Santhwanam : അപ്പുവും അഞ്ജുവും തമ്മിലടിക്കുമോ ? സാന്ത്വനം റിവ്യു

Web Desk   | Asianet News
Published : Mar 13, 2022, 07:23 PM IST
Santhwanam : അപ്പുവും അഞ്ജുവും തമ്മിലടിക്കുമോ ?  സാന്ത്വനം റിവ്യു

Synopsis

കണ്ണനോട് ലച്ചു മോശമായി പെരുമാറുന്നത് കാണുന്ന അഞ്ജു പ്രതികരിക്കുന്നുണ്ട്. ലച്ചുവിനോടുള്ള ദേഷ്യം മുഴുവനായി അഞ്ജു കണ്ണനോട് തീര്‍ക്കുകയായിരുന്നു.

കുടുംബബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ മനോഹരമായ നിറക്കൂട്ടുകളോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പരയാണ് 'സാന്ത്വനം' (Santhwanam Serial). കൂട്ടുകുടുംബത്തിന്റെ നന്മയും പ്രശ്‌നങ്ങളുമെല്ലാം പരമ്പര നേരോടെ കാണിക്കുന്നു. എവിടേയും കാണുന്നതുപോലെയുള്ള രസകരമായ നിമിഷങ്ങളും, ചെറിയ പ്രശ്നങ്ങളുമെല്ലാം 'സാന്ത്വനം' വീട്ടിലും കാണാം. ഇടയ്ക്കെല്ലാം 'സാന്ത്വനം' വീട് നമ്മുടെ വീടാണല്ലോ എന്ന് തോന്നിക്കുന്നതാണ് പരമ്പരയുടെ ഏറ്റവും വലിയ വിജയം. സഹോദരങ്ങളും അവരുടെ ഭാര്യമാരും അമ്മയുമെല്ലാം അടങ്ങിയ ഇവരുടെ കുടുംബങ്ങളാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ. ബാലന്‍, ഹരി, ശിവന്‍, കണ്ണന്‍ എന്നീ സഹോദരങ്ങളില്‍ മുന്ന് പേര്‍ വിവാഹിതരാണ്. ഹരി വിവാഹം കഴിച്ചത്, നാട്ടുപ്രമാണിയായ തമ്പിയുടെ മകളായ അപര്‍ണയെയാണ്. അപര്‍ണ്ണയുടേയും കുടുംബക്കാരുടേയും കോലാഹലങ്ങാണ് ഇപ്പോള്‍ പരമ്പരയിലെ മുഖ്യ വിഷയം.

വിവാഹം കഴിഞ്ഞ് ചെറിയ വീട്ടില്‍ കഴിയുന്ന മകളെയോര്‍ത്ത് തമ്പിക്ക് ആശങ്കകളാണ്. ഒരു അച്ഛന്റെ വേദനകളെ പ്രേക്ഷകര്‍ക്ക് മനസിലാകുന്നുണ്ടെങ്കിലും, ഒരച്ഛന്റെ ആശങ്കകള്‍ മറികടക്കാനായി തമ്പി ചെയ്യുന്നത് വളരെ മോശമായ കാര്യങ്ങളാണ് എന്നതാണ് പ്രശ്‌നം. മകളേയും മരുമകനേയും വീട്ടിലേക്ക് കൊണ്ടുപോകാനായി തമ്പി പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, ഹരി അതിന് സമ്മതിക്കുന്നില്ല. തന്റെ സാന്ത്വനം വീട്ടുകാരെ മറന്നുള്ള ഒരു ജീവിതം വേണ്ട എന്നാണ് ഹരി പറയുന്നത്. അതുകൊണ്ടുതന്നെ മകളെ വീട്ടിലേക്ക് കൊണ്ടുവരാനായി ഏറ്റവും മോശമായ പലതും തമ്പി കാണിക്കുന്നുണ്ട്. സാന്ത്വനം വീട്ടിലുള്ളവരെ പോലീസ് കേസില്‍ പെടുത്തുക, മറ്റ് ആളുകളെ ഉപയോഗിച്ച് അപമാനിക്കുക തുടങ്ങിയ മോശം കാര്യങ്ങളെല്ലാം തമ്പി കാണിക്കുന്നുണ്ട്.

