
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരസംഘടനയായ അമ്മയിൽ ജനറൽ ബോഡി തെരഞ്ഞെടുപ്പ്(Amma General Body Meeting) നടന്നത്. നാളുകൾക്ക് ശേഷം എല്ലാ താരങ്ങളും ഒത്തു കൂടിയ പരിപാടി കൂടി ആയിരുന്നു അത്. മമ്മൂട്ടി, മോഹൻലാൽ, ജയസൂര്യ, നിവിൻ പോളി, ആസിഫ് അലി, ടൊവീനോ തോമസ് തുടങ്ങി എല്ലാവരും തന്നെ മീറ്റിങ്ങിനായി എത്തിയിരുന്നു.
താരങ്ങളുടെ മാസ് എൻട്രിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മമ്മൂട്ടി മാസ് ലുക്കിൽ എത്തിയപ്പോൾ, മലയാള തനിമയോടെയാണ് മോഹൻലാൽ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് കഴിഞ്ഞു.
അതേസമയം, ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ തെരഞ്ഞെടുപ്പിൽ ജയിച്ചു. ഒദ്യോഗിക പാനലിൻ്റെ ഭാഗമായി മത്സരിച്ച നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവർ പരാജയപ്പെടുകയും ചെയ്തു.
ഔദ്യോഗിക പാനലിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി. ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ളരാജുവും എത്തും.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലെന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്. ഇവർക്കെതിരെ വിജയ് ബാബു,ലാൽ, നാസർ ലത്തീഫ് എന്നിവർ മത്സരിക്കാൻ രംഗത്ത് എത്തി. ഫലം വന്നപ്പോൾ ഔദ്യോഗിക പാനലിലെ ഒൻപത് പേർ വിജയിച്ചു. നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ലാലും വിജയ് ബാബും അട്ടിമറി ജയം നേടിയപ്പോൾ വിമതനായി മത്സരിച്ച നാസർ ലത്തീഫ് പരാജയപ്പെട്ടു.