തെ പ്രൊമോ വീഡിയോയിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന പേരിലും ഇത്തരത്തിൽ വിമർശനം ഉയർന്നിരുന്നു.