വീട്ടുകാരെ തമ്മിലടിപ്പിച്ച് മകളെ വീട്ടിലേക്ക് കൊണ്ടുവരിക എന്നതാണ് സഹോദരിയായ ലച്ചുവിന്റെ ദൗത്യം. അത് വളരെ 'മോശമായ രീതിയില്‍' ചെയ്യാന്‍ ലച്ചുവിന് സാധിക്കുന്നുമുണ്ട്. വീട്ടിലേക്ക് പുതിയ ഇലക്ട്രോണിക്ക് സാധനങ്ങളും, നിത്യോപയോഗ സാധനങ്ങളും വാങ്ങി സാന്ത്വനത്തിലുള്ളവരെ കൊച്ചാക്കാനുള്ള ശ്രമം ലച്ചു നടത്തുന്നുണ്ട്. അതിനായി പുതിയ കിടക്ക, ഗ്യാസ് സ്റ്റൗവ്, വാഷിംഗ് മെഷീന്‍ എന്നിവയെല്ലാം സാന്ത്വനം വീട്ടില്‍ എത്തുന്നുണ്ട്. ഇതെല്ലാം കണ്ടപ്പോള്‍ തന്നെ വീട്ടില്‍ പുതിയ പൊട്ടിത്തെറികള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രേക്ഷകര്‍. അതുപോലെതന്നെ സംഭവിച്ചിരിക്കുകയാണ്.

കോളേജ് വിദ്യാര്‍ത്ഥിയാണെങ്കിലും കുട്ടിത്തം വിട്ടുമാറാത്ത കഥാപാത്രമാണ് കണ്ണന്റേത്. വീട്ടിലെ ഏറ്റവും ഇളയവന്‍ എന്ന ലാളനകൊണ്ടാകും കണ്ണന്‍ കുട്ടിക്കളിയുമായി ഇപ്പോഴും നടക്കുന്നതും. ഒരു കൂട്ടായ്മയുള്ള കൂട്ടുകുടുംബത്തില്‍ ജനിച്ച് വളര്‍ന്നതിനാല്‍ ആളുകളുടെ മോശം സ്വഭാവത്തെക്കുറിച്ച്  കണ്ണന്‍ അധികം ബോധവാനല്ല. വീട്ടില്‍ ഓരോ പുതിയ വസ്തു എത്തുമ്പോഴും അത് ട്രൈ ചെയ്യാന്‍ കണ്ണന്‍ ശ്രമിക്കുന്നുണ്ട്. അപ്പുവിന്റെ ലച്ചു അപ്പച്ചി വാങ്ങിയ കിടക്കയില്‍ കയറിയതിന് കണ്ണന് ലച്ചുവിന്റെ കയ്യില്‍നിന്ന് കണക്കിന് ചീത്ത കേട്ടതാണ്. ഇപ്പോള്‍ വാഷിംഗ് മെഷീന്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതും പ്രശ്‌നമായിരിക്കുകയാണ്. പുതിയ വാഷിംഗ് മെഷീനില്‍ അലക്കാനുള്ള തുണികള്‍ കണ്ണന്‍ ഇടുന്നത് കണ്ടുവന്ന ലച്ചു, അതെല്ലാമടുത്ത് പുറത്തിടുന്നുണ്ട്.

കണ്ണനോട് ലച്ചു മോശമായി പെരുമാറുന്നത് കാണുന്ന അഞ്ജു പ്രതികരിക്കുന്നുണ്ട്. ലച്ചുവിനോടുള്ള ദേഷ്യം മുഴുവനായി അഞ്ജു കണ്ണനോട് തീര്‍ക്കുകയായിരുന്നു. എന്തിനാണ് വല്ലവരും വാങ്ങിയ സാധനം ഉപയോഗിക്കുന്നതെന്നും, തമ്പുരാട്ടി ഭാവത്തോടെ നടക്കുന്നവരുടെ ഔദാര്യം പറ്റരുതെന്നുമാണ് അഞ്ജു പറയുന്നത്. എന്നാല്‍ അഞ്ജുവിന്റെ സംസാരം ഇഷ്ടമാകാത്ത ലച്ചു അഞ്ജുവിനോട് കയര്‍ക്കുന്നു. സൂക്ഷിച്ച് സംസാരിക്കണമെന്നും മറ്റും പറഞ്ഞ് ലച്ചു അഞ്ജുവിനോട് ദേഷ്യപ്പെടുകയാണ്. എന്നാല്‍ തന്നെ മര്യാദ പഠിപ്പിക്കേണ്ടെന്നും, നിങ്ങള്‍ മര്യാദ പഠിക്കെന്നുമാണ് അഞ്ജു പറയുന്നത്. ഇത് കേട്ടുകൊണ്ടാണ് അപ്പു രംഗത്തേക്ക് എത്തുന്നത്. എന്റെ അപ്പച്ചിയോട് മോശമായി പെരുമാറിയല്ലേ, എന്ന് ചോദിച്ചാണ് അപ്പു തുടങ്ങുന്നത്. സാന്ത്വനം വീട് ശരിക്കും കലഹവീട് ആകുമോ എന്ന് അറിയാനായി വരും എപ്പിസോഡുകള്‍ കാണാം.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