'സ്ഫടികം കണ്ട മാധവിക്കുട്ടി എന്നോട് പറഞ്ഞത്'; ഭദ്രന്‍റെ ഓര്‍മ്മ

By Web TeamFirst Published Mar 31, 2021, 12:19 PM IST
Highlights

റിലീസിന്‍റെ 25-ാം വാര്‍ഷികത്തിന് ചിത്രത്തിന്‍റെ ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തിയ പതിപ്പ് തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം കാരണം അത് നടന്നില്ല

മലയാളത്തിന്‍റെ എവര്‍ഗ്രീന്‍ ഹിറ്റ് ആയ 'സ്ഫടികം' പുറത്തിറങ്ങിയിട്ട് 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയായത് ഇന്നലെ ആയിരുന്നു. 1995 മാര്‍ച്ച് 30നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. റിലീസിന്‍റെ 25-ാം വാര്‍ഷികത്തിന് ചിത്രത്തിന്‍റെ ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തിയ പതിപ്പ് തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം കാരണം അത് നടന്നില്ല. ഇതു സംബന്ധിച്ച ഒരുക്കങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. റീ-റിലീസ് ടീസര്‍ തെരഞ്ഞെടുപ്പിനു ശേഷം വൈകാതെ എത്തുമെന്ന് ഭദ്രന്‍ ഇന്നലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പഴയൊരു ഓര്‍മ്മ കൂടി പങ്കുവെക്കുകയാണ് ഭദ്രന്‍.

പ്രശസ്‍ത എഴുത്തുകാരി കമല സുരയ്യ സ്ഫടികത്തിലെ മോഹന്‍ലാലിന്‍റെ അഭിനയമികവ് കണ്ടിട്ട് തന്നോട് പറഞ്ഞതിനെക്കുറിച്ചാണ് ഭദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. "എഴുത്തിന്‍റെ മുത്തശ്ശി മാധവിക്കുട്ടി സ്ഫടികത്തിലെ ലാലിന്‍റെ  അഭിനയ മികവ് കണ്ട് എന്നോട് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. 'ഇതുപോലൊരു തെമ്മാടി ചെറുക്കൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ...'. ഇതിന് ആയിരം ആയിരം അർത്ഥങ്ങൾ അവർ കണ്ടിരുന്നിരിക്കാം. ഈ ദിവസം ഞാൻ അവരെ കൂടി ഓര്‍മ്മിക്കുകയാണ്. ഇതിന്‍റെ ഡിജിറ്റല്‍ വെര്‍ഷന്‍ അവരോടൊപ്പം കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...", ഭദ്രന്‍ കുറിച്ചു.

സ്ഫടികം ഡിജിറ്റല്‍ റെസ്റ്റൊറേഷനെക്കുറിച്ച് ഭദ്രന്‍ മുന്‍പ് പറഞ്ഞത്

സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുന്നുമുണ്ട്. പ്രസാദ് ലാബിലാണ് റെസ്റ്റൊറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. അമേരിക്കയിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. സിനിമയുടെ നിര്‍മ്മാതാവ് ആര്‍ മോഹനില്‍ നിന്ന് വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം വാങ്ങിയിട്ടുണ്ട്. രണ്ട് കോടിയോളം മുതല്‍മുടക്കിലാണ് റീ റിലീസിംഗ്. 25-ാം വാര്‍ഷിക ദിനത്തില്‍ മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അത് മാറ്റിവച്ചിരിക്കുകയാണ്.

click me!