'പൂച്ചെടികളില്‍ തൊട്ടാല്‍ കൈവെട്ടുമെന്ന് പാര്‍വ്വതി പറഞ്ഞു'; കൊവിഡ് കാലത്തെ പച്ചക്കറി കൃഷിയെക്കുറിച്ച് ജയറാം

By Web TeamFirst Published Aug 29, 2020, 6:04 PM IST
Highlights

സംസ്കൃതഭാഷയിലുള്ള നമോ എന്ന സിനിമയാണ് ജയറാമിന്‍റേതായി ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുരാണത്തിലെ കൃഷ്‍ണ-കുചേല കഥയാണ് ചിത്രം ആവിഷ്‍കരിക്കുന്നത്. 

ലോക്ക് ഡൗണ്‍ കാലത്ത് താനും മകന്‍ കാളിദാസും ചേര്‍ന്ന് ചെന്നൈയിലെ വീട്ടുപരിസരത്ത് വിജയകരമായി നടത്തിയ പച്ചക്കറി കൃഷിയെക്കുറിച്ച് ജയറാം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രഭാത പരിപാടിയായ നമസ്തേ കേരളത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയറാം. ലോക്ക് ഡൗണിന്‍റെ ആദ്യ രണ്ടുമൂന്ന് ആഴ്ചകളില്‍ വീട്ടിനകത്തെ പണികളില്‍ പങ്കാളിയായെന്നും എന്നാല്‍ പിന്നീട് അത് മടുത്തതുകൊണ്ട് മറ്റെന്ത് ചെയ്യാനാവുമെന്ന് ആലോചിച്ചുവെന്നും ജയറാം പറഞ്ഞു. 

"മകനാണ് എന്നോട് ചെന്നൈയിലെ വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കാര്യം ആദ്യം പറയുന്നത്. സ്ഥലം കുറവായിരുന്നു. ഉള്ളസ്ഥലത്ത് ഭാര്യയുടെ പൂന്തോട്ടമായിരുന്നു. അത് കളഞ്ഞിട്ട് പച്ചക്കറി ചെയ്ത് നോക്കിയാലോ എന്ന് ആലോചിച്ചു. ഭാര്യ ആദ്യം സമ്മതിച്ചില്ല. പൂച്ചെടികളില്‍ തൊട്ടാല്‍ കൈവെട്ടുമെന്ന് പറഞ്ഞു. ഒരുപാട് ചെടികളൊക്കെ പറിച്ചുകളയേണ്ടിവന്നു. വേറെ സ്ഥലം ഇല്ലാത്തതുകൊണ്ട്. മെയ് പകുതി മുതല്‍ കൃഷിപ്പണി തുടങ്ങി. നടാവുന്നത്രയും നട്ടു. അതെല്ലാം വിജയം കണ്ടു. ഓണത്തിന് ഇഷ്ടം പോലെ പച്ചക്കറി ഞങ്ങള്‍ക്ക് കിട്ടും. അടുത്തുള്ള വീടുകളില്‍ കൊടുക്കാനും കാണും", ജയറാം പറയുന്നു.

സംസ്കൃതഭാഷയിലുള്ള നമോ എന്ന സിനിമയാണ് ജയറാമിന്‍റേതായി ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുരാണത്തിലെ കൃഷ്‍ണ-കുചേല കഥയാണ് ചിത്രം ആവിഷ്‍കരിക്കുന്നത്. കുചേലന്‍റെ വേഷത്തിലാണ് ജയറാം എത്തുന്നത്. കഥാപാത്രത്തിനു വേണ്ടി 15 കിലോ ശരീരഭാരം കുറച്ചിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് വിജീഷ് മണിയാണ്. തിരക്കഥ യു പ്രസന്നകുമാര്‍, എസ് എന്‍ മഹേഷ് ബാബു എന്നിവര്‍. സൻകാർ ദേശായി, മമനയൻ,  പ്രകാശ്, മഹിന്ദർ റെഡി, കൃഷ്ണ ഗോവിന്ദ്, അഞ്ജലി നായർ, മൈഥിലി ജാവേക്കർ, മീനാക്ഷി, സാനിയ, മാസ്റ്റർ സായന്ത്, മാസ്റ്റർ എലൻജിലോ, ബേബി കല്യാണി തുടങ്ങിയവർ അഭിനയിച്ചിരിക്കന്നു. നിര്‍മ്മാണം അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്.

click me!