
സൂപ്പർ സ്റ്റാർ രജനികാന്തും കമലഹാസനും ഒന്നിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി വില്ലനാകുമെന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം. നിരവധി സിനിമയുമായി ബന്ധപ്പെട്ട പേജുകളിലാണ് അഭ്യൂഹം പ്രചരിക്കുന്നത്. എന്നാൽ, മമ്മൂട്ടിയോ ചിത്രത്തിലെ അണിയറക്കാരോ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. നേരത്തെ രജനി ചിത്രമായ ജയിലറിൽ വിനായകൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തെ മമ്മൂട്ടിയെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ ക്ലൈമാക്സ് സംബന്ധിച്ച ആശയക്കുഴപ്പം കാരണം വിനായകനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് നെൽസൻ പിന്നീട് പറഞ്ഞിരുന്നു. സമീപകാലത്ത് ഭ്രമയുഗം, പുഴു, കളങ്കാവല്‍ എന്നീ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തിലെത്തിയ മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഭ്രമയുഗത്തിന് സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു.
തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് തലൈവർ 173. കമൽഹാസന്റെ നിർമാണത്തിൽ രജനികാന്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് കുമാർ ആണ്. സിനിമയുടെ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെ ആവേശം ഇരട്ടിയാക്കി ആദ്യ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുയാണ് അണിയറ പ്രവർത്തകർ. തീം മ്യൂസിക്കിന്റെ പ്രൊമോ വീഡിയോ ആണിത്. കമൽഹാസന്റേയും രജനികാന്തിന്റെയും സ്റ്റൈലിഷ് ലുക്കാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം അനിരുദ്ധിന്റെ മാസ് മ്യൂസിക്കും കൂടി ആയപ്പോൾ തലൈവർ 173 പ്രൊമോ കളറായി മാറിയിട്ടുണ്ട്. നെൽസണും അനിരുദ്ധും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യാര് ഹീറോ? എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. 47 വർഷത്തിന് ശേഷമാണ് കമലും രജനിയും ഒന്നിക്കുന്നത്.