തന്നെക്കൂട്ടാതെ കേക്കുമുറിയും ഫോട്ടോയെടുപ്പും : തലവെട്ടിയൊട്ടിച്ച് മാസ്സായി ജിഷിന്‍

By Web TeamFirst Published Oct 14, 2020, 7:13 PM IST
Highlights

ജീവിതനൗക പരമ്പരയുടെ നൂറാം എപ്പിസോഡിന്റെ ആഘോഷത്തിന് തന്നെ കൂട്ടാത്തതിന്റെ പരിഭവവും, പരമ്പര നല്‍കുന്ന സന്തോഷത്തെക്കുറിച്ചുമെല്ലാമാണ് ജിഷിന്റെ പുതിയ കുറിപ്പ്.

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ ദമ്പതികളാണ് ജിഷിനും വരദയും. ഇവരുടെ മകന്‍ ജിയാനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്. സോഷ്യല്‍മീഡിയയില്‍ സജീവമാകുകയും, ആരാധകരോട് നിരന്തരം സംവദിക്കുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിലൊരാളാണ് ജിഷിന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജിഷിന്‍ നിലവില്‍ അഭിനയിക്കുന്ന ജീവിതനൗക പരമ്പരയുടെ നൂറാം എപ്പിസോഡിന്റെ ആഘോഷത്തിന് തന്നെ കൂട്ടാത്തതിന്റെ പരിഭവവും, പരമ്പര നല്‍കുന്ന സന്തോഷത്തെക്കുറിച്ചുമെല്ലാമാണ് ജിഷിന്റെ പുതിയ കുറിപ്പ്. വില്ലത്തരങ്ങള്‍മാത്രം കാണിച്ചുനടന്ന തനിക്കുകിട്ടിയ ആദ്യത്തെ പോസിറ്റീവ് കഥാപാത്രമാണ് ജീവിതനൗകയിലെ സുധിയെന്നും, ഈ വേഷം തന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദിയുണ്ടെന്നുമെല്ലാമാണ് ജിഷിന്റെ കുറിപ്പിലുള്ളത്. തന്റെ സ്വതസിദ്ധമായ ഭാഷയിലെ എഴുത്ത് ജിഷിന്റെ ആരാധകരെല്ലാംതന്നെ ഏറ്റെടുത്തുകഴിഞ്ഞു.

ജിഷിന്റെ കുറിപ്പിങ്ങനെ

'ജീവിതനൗക സീരിയല്‍ നൂറിന്റെ നിറവില്‍. നൂറ് എപ്പിസോഡ് തികഞ്ഞന്ന് ഞാനും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. അന്നൊന്നും കേക്ക് കട്ട് ചെയ്യാനും ഫോട്ടോ എടുക്കാനും ഞാനെങ്ങും കണ്ടില്ല ഒരാളെയും. എന്നിട്ട് ഞാന്‍ ഇല്ലാത്ത അടുത്ത ദിവസം ഭയങ്കര കേക്ക് കട്ടിങ്ങും ഫോട്ടോ എടുപ്പും ആഘോഷവും. എന്ത് ദ്രാവിഡ് ആണല്ലേ? പക്ഷെ നമ്മള് വിടുവോ? ഇവര്‍ എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ എടുത്തൊട്ടിച്ചു നമ്മടെ പോട്ടം. അല്ലെങ്കില്‍ ഞാന്‍ ഇതു പോസ്റ്റ് ചെയ്യുമ്പോള്‍ എന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ ചോദിക്കില്ലേ.. മ്മടെ സൂപ്പര്‍സ്റ്റാര്‍ ജിഷിന്‍ എവിടെ എന്ന്? (അതിനെടേല്‍ കൂടെ ഒരു തള്ള്??) ഇതിലെ പ്രധാന കഥാപാത്രമായ സുധിയില്ലാതെ എന്താഘോഷം. അല്ലേ? വില്ലന്‍ കഥാപാത്രങ്ങളും, വില്ലനും പോസിറ്റീവും ചേര്‍ന്ന കഥാപാത്രങ്ങളും ഒക്കെ ചെയ്ത് കണ്ണുരുട്ടി നടന്നോണ്ടിരുന്ന എനിക്ക് ആറ്റുനോറ്റ് കിട്ടിയ ഒരു പക്കാ പോസിറ്റീവ് കഥാപാത്രമാണ് ജീവിതനൗകയിലെ സുധി. ഈ കഥാപാത്രത്തിനു എന്നെ സെലക്ട് ചെയ്ത ഡയറക്ടര്‍ ജി.ആര്‍ കൃഷ്ണനും, പ്രൊഡ്യൂസര്‍ ശ്രീമൂവീസ് ഉണ്ണിത്താന്‍ സാറിനും, റൈറ്റര്‍ ജോര്‍ജ് കട്ടപ്പനയ്ക്കും എന്റെ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. (ഭയങ്കര ഫോര്‍മല്‍ ആയിപ്പോയി. അല്ലേ. സാരമില്ല. ഇതിങ്ങനെയേ പറയാന്‍ സാധിക്കൂ). 100 എപ്പിസോഡിന്റെ ആഘോഷത്തിന് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. സാരമില്ല. 200ഉം, 500ഉം, ആയിരവും ഒക്കെ വരാന്‍ കിടക്കുന്നതല്ലേ ഉള്ളു. അതില്‍ എന്റെ നിറസാന്നിധ്യം കാണാം. അപ്പോള്‍ ജീവിതനൗക കാണാന്‍ മറക്കരുത്.'

click me!