സംവിധായകരെയും നിര്‍മ്മാതാവിനെയും ഇന്റര്‍വ്യൂ ചെയ്യുന്ന 'ഇട്ടിമാണി'; ഓണാശംസകളുമായി മോഹന്‍ലാല്‍

By Web TeamFirst Published Sep 10, 2019, 3:51 PM IST
Highlights

'ലൂസിഫറി'ന് ശേഷം വരുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ 'ഇട്ടിമാണി'യുടെ കാര്യത്തില്‍ ഭയമുണ്ടായിരുന്നുവെന്ന് ഇരട്ടസംവിധായകരില്‍ ഒരാളായ ജിബി പറയുന്നു. എന്നാല്‍ സിനിമ ജനം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും.

മോഹന്‍ലാലിന്റെ ഓണച്ചിത്രമായി തീയേറ്ററുകളിലെത്തിയ 'ഇട്ടിമാണി' മികച്ച കളക്ഷനുമായി മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണം പോലെ മലയാളസിനിമയുടെ ഏറ്റവും പ്രധാന സീസണ്‍ മുന്നില്‍ക്കണ്ടുള്ള ഫെസ്റ്റിവല്‍ മൂഡ് ചിത്രമാണ് 'ഇട്ടിമാണി'. ആരാധകര്‍ക്കുള്ള ഓണാശംസകളുമായി കൗതുകമുണര്‍ത്തുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ സംവിധായകരായ ജിബി-ജോജുവിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും ഇന്റര്‍വ്യൂ ചെയ്യുന്ന മോഹന്‍ലാല്‍ ആണ് വീഡിയോയില്‍. 

'ലൂസിഫറി'ന് ശേഷം വരുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ 'ഇട്ടിമാണി'യുടെ കാര്യത്തില്‍ ഭയമുണ്ടായിരുന്നുവെന്ന് ഇരട്ടസംവിധായകരില്‍ ഒരാളായ ജിബി പറയുന്നു. എന്നാല്‍ സിനിമ ജനം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും. ഒരു അഭിനേതാവിന് ഇത്തരം റോളുകള്‍ കിട്ടുക എന്നത് ഭാഗ്യമാണെന്നാണ് ഇതിനോടുള്ള മോഹന്‍ലാലിന്റെ പ്രതികരണം. 'ഒരു ആക്ഷന്‍ പടത്തിന് ശേഷം ഒരു ഹ്യൂമര്‍ പടം വരുക എന്ന് പറയുന്നത്.. പണ്ടുകാലത്ത് എനിക്ക് അത് സാധിച്ചിട്ടുണ്ട്. അരവിന്ദേട്ടന്റെയും പത്മരാജന്‍ സാറിന്റെയുമൊക്കെ സിനിമ ചെയ്യുന്ന സമയത്ത് ശശികുമാറിന്റെയും തമ്പി കണ്ണന്താനത്തിന്റെയും ഐ വി ശശിയുടെയും സിനിമകളും ചെയ്യുമായിരുന്നു', മോഹന്‍ലാല്‍ പറയുന്നു. മുഴുവന്‍ മലയാളികള്‍ക്കും ഓണാശംസകളും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

തൃശ്ശൂര്‍ പശ്ചാത്തലമാക്കിയ സിനിമയാണ് 'ഇട്ടിമാണി'. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. 'ഇട്ടിമാണി'യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.

click me!